Wednesday, November 20, 2013

ഐ എൻ എസ് വിക്രമാദിത്യയും പഴയ സ്കൂട്ടറിലെ പെയിന്റടിയും

ഐ എൻ എസ് വിക്രമാദിത്യ റഷ്യ പൊളിക്കാൻ ഇട്ട അഡ്മിറൽ ഗോർഷ്കോവ് എന്ന ഏതോ ഒരു തല്ലിപ്പൊളി കപ്പൽ ഇന്ത്യ പെയിന്റ് മാറ്റി അടിച്ച് എടുത്ത് കൊണ്ടുവന്നിരിക്കുക ആണെന്നും പഴയ ബജാജ് സ്കൂട്ടർ ഒക്കെ ഓടിച്ച പരിചയത്തിന്റെ ഒക്കെ പുറത്ത് ഇത് തള്ളി സ്റ്റാർട്ടാക്കേണ്ട ഗതികേട് വന്നാലോ എന്നൊക്കെ ആശങ്കപ്പെടുകയും ചെയ്യുന്ന ചില പോസ്റ്റുകൾ കാണാൻ ഇടയായി. ഇത് വിക്രമാദിത്യയെ പറ്റി വേണ്ടത്ര അറിയാതെ ഉള്ള കമന്റുകളാണു.

അഡ്മിറൽ ഗോർഷ്കോവ് എന്ന കപ്പൽ യു എസ് എസ് ആർ നേവി 1987ല് നിർമ്മിച്ച് പുറത്തിറക്കിയപ്പോഴേക്ക് അത് കൊണ്ട് നടക്കാനുള്ള സാമ്പത്തിക ശേഷി ആ രാജ്യത്തിനു ഇല്ലാതായിക്കഴിഞ്ഞിരുന്നു. അത് കാരണം പൂർണ്ണമായി ഉപയോഗിക്കാൻ സാമ്പത്തികപരാധീനത കാരണം കഴിയാതെ 1996ല് ഡീകമ്മീഷൻ ചെയ്യുക ആയിരുന്നു. അതായത് യൂസ്ഫുൾ ലൈഫ് കഴിഞ്ഞ ഉപയോഗശൂന്യമായ ഒരു സാധനം അല്ല റഷ്യക്കാരുടെ കൈയ്യിലിരിക്കുമ്പോൾ തന്നെ എന്നർത്ഥം. റഷ്യൻ നേവൽ സിദ്ധാന്തപ്രകാരം ഒരു വിമാനവാഹിനിക്കപ്പൽ ആയി അല്ല ഗോർഷ്കോവ് വിഭാവനം ചെയ്യപ്പെട്ടതും നിർമ്മിക്കപ്പെട്ടതും. വിമാനങ്ങളുടെ അകമ്പടിയുള്ള ഒരു മിസൈൽ ക്രൂയിസർ ബോട്ട് ആയിരുന്നു റഷ്യൻ നേവിയിൽ ഗോർഷ്കോവ്. (1990കളിൽ സോവിയറ്റ് യൂണിയൻ തകർച്ചയും തുടർന്ന് ഷ്യ എന്ന ചെറു രാജ്യമായി മാറുകയും ചെയ്യുന്നതിനിടയിൽ അനിശ്ചിതത്വത്തിൽ വീണു പോയ ഒരു പഴയ ലോകശക്തിയുടെ ആയുധനിർമ്മാണ ശേഷി ചുളു വിലയ്ക്ക് ഉപയോഗപ്പെടുത്തുക ആണു ഇന്ത്യൻ പ്രതിരോധമന്ത്രാലയം ചെയ്തത്. റ്റി 70 ടാകുകൾ തൊട്ട് സുഖോയ് വിമാനങ്ങളും ബ്രഹ്മോസ് മിസൈൽ വരെയും ഇന്ത്യ ഈ വഴിക്ക് സ്വന്തമാക്കിയതാണു. പണത്തിനു ഞെരുങ്ങിയ റഷ്യയ്ക്ക് അവരുടെ ആയുധനിർമ്മാനശേഷി നശിക്കാതെ ഫാക്ടറികളും ഗവേഷണവും നിലനിർത്തുന്നതിനു ഈ ഡീലുകൾ വളരെ സഹായകമാവുകയും ചെയ്തു.)

ഐ എൻ എസ് വിരാട് എന്ന് നിലവിലെ വിമാനവാഹിനിയുടെ ഡീക്കമ്മീഷനിങ്ങ് അടുത്ത് വരുന്നതിനും ഇന്ത്യ സ്വന്തമായി നിർമ്മിക്കുന്ന വിമാനവാഹിനികൾ പുറത്തിറങ്ങുന്നതിനുമിടയിൽ കുറച്ച് വർഷങ്ങളുടെ ഗ്യാപ്പ് രൂപപ്പെടുന്നത് മുങ്കൂട്ടി കണ്ട ഇന്ത്യ അഡ്മിറൽ ഗോർഷ്കോവ് എന്ന കൂറ്റൻ കപ്പലിൽ ഒരു വിമാനവാഹിനിയെ കണ്ടു. മിസൈൽ ക്രൂയിസർ ബോട്ടിനെ വിമാനവാഹിനിയായി അഴിച്ചു പണിയാനാണു ഇന്ത്യയും റഷ്യയും തമ്മിൽ കരാർ ഒപ്പിട്ടത്. ഇത് ചെറിയ ഒരു പണി ആയിരുനില്ല. മിസൈൽ ക്രൂയിസർ റോളിന്റെ ഭാഗമായി മുന്നിലെ ഡെക്കിൽ ഉണ്ടായിരുന്ന പീരങ്കികൾ, കപ്പൽ വേധ ഗണ്ണുകൾ, എയർ ഡിഫൻസ് ഗണ്ണുകൾ എന്നിവ നീക്കം ചെയ്തു.ഇതിന്റെ സ്ഥാനത്ത് സ്കീ ജമ്പ് മോഡലിൽ നീളം കൂട്ടിയ പുതിയ റൺ വേ ഡിസൈൻ ചെയ്ത് സ്ഥാപിക്കാൻ ഇന്ത്യ ആവശ്യപ്പെട്ടു. ഡെക്കിന്റെ വീതി പല ഭാഗങ്ങളിൽ കൂട്ടി. കപ്പലിന്റെ പിൻഭാഗത്തെ വിമാനങ്ങൾ കൊണ്ട് വരുന്ന എലവേറ്റര് ശക്തിപ്പെടുത്തി പുനർനിർമ്മിച്ചു പഴയതിനു പകരം സ്ഥാപിച്ചു. ലാന്റ് ചെയ്യുന്ന വിമാനങ്ങളെ പിടിച്ച് നിർത്തുന്ന റൺ വേയിലെ അറസ്റ്റർ കേബിൾ സിസ്റ്റം സ്കി ജമ്പ് സിസ്റ്റത്തിനായി പുതിയ ഡിസൈനിലേക്ക് മാറ്റി സ്ഥാപിച്ചു (ഒരു പാട് കാശ് ഇതിനു പൊട്ടി).

കപ്പലിന്റെ കാതലായ ഭാഗങ്ങൾ മുഴുവൻ മാറ്റിപ്പണിയേണ്ടിയും വന്നിട്ടുണ്ട്. ഉദാഹരണത്തിനു എഞ്ചിൻ ബോയിലറുകൾ ഡീസലിൽ ഓടാൻ പാകാത്തിനു മുഴുവനായി റീപ്ലേസ് ചെയ്തു.കമ്മ്യൂണിക്കേഷൻ എക്യുപ്മെന്റ് പഴയവ ഒഴിവാക്കി പകരം ലേറ്റസ്റ്റ് വെച്ചു. കപ്പലിൽ മുഴുവനായി ചുറ്റിപ്പിണഞ്ഞു കിടക്കുന്ന കിലോമീറ്ററുകൾ നീളമുള്ള വയറിങ്ങ് മുഴുവൻ റീപ്ലേസ് ചെയ്തു. ആദ്യം സൈൻ ചെയ്ത കരാറിൽ പറഞ്ഞ് കാശിനു ഇത് മുഴുവൻ ചെയ്താൽ മുതലാവില്ല എന്ന് പറഞ്ഞ് റഷ്യ ഒരു പാട് കാശ് പിന്നെയും വാങ്ങുകയും മേല്പറഞ്ഞ റീഡിസൈനിങ്ങ് പറഞ്ഞ സമയത്ത് പലപ്പോഴും പൂർത്ത്യാക്കാൻ കഴിയാത്തതിനാൽ ഡെലിവറി നീണ്ട് പോവുകയും ചെയ്തു.

ഒരു ഘട്ടത്തിൽ നിർമ്മാണം മുക്കാലും പൂർത്തിയായ ഘട്ടത്തിൽ ഈ കപ്പൽ ഇനി ഇന്ത്യ കൂടുതൽ കാശ് തന്നില്ലെങ്കിൽ റഷ്യൻ നേവി തന്നെ ഉപയോഗിക്കാം എന്നൊരു സജഷൻ അവരുടെ നേവിയിൽ നിന്ന് വരികയും അത് വെച്ച് റഷ്യ കൂടുതൽ കാശിനു വിലപേശുകയും ഉണ്ടായതായി കേട്ടിട്ടുണ്ട്. അതായത് ഷ്യൻ നേവിയുടെ നിലവാരത്തിൽ ഉള്ള മോഡേൺ കപ്പലായിക്കഴിഞ്ഞിരുന്നു അപ്പോഴേക്ക് വിക്രമാദിത്യ. ഒരു വിമാനവാഹിനിക്കപ്പൽ എന്ന നിലയിൽ പല പോരായ്മകളും ഇപ്പോഴും വിക്രമാദിത്യയ്ക്ക് ഉണ്ട്. എന്നാൽ അത് തുരുമ്പ് പിടിച്ച ഒരു കപ്പൽ പെയിന്റ് അടിച്ച് എടുത്തതിന്റെ പ്രശ്നങ്ങൾ അല്ല എന്ന് മാത്രം പറയാം ചുരുക്കത്തിൽ.ഷ്യൻ നേവിയുടെ നിലവാരത്തിൽ ഉള്ള മോഡേൺ കപ്പലായിക്കഴിഞ്ഞിരുന്നു അപ്പോഴേക്ക് വിക്രമാദിത്യ. ഒരു വിമാനവാഹിനിക്കപ്പൽ എന്ന നിലയിൽ പല പോരായ്മകളും ഇപ്പോഴും വിക്രമാദിത്യയ്ക്ക് ഉണ്ട്. എന്നാൽ അത് തുരുമ്പ് പിടിച്ച ഒരു കപ്പൽ പെയിന്റ് അടിച്ച് എടുത്തതിന്റെ പ്രശ്നങ്ങൾ അല്ല എന്ന് മാത്രം പറയാം ചുരുക്കത്തിൽ.

1 comment:

  1. വിക്രമാദിത്യയെപ്പറ്റിയുള്ള ഈ വിവരണം തീർച്ചയായും വിജ്ഞാനപ്രദം തന്നെ. നമ്മുടെ നവീകരണപ്രവർത്തനങ്ങൾക്ക് ശേഷവും വിക്രമാദിത്യ പ്രതീക്ഷിക്കുന്ന നിലവാരത്തിൽ എത്തും എന്ന് കരുതാം.

    ReplyDelete