Saturday, May 7, 2011

അമേരിക്കയും പാകിസ്താനും ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ തീവ്രവാദവും- Part 2

പാകിസ്താനിൽ നിന്നുള്ള നിരന്തരമായ ന്യൂക്ലിയർ ബ്ലാക്ക്മെയിലിങ്ങിന്റെ മറവിലെ തീവ്രവാദവും പാശ്ചാത്യ രാജ്യങ്ങളിൽ നിന്നുള്ള പൊളിറ്റിക്കൽ സമ്മർദ്ദവും മൂലം ഒരു പോയിന്റിൽ ഇന്ത്യ കശ്മീർ വിട്ട് കൊടുക്കാൻ നിർബന്ധിതമാവും എന്നും തുടർന്നങ്ങോട്ട് പാകിസ്താൻ എന്ന സഖ്യ കക്ഷിയുടെ സഹായത്തോടെ മേഖലയെ നിയന്ത്രിക്കാം എന്നും ആവണം അമേരിക്ക കണക്ക് കൂട്ടിയിരുന്നത്. എന്നിരുന്നാലും 1990കളിലെ Asian Great Gameൽ അമേരിക്കയെ സംബന്ധിച്ചിടത്തോളം ഇന്ത്യ പ്രാധാന്യം ഒട്ടും അർഹിക്കാത്ത ഒരു docile രാജ്യം മാത്രമായിരുന്നു. അവരുടെ ശ്രദ്ധ കാര്യമായി ചൈന, ഇറാൻ, റഷ്യ എന്നിവരിലായിരുന്നു. പാകിസ്താനെ എന്ത് വില കൊടുത്തും പിന്തുണയ്ക്കുക എന്നതിലൂടെ ഇന്ത്യയിലെ തീവ്രവാദത്തിൽ പരോക്ഷ പങ്കാളിത്തമാണു അമേരിക്കയ്ക്ക് ഉണ്ടായിരുന്നത്.

90കളൂടെ ആദ്യ പകുതി ഇന്ത്യക്ക് കറുത്ത ദിനങ്ങൾ ആയിരുന്നു. ജമ്മു & കശ്മീരിൽ ആയിരക്കണക്കിനു തീവ്രവാദികൾ നുഴഞ്ഞു കയറി ആക്രമിച്ചു. Gulbuddin Hekmatyarഉടെ അഫ്ഘാൻ ക്യാമ്പുകളിൽ നിന്ന് ട്രെയിനിങ് ലഭിച്ച് ഐഎസ്ഐയുടെ മേൽനോട്ടത്തിൽ ആയിരുന്നു നുഴഞ്ഞ കയറ്റം. ലക്ഷക്കണക്കിനു കശ്മീരി പണ്ഡിറ്റുകൾ താഴ്വരയിൽ നിന്ന് തുരത്തിയോടിക്കപ്പെട്ടു. Hazratbal പള്ളിയിൽ കയറിയ ദോസ്ത് ഗുല്ലിനേയും മറ്റ് തീവ്രവാദികളേയും ഒഴിപ്പിക്കുന്നതിൽ ഇന്ത്യൻ ആർമി പരാജയപ്പെട്ടു. Harkat-ul-Ansarന്റെ ഒമർ ഷെയ്ക്ക് ഉൾപ്പെടെ ഉള്ള ബ്രിട്ടീഷ്-പാക് തീവ്രവാദികൾ കശ്മീർ ഇഷ്യു അന്താരാഷ്ട്രവൽക്കരിക്കുന്നതിന്റെ ഭാഗമായി കശ്മീരിൽ വരുന്ന വിദേശ വിനോദ സഞ്ചാരികളെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തി. അതേ സമയം Laskar-e-Taiba പാകിസ്താനിലെ പഞ്ചാബിൽ നിന്ന് കശ്മീർ ജിഹാദിനായിനായി ആയിരങ്ങളെ റിക്രൂട്ട് ചെയ്യുകയും പ്രവർത്തനം ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ദാവൂദ് ഇബ്രാഹിം നെറ്റ് വർക്കുമായി ചേർന്ന് പ്രവർത്തിക്കാൻ ആരംഭിക്കുകയും ചെയ്തു. മാസങ്ങളോളം അമർച്ച ചെയ്യാനാവാതെ നിന്ന് കത്തിയ ജിഹാദിന്റെ തീയിൽ കശ്മീർ ഇന്ത്യയുടെ കൈ വിട്ട് പോകും എന്ന് തന്നെ തോന്നിച്ചു.

1996 ഒരു നിർണായക വർഷമായിരുന്നു. അഫ്ഘാനിസ്താനിൽ താലിബാൻ ഐ എസ് ഐയുടെ മേൽനോട്ടത്തിൽ അധികാരം പിടിച്ചെടുത്തിരിക്കുന്നു. ഇന്ത്യയുടെ സ്ഥിതി മോശമാണു. നരസിംഹ റാവുവിനു ശേഷം വന്ന സർക്കാരുകൾ തുടർച്ചയായി നിലം പൊത്തി. സാമ്പത്തിക പരിഷ്കരണം മന്ദഗതിയിൽ ആണു. കശ്മീരിലെ തീവ്രവാദം അതിന്റെ ഉച്ചസ്ഥായിൽ എത്തിയിരിക്കുന്നു. അഫ്ഘാനിസ്താനിൽ കൂടി പാകിസ്താനു അനുകൂലമായ ഭരണം വന്നത്തോടെ കശ്മീരിലെ സ്ഥിതി വരുന്ന വർഷങ്ങളിൽ മുമ്പെങ്ങുമില്ലാത്ത വിധം വഷളാവാനുള്ള സാധ്യതകൾ കാണുന്നു. ഈ നിർണായക ഘട്ടത്തിലാണു താലിബാൻ സുഡാനിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഒസാമ ബിൻ ലാദനെ അഫ്ഘാനിസ്താനിലേക്ക് ക്ഷണിക്കുന്നത്. സുഡാൻ ഒസാമയെ പുറത്താക്കാൻ ശ്രമിക്കുന്ന സമയമായിരുന്നു ഇത്.

ബിൻ ലാദന്റെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്കുള്ള മാറ്റം സൗദിക്കും അമേരിക്കയ്ക്കും പാകിസ്താനും ഒരേ പോലെ സ്വീകാര്യമായ തീരുമാനമായിരുന്നു ആ സമയത്ത്. അമേരിക്കയെ സംബന്ധിച്ചിടത്തോളം ബിൻ ലാദൻ തന്റെ പണവും സംഘടനയും പാശ്ചാത്യർക്ക് എതിരെ ഉപയോഗിക്കുന്നതിലും നല്ലത് ഇന്ത്യൻ കശ്മീരിൽ ഉപയോഗിക്കുന്നതായിരുന്നു. അൽ ഖയിദയുടെ ശ്രദ്ധ കശ്മീരിലെ ജിഹാദിലേക്ക് തിരിയുകയും അമേരിക്ക, ഇസ്രയേൽ, മറ്റ് സഖ്യകക്ഷികൾ എന്നിവർക്ക് നേരെയുള്ള ഭീഷണി ഒഴിയുകയും ചെയ്യാനുള്ള സാധ്യത അവർ കണക്ക് കൂട്ടി. സൗദി അറേബ്യക്കും ഒരു തലവേദന ഒഴിഞ്ഞ ആശ്വാസം. പാകിസ്താനാകട്ടെ അൽ ഖയിദയുടെ ആളും അർത്ഥവും കശ്മീരിലെ ജിഹാദിലേക്ക് വരുന്നത് മുൻ കൂട്ടി കണ്ട് ഈ നീക്കം സ്വാഗതം ചെയ്തു.

മനോഹരമായ ഈ പദ്ധതിയിൽ ഒരു പിഴവ് സംഭവിച്ചത് ലാദന്റെ പാശ്ചാത്യരാജ്യങ്ങൾക്കെതിരെ ഉള്ള പാൻ ഇസ്ലാമിക് ജിഹാദിനോടുള്ള സമർപ്പണവും കഠിനാധ്വാനവും കുറച്ച് കണ്ടതിലാണു. ലാദനെ സംബന്ധിച്ചിടത്തോളം കശ്മീർ ഒരു വിഷയമായിരുന്നില്ല. അറബ് രാജ്യങ്ങളിലെ പ്രശ്നങ്ങളും പലസ്തീൻ വിമോചനവുമെല്ലാം മുന്നിൽ കണ്ടുള്ള പദ്ധതികൾ ഉള്ള ലാദനെ കശ്മീരിൽ തളച്ചിടാൻ ആർക്കും കഴിയുമായിരുന്നില്ല. അമേരിക്കയും ഇസ്രയേലുമായിരുന്നു ലാദന്റെ ലക്ഷ്യം. ബിൻ ലാദന്റെ വരവോട് കൂടി പാകിസ്താൻ വ്യക്തമായ പ്ലാനോടെ മുന്നോട്ട് കൊണ്ട് പോയിരുന്ന കശ്മീരിലെ ജിഹാദ് പതുക്കെ പതുക്കെ വരുന്ന വർഷങ്ങളിൽ കൈവിട്ട് പോകാൻ തുടങ്ങുകയായിരുന്നു.

Friday, May 6, 2011

അമേരിക്കയും പാകിസ്താനും ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ തീവ്രവാദവും- Part 1

1990കളുടെ തുടക്കത്തിൽ അമേരിക്ക കത്തി നിൽക്കുന്ന സമയമായിരുന്നു. സോവിയറ്റ് യൂണിയനെ കോൾഡ് വാറിൽ തോൽപ്പിച്ച സമയം. അഫ്ഘാനിസ്താനിൽ മുജാഹിദീൻ പോരാളികളെ ഇറക്കിയ വകയിൽ പാകിസ്താൻ വളരെ പ്രധാനപ്പെട്ട അമേരിക്കൻ സഖ്യകക്ഷി ആയി മാറിയ സമയം. അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിൽ Brzezinski/Scowcroftയുടെ ഫോറിൻ പോളിസി സ്കൂൾ ഓഫ് തോട്ടും സി ഐ ഏയിൽ Milt Bearden, Michael Scheuer തുടങ്ങിയവരും വെന്നിക്കൊടി പാറിച്ച കാലം. അമേരിക്കയ്ക്ക് വേണ്ടി ഭാവിയിൽ ഏഷ്യൻ മേഖലയിലെ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ പോകുന്ന Madeline Allbright, Robin Raphel തുടങ്ങിയ രാഷ്ട്രീയത്തിലെ പ്രമുഖർ വളർന്ന് വരുന്ന സമയം കൂടിയാണിത്. മുകളിൽ പറഞ്ഞവരെല്ലാം കാര്യങ്ങൾ തീരുമാനിക്കുകയും നടപ്പിലാക്കുകയും ചെയ്ത് വന്നിരുന്ന ആ സമയത്ത് ഇവരെല്ലാം യോജിച്ചിരുന്ന ഒരു കാര്യമാണു സൗത്ത്/സെൻട്രൽ ഏഷ്യയിൽ അമേരിക്കയുടെ ഏറ്റവും പ്രധാനപ്പെട്ട സഖ്യകക്ഷി പാകിസ്താൻ ആയിരിക്കണം എന്നുള്ള കാര്യം.

അഫ്ഘാനിസ്താനിൽ നിന്ന് സോവിയറ്റ് പിന്മാറ്റത്തിനു ശേഷം വന്ന രാഷ്ട്രീയ അനിശ്ചിതത്വം പാകിസ്താൻ അവരുടെ പ്രോക്സികളെ വെച്ച് അധികാരം പിടിക്കുന്ന രീതിയിൽ ആക്കിത്തീർത്തത് അമേർക്കയുടെ കൂടി സഹായത്തോടെ ആണു. പാകിസ്താൻ എന്ന സഖ്യകക്ഷി അഫ്ഘാൻ മേഖല നിയന്ത്രിക്കുന്നത് അമേരിക്കൻ പോളിസിയുടെ ഭാഗമായിട്ടായിരുന്നു. പടിഞ്ഞാറൻ ചൈന, സെൻട്രൽ ഏഷ്യയിലെ പഴയ സോവിയറ്റ് രാജ്യങ്ങൾ എന്നിവയെ ലക്ഷ്യം വെച്ചായിരുന്നു ഈ നീക്കം. ചൈന സോവിയറ്റ് യൂണിയനെ പോലെ ആയിത്തീരുക ആണെങ്കിൽ അവർക്കെതിരെ മുജാഹിദ്ദീൻ മൂവ്മെന്റ് പോലെ ഒരു നീക്കം കൂടി മുൻകൂട്ടി കണ്ടിട്ടുണ്ടാവാം. കൂടാതെ പാകിസ്താനു നൽകുന്ന പിന്തുണ അറബ് മേഖലയിൽ അമേരിക്കയുടെ ഇമേജ് വർധിപ്പിക്കാനും ഇറാനെതിരെ ഉള്ള നീക്കങ്ങൾക്കും സഹായിച്ചിരിക്കാം. ചുരുക്കിപ്പറഞ്ഞാൽ ഏഷ്യൻ മേഖലയിൽ അമേരിക്കയുടെ സ്വാധീനം വർധിപ്പിക്കാനും എതിരാളികൾക്ക് വെല്ലുവിളി ഉയർത്താനും ഉള്ള ഒരു ലോഞ്ചിങ് പാഡ് ആയി പാകിസ്താൻ മാറി 1990കളുടെ തുടക്കത്തിൽ.

പാകിസ്താനികൾക്ക് അവരുടേതായ അജണ്ടകളും ഉണ്ടായിരുന്നു. ജമ്മു&കശ്മീർ ഇന്ത്യയിൽ നിന്ന് അടർത്തിയെടുക്കുന്നതിനായി അമേരിക്കൻ പിന്തുണയോടെയുള്ള പലവിധ ശ്രമങ്ങൾ ആരംഭിക്കുന്നത് അങ്ങനെയാണു. സൈനികമായ ശ്രമങ്ങൾ Mirza Aslam Begഉം Hamid Gulഉം പോലെയുള്ള ഐഎസ്ഐ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അഫ്ഘാൻ യുദ്ധത്തിൽ പങ്കെടുത്ത പരിചയമുള്ള പോരാളികളേയും സിഐഏ നൽകിയ പാഠങ്ങളും ഉപയോഗിച്ച് ഇന്ത്യക്കെതിരെ 'war of a thousand cuts' തുടങ്ങുകയായിരുന്നു. രാഷ്ട്രീയമായ ഇടപെടലുകൽ Robin Raphelനെ പോലുള്ള അമേരിക്കൻ നേതാക്കൾ നേരിട്ട് 'ജനാധിപത്യപരമായി' വിഘടനവാദം ഉന്നയിക്കാൻ കശ്മീരിൽ ഹുറിയത്ത് കോൺഫറൻസ് സ്ഥാപിക്കാൻ ഇടപെടുന്നത് വരെയൊക്കെ എത്തി.

അമേരിക്കയെ സംബന്ധിച്ചിടത്തോളം ആ സമയത്ത് ഇന്ത്യ ഒരു പഴയ സോവിയറ്റ് സഖ്യകക്ഷി എന്ന നിലയിൽ സഹതാപമോ പരസ്പര വിശ്വാസമോ അർഹിക്കാത്ത രാജ്യമായിരുന്നു. ഇന്ദിരാഗാന്ധിയുടെ ശക്തമായ നേതൃത്വം ഇന്ത്യക്ക് നഷ്ടപ്പെട്ടിട്ട് വർഷങ്ങൾ കഴിഞ്ഞിരുന്നു. 1989ൽ വി പി സിങ് സർക്കാർ മുതൽ സ്ഥിരമായ ഒരു ഭരണവും സാമ്പത്തികമായി വളർച്ചയും ഇന്ത്യക്ക് ഇല്ലായിരുന്നു. ഇതിനൊക്കെ പുറകെ 1991ൽ ഐഎംഎഫിന്റെ സാമ്പത്തിക സഹായം തേടേണ്ടി വന്നു ഇന്ത്യയ്ക്ക്. ഈ സമയത്താണു കശ്മീർ വിട്ട് കൊടുക്കാൻ വേണ്ടി ഇന്ത്യയ്ക്ക് മേൽ നാലു പാട് നിന്നും സമ്മർദ്ദം വരുന്നത്. പാകിസ്താൻ സ്പോൺസർ ചെയ്യുന്ന തീവ്രവാദത്തിനെ പറ്റിയുള്ള ഇന്ത്യയുടെ വാദം ചെവിക്കൊള്ളാൻ ആരും ഉണ്ടായില്ല. പകരം കശ്മീരിൽ ഇന്ത്യ നടത്തുന്ന 'മനുഷ്യാവകാശ ലംഘനം' എന്ന പേരിൽ പൂർവാധികം ശക്തിയോടെ ഇന്ത്യ വിമർശിക്കപ്പെട്ടു.

1993ലെ ബോംബെ ബ്ലാസ്റ്റിൽ ഐഎസ്ഐയുടെ പങ്കിനുള്ള തെളിവായി ഇന്ത്യ അമേരിക്കൻ എഫ് ബി ഐയ്ക്ക് കൈമാറിയ Pakistan ORF Ammunition ദുരൂഹ സാഹചര്യത്തിൽ അവരുടെ കൈയ്യിൽ നിന്ന് കാണാതാവുന്നതുൾപ്പെടെ നിരവധി പ്രത്യക്ഷവും പരോക്ഷവുമായ സഹായങ്ങൾ അമേരിക്ക പാകിസ്താനു നൽകി ഈ കാലയളവിൽ. ഇന്ത്യ സ്വന്തമായി എന്തെങ്കിലും നീക്കം പ്ലാൻ ചെയ്താൽ ഐഎംഎഫിന്റെ ചരടുകൾ മുറുക്കി നിലക്ക് നിർത്താനും അവർ ശ്രദ്ധിച്ചു. നരസിംഹറാവു എന്ന പ്രധാനമന്ത്രി ആ സമയത്ത് ഇല്ലായിരുന്നെങ്കിൽ കശ്മീർ ഇന്ത്യയ്ക്ക് ഒരു പക്ഷെ നഷ്ടപ്പെട്ടിരിക്കാം എന്ന് എനിക്ക് തോന്നുന്നു.

Pressler Amendment (which prohibited US arms sales to Pakistan on account of its nuclear weapons program) വഴി പാകിസ്താന്റെ ന്യൂക്ലിയർ പ്രോഗ്രന്മിനെ എതിർത്തു എന്ന് അമേരിക്ക അവകാശപ്പെടുന്നുണ്ടെങ്കിലും 90കളുടെ തുടക്കത്തിൽ തന്നെ ചൈന നിർമ്മിക്കുകയും പരീക്ഷിക്കുകയും ചെയ്ത ആണവായുധങ്ങൾ പാകിസ്താന്റെ കൈവശം ഉണ്ട് എന്ന കാര്യം അവർക്കറിയാമായിരുന്നു. തുടർന്ന് വന്ന ഉപരോധം പാകിസ്താനിൽ തീവ്രവാദത്തിനുള്ള ഫൺറ്റിങ്ങിൽ കാര്യമായ കുറവൊന്നും വരുത്തിയില്ല. അഫ്ഘാനിസ്താനിൽ ഉല്പാദിപ്പിക്കുന്ന ഓപ്പിയം വ്യാപാരം, ഏ ക്യു ഖാൻ നടത്തിയ ആണവ രഹസ്യങ്ങൾ ലിബിയയിലേക്കും ഉത്തര കൊറിയയിലേക്കും ഉള്ള കൈമാറ്റം എന്നിവയിൽ നിന്നിന്ന്നൊക്കെ പണം വന്നു. കശ്മീരിൽ നടത്തുന്ന തീവ്രവാദം ആണവായുധത്തിന്റെ കുടക്കീഴിലായതോടെ ഇന്ത്യയിൽ നിന്ന് conventional ആയ ഒരു സൈനിക തിരിച്ചടിയുടെ ഭയം ഇല്ലാതെ പ്രവർത്തിക്കാൻ സാധിച്ചു പാകിസ്താനു. അമേരിക്കയുടെ ലക്ഷ്യങ്ങൾ നേടാൻ സഹായം നൽകുന്നിടത്തോളം കാലം പാകിസ്താൻ എന്ത് തന്നെ ചെയ്താലും അതിനെതിരെ കണ്ണടയ്ക്കുന്ന നിലപാടാണു അമേരിക്ക സ്വീകരിച്ചത്.