Friday, October 29, 2010

കശ്മീർ: സത്യവും മിഥ്യയും

ലേഹ് വെള്ളപ്പൊക്കത്തെ പറ്റി CNNൽ വന്ന വാർത്തയാണിത്: Death toll from Kashmir flooding rises to 112
തിരുത്ത്: ലേഹ് കശ്മീരിൽ അല്ല. കശ്മീരിൽ വെള്ളപ്പൊക്കമില്ല.
വൈഷ്ണോദേവി തീർത്ഥാടന സംഘം പറയുന്നു. "ഞങ്ങൾ കശ്മീരിൽ പോയിരുന്നു. അവിടം തികച്ചും ശാന്തമാണു.
തിരുത്ത്: വൈഷ്ണോദേവി ജമ്മുവിലാണു. ജമ്മുവിൽ ജിഹാദില്ല.
ടെക്സസ് യൂണിവേഴ്സിറ്റിയുടെ വെബ്സൈറ്റിലെ ഈ ലേഖനം 1999 war in Kargil, Kashmir നെ പറ്റിയാണു.
തിരുത്ത്: കാർഗിൽ കശ്മീരിൽ അല്ല. അത് ലഥാക്കിലാണു.

ഇന്ത്യയുടെ മറ്റ് ഭാഗത്തു നിന്നുള്ളവർക്ക് കശ്മീരിനേയും കശ്മീരികളേയും പറ്റി ശരിയായ ധാരണ ഇല്ല എന്നുള്ളത് കശ്മീരികളുടെ ഒരു സ്ഥിരം പരാതിയാണു. ഒരു കണക്കിനു അത് ശരിയുമാണു. J&K സംസ്ഥാനം എന്നുള്ളതിനു പൊതുവെ കശ്മീർ എന്ന് പറയാറുണ്ട്. പലരും അങ്ങനെ തന്നെ ധരിച്ചിട്ടുമുണ്ട്. ഇത് തെറ്റായ ഒരു വസ്തുതയാണു കാരണം കശ്മീർ ആ സംസ്ഥാനത്തിന്റെ വളരെ ചെറിയ ഒരു ഭാഗം മാത്രമാണു. കൃത്യമായി പറഞ്ഞാൽ 6.98%. 'കശ്മീർ മുതൽ കന്യാകുമാരി വരെ നീണ്ട് കിടക്കുന്ന ഇന്ത്യ' എന്ന പ്രയോഗവും വസ്തുതാപരമായി തെറ്റാണു. കാരണം ഇന്ത്യയുടെ വടക്കെ അറ്റം കശ്മീരല്ല ലഡാക്ക് ആണു. ഇനി ഔദ്യോഗികമായ ഭൂപടം അനുസരിച്ചാണെങ്കിൽ പാക് അധീന കശ്മീരിലെ ഗിൽജിറ്റും അക്സായ് ചിന്നുമാണു ഇന്ത്യയുടെ വടക്കെ അറ്റം. പക്ഷെ ഈ പ്രദേശങ്ങളൊന്നും തന്നെ കശ്മീരിന്റെ ഭാഗം അല്ല. കശ്മീർ എന്ന് പറയുന്നത് ഇന്ത്യയുടെ വടക്ക് ഭാഗത്തിന്റെ തെക്കേ അറ്റത്താണു.

അത് കൊണ്ട് തന്നെ ഭൂമിശാസ്ത്രപരമായി ഇന്ത്യയോട് വളരെ ചേർന്ന് കിടക്കുന്ന ഭാഗമാണു. പാകിസ്താന്റെ കൈവശമുള്ള പാക് അധീന കശ്മീർ എന്നറിയപ്പെടുന്ന ഭാഗം പോലും കശ്മീരിനോട് ചേർന്നല്ല കിടക്കുന്നത്. കശ്മീരിൽ ഇപ്പോൾ നിലനിൽക്കുന്ന സംഘർഷത്തിന്റെ വെളിച്ചത്തിൽ ഇതിനെ പറ്റി കൂടുതൽ വിശദമായി പറയേണ്ടതുണ്ട്.

കശ്മീരിന്റെ യഥാർത്ഥത്തിൽ ഉള്ള അതിർത്തിയും വലിപ്പവും അവ്യക്തമായി നിലനിർത്തുന്നതിനു ഈ പ്രശ്നത്തിൽ പങ്കുള്ള ചില തല്പരകക്ഷികൾ എന്നും ശ്രമിച്ച് വന്നിട്ടുള്ളതാണു. മിക്ക ആളുകളോടും ഭൂപടത്തിൽ കശ്മീർ കാണിച്ച് തരാൻ പറഞ്ഞാൽ ഇന്ത്യയുടെ 'തല' പോലെയുള്ള ഭാഗം ചൂണ്ടിക്കാണിക്കും. എന്നാൽ സത്യത്തിൽ കശ്മീർ എന്താണെന്നും എവിടെയാണു എന്നും താഴെ ഉള്ള ചിത്രം ശ്രദ്ധിച്ചാൽ മനസ്സിലാവും.












മുകളിൽ കാണിച്ചിരിക്കുന്ന ഇന്ത്യയുടെ ഔദ്യോഗിക ഭൂപടത്തിൽ മുഴുവൻ ജമ്മു & കശ്മീർ കാണിച്ചിരിക്കുന്നു. അതിൽ കശ്മീരിന്റെ ഏകദേശ അതിർത്തി ചുവന്ന നിറത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത് ശ്രദ്ധിയ്ക്കുക. നിഷ്പക്ഷമായ ഒരു കാഴ്ച്ചപ്പാടിൽ നിന്ന് നോക്കുകയാണെങ്കിൽ താഴെകൊടുത്തിരിക്കുന്ന വിക്കിപീഡിയയിൽ നിന്നുള്ള ചിത്രത്തിൽ കശ്മീർ താഴ്വര കാണിച്ചിരിക്കുന്നത് കാണുക.








ഇനി കശ്മീരും ജമ്മു & കശ്മീരും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് നോക്കാം. കശ്മീർ തർക്കം നിലനിൽക്കുന്ന പ്രദേശമാണു എന്നാൽ ജമ്മു & കശ്മീർ അങ്ങനെയല്ല എന്നുള്ളത് തന്നെയാണു പ്രധാന വ്യത്യാസം.കശ്മീർ മുസ്ലിം ഭൂരിപക്ഷം ഉള്ള പ്രദേശമാണു എന്നാൽ സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിൽ അങ്ങനെയല്ല. കശ്മീർ വിഘടനവാദം ഉന്നയിക്കുമ്പോൾ സംസ്ഥാനത്തിന്റെ ബാക്കി ഭാഗങ്ങൾ ഇന്ത്യയോടൊപ്പം നിൽക്കാൻ ആഗ്രഹിക്കുന്നു. കശ്മീരാകട്ടെ സംസ്ഥാനത്തിന്റെ ചെറിയ ഒരു ഭാഗം മാത്രവുമാണു. കണക്കുകൾ നോക്കാം.

Area of Kashmir: 15,520.3 sq km (Wikipedia)

Area of J&K under Indian Control: ~101,400 sq km (Forest Survey Website)

Total Area of Undivided J&K: 222,236 sq km (Wikipedia)

അപ്പോൾ കശ്മീർ എന്ന പ്രദേശം അവിഭക്ത സംസ്ഥാനത്തിന്റെ 7 ശതമാനവും ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള പ്രദേശത്തിന്റെ ഏകദേശം 15 ശതമാനവും ആണു എന്ന് കാണാം.

BBCയിൽ നിന്നുള്ള ചിത്രം താഴെ.












കശ്മീരിന്റെ നിർവചനം എന്താണു? കശ്മീരി ഭാഷയിൽ താഴ്വരയ്ക്ക് പുറത്ത് നിന്ന് വരുന്ന എല്ലാറ്റിനേയും 'നെബാർ' എന്നാണു വിളിക്കുന്നത്. വിദേശി/പുറത്ത് നിന്ന് വന്നത് എന്ന അർത്ഥത്തിൽ. സംസ്ഥാനത്തിന്റെ ജമ്മു, ലഥാക്ക്, കശ്മീർ എന്നീ ഭാഗങ്ങളിൽ ഒന്ന് മാത്രമാണു കശ്മീർ. അനന്ത്നാഗ്, ബാരമുള്ള, ശ്രീനഗർ എന്നീ ജില്ലകൾ കൂടിച്ചേർന്ന ഭാഗം. (ശ്രീനഗറിനെ ഈ അടുത്ത കാലത്ത് 10 ചെറു ജില്ലകളായി തിരിച്ചിട്ടുണ്ട്). ഇവിടെ കശ്മീരികൾ എന്ന ജനവിഭാഗം താമസിക്കുകയും കശ്മീരി ഭാഷ സംസാരിക്കുകയും ചെയ്യുന്ന ഈ ചെറു പ്രദേശമാണു 63 വർഷങ്ങളായി സംസ്ഥാനരാഷ്ട്റീയത്തിൽ മേധാവിത്തം പുലർത്തുന്നത്.

എന്ത് കൊണ്ടാണു കശ്മീരും ജമ്മു & കശ്മീരും തമ്മിലുള്ള ഈ വ്യത്യാസം അവ്യക്തമാക്കപ്പെടുന്നതും ഈ വേർതിരിവ് എടുത്ത് കാണിക്കേണ്ടത് പ്രാധാന്യമർഹിക്കുന്ന സംഗതിയാവുന്നതും? ഈ ചെറിയ മുസ്ലിം ഭൂരിപക്ഷ പ്രദേശം മുഴുവൻ സംസ്ഥാനത്തെയും സ്തംഭിപ്പിക്കുകയും ഇന്ത്യ എന്ന രാജ്യത്തിനു തന്നെ തലവേദന സൃഷ്ടിക്കുകയും ചെയ്യുന്നു. സംസ്ഥാനത്തിന്റെ 7% വരുന്ന ഈ മുസ്ലിം ഭൂരിപക്ഷ പ്രദേശം മതേതര ഇന്ത്യയുടെ ഭാഗമാവാൻ ആഗ്രഹിക്കുന്നില്ല. സംസ്ഥാനത്തിന്റെ തെക്ക് ഭാഗത്ത് കിടക്കുന്ന ജമ്മുവിൽ ഭൂരിപക്ഷം ജനങ്ങൾ അയൽ സംസ്ഥാനങ്ങളായ പഞ്ചാബിനോടും ഹിമാചൽ പ്രദേശിനോടും സാംസ്കാരികമായി സാമ്യം പുലർത്തുന്ന ഹിന്ദുക്കളും വടക്ക് ഭാഗത്തെ ലഥാക്കിൽ ടിബറ്റ് സംസ്കാരവുമായി സാമ്യം പുലർത്തുന്ന ബുദ്ധമതവിശ്വാസികളുമാണു. ഇരു കൂട്ടർക്കും ഇന്ത്യയുടെ ഭാഗമായിരിക്കുന്നതിൽ യാതൊരുവിധ പ്രശ്നങ്ങളുമില്ല. മുസ്ലിം ഭൂരിപക്ഷപ്രദേശമായ (97%) കശ്മീരിനു മാത്രമാണു ഇന്ത്യയുടെ ഭാഗമാവുന്നതിൽ എതിർപ്പ്. ഇവിടത്തെ ന്യൂനപക്ഷമായ മറ്റ് മതവിശ്വാസികളുടെ എണ്ണം നൂറ്റാണ്ടൂകളും പതിറ്റാണ്ടുകളും കടന്ന് പോയതിനൊപ്പം നടന്ന നിരവധി പലായനങ്ങൾക്കും മതപരിവർത്തനങ്ങൾക്കുമൊപ്പം കുറഞ്ഞ് വന്ന് കൊണ്ടിരുന്നു. ഈ ചെറിയ ഭൂപ്രദേശമാണു ഏഷ്യയിലെ തീപ്പൊരി കാത്തുകിടക്കുന്ന വെടിമരുന്നുപുര എന്ന് പേരു നേടിയ വെടിയൊച്ച നിലയ്ക്കാത്ത കശ്മീർ. ഭൂമിയിലെ സ്വർഗ്ഗം എന്ന് അറിയപ്പെട്ടിരുന്ന ഈ കശ്മീർ പിന്നീട് ഇസ്ലാമിക വിഘടനവാദത്തിന്റെ തീയിൽ നിന്ന് കത്തി. ജമ്മു & കശ്മീർ എന്ന സംസ്ഥാനത്തിലെ ജനങ്ങൾ അല്ല കശ്മീർ പ്രദേശത്തെ ജനങ്ങൾ ആണു 'ആസാദി'യ്ക്ക് വേണ്ടി മുറവിളി കൂട്ടുന്നത് എന്ന് എടുത്ത് പറയേണ്ട ഒരു സംഗതി ആവുന്നത് ഈ അവസരത്തിൽ ആണു. ഇന്ത്യ എന്ന രാജ്യത്തിലെ സംസ്കാരിക വൈവിധ്യവുമായി ചേർന്ന് നിൽക്കുന്നതാണു ജമ്മു & കശ്മീർ എന്ന സംസ്ഥാനത്തെ ജനങ്ങളുടെ വവിധ്യവും പക്ഷെ പച്ചക്കൊടി വീശി തെരുവിൽ കല്ലേറ് നടത്തുന്ന വിഘടനവാദികൾക്ക് ഇതേ വൈവിധ്യം കല്ലുകടിയാണു. അത് കൊണ്ട് തന്നെ അവർ ഒരിക്കലും അതിനെ അംഗീകരിക്കുകയുമില്ല.

ഭരണത്തിൽ മാറി മാറി വന്ന രാഷ്ട്രീയ പാർട്ടികൾക്ക് ഇങ്ങനെ ഏച്ച്കൂട്ടിയ രീതിയിൽ തന്നെ സംസ്ഥാനത്തിനെ നിലനിർത്തുകയല്ലാതെ മറ്റ് വഴികൾ ഉണ്ടായിരുന്നില്ല. ജമ്മുവിനും കശ്മീരിനും ലഥാക്കിനും പൊതുവായി എടുത്ത് കാണിക്കാൻ ഒന്നുമില്ലാത്തവിധം തമ്മിൽ അന്തരമുണ്ട്. ഓരോ പ്രദേശത്തിനും അവരുടേതായ ജനവിഭാഗങ്ങളും ഭൂപ്രകൃതിയും കാലാവസ്ഥയും ഭാഷയും സംസ്കാരവുമുണ്ട്. ചുറ്റുവട്ടത്തുള്ള മറ്റ് സംസ്ഥാനങ്ങൾക്കൊന്നും ഇത്രയും വൈവിധ്യം എടുത്ത് കാണിക്കാനില്ല. 1950കളിൽ ഭാഷയുടെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ സംസ്ഥാനങ്ങളെ വിഭജിച്ചപ്പോഴും 'സ്പെഷ്യൽ സ്റ്റാറ്റസ്' കാരണം ജമ്മു & കാശ്മീർ ഇതേ പടി നിലനിർത്തുകയാൺ ഉണ്ടായത്. ജമ്മുവും ലഥാക്കും ചേർന്ന് ഇന്ത്യയുടെ മറ്റ് ഭാഗങ്ങളും കശ്മീരുമായുള്ള ബന്ധം ഉറപ്പിയ്ക്കും എന്നുള്ള കണക്ക്കൂട്ടലും ഇതിനു പിന്നിൽ ഉണ്ടായിരുന്നു. ഈ രണ്ട് പ്രദേശങ്ങളെ കശ്മീരുമായി വേർപെടുത്തുന്നത് ഇന്ത്യയിൽ നിന്ന് കശ്മീർ കൂടുതൽ അകലാൻ ഇടയാക്കും എന്നും ഇന്ത്യ കരുതി.

എന്നാൽ പാകിസ്താൻ ജമ്മു & കശ്മീരിനെ ഒന്നായി കണക്കാക്കിയത് മറ്റൊരു ഉദ്ദേശത്തോടെയായിരുന്നു. മുഴുവൻ സംസ്ഥാനവും തങ്ങളുടേതാണു എന്ന് സ്ഥാപിയ്ക്കാനും എങ്ങാനും ഒരു ഒത്ത് തീർപ്പുണ്ടാവുകയാണെങ്കിൽ കശ്മീരിനു പകരം മറ്റ് പ്രദേശങ്ങൾ എന്ന വാദം ഉന്നയിക്കാനും വേണ്ടിയായിരുന്നു അത്. ഇത് കൊണ്ട് തന്നെയാവണം 'ആസാദോ' ജമ്മുവോ കശ്മീരോ അല്ലാതിരുന്നിട്ടും പാകിസ്താൻ കൈവശപ്പെടുത്തിയ പ്രദേശത്തിനെ ആസാദ് ജമ്മു & കശ്മീർ എന്ന് വിളിച്ചത്. പാക് അധിനിവേശ കശ്മീരിലെ പ്രധാന ഭാഷകൾ പഹാരി, മിർപുരി, ഗോജ്രി, ഹിന്ദ്കോ, പഞ്ചാബി, പഷ്തു എന്നിവയാണു (അവലംബം: വിക്കീപീഡിയ). ഇവയിലൊന്നു പോലും കശ്മീരി ഭാഷയുമായി സാമ്യം ഉള്ളവയല്ല. പാക് അധിനിവേശ കശ്മീരിലെ ജനങ്ങൾ ഇന്ത്യൻ കശ്മീരികളിൽ നിന്ന് വ്യത്യസ്തരായ ജനവിഭാഗങ്ങളാണു. അത് കൊണ്ട് തന്നെ LoC (Line of Control) കശ്മീരി കുടുംബങ്ങളെ വെട്ടിമുറിച്ചു എന്ന വാദം വസ്തുതകൾക്ക് നിരക്കാത്തതാവുന്നു.

പക്ഷെ വിഘടനവാദികൾ കശ്മീർ പ്രദേശത്തെ പ്രശ്നം ഉന്നയിക്കുമ്പോഴും എന്ത് കൊണ്ട് മുഴുവൻ ജമ്മു & കശ്മീറിനെ പറ്റി സംസാരിക്കുന്നു? ഇന്ത്യൻ ഭരണത്തിനെതിരായി കശ്മീരി മുസ്ലിമുകൾ നിരത്തുന്ന വാദങ്ങൾ അവർ പ്രത്യേക ജനവിഭാഗമാണെന്നും വ്യത്യസ്ത മതവിഭാഗക്കാരാണെന്നുമാണു. മിക്ക വിഘടനവാദികളും ഇന്ത്യക്കാരായി അറിയപ്പെടാൻ ആഗ്രഹിക്കുന്നില്ല. പക്ഷെ ജമ്മുവിലേയും ലഥാക്കിലേയും ജനങ്ങൾ ഇന്ത്യക്കാരായിരിക്കുവാൻ ആഗ്രഹിക്കുന്നു. കശ്മീരികൾ ജമ്മുവിലെ ഡോഗ്ര രാജാവിന്റെ ഭരണത്തിനു എതിരെ ഉള്ള സമരം ഇന്ത്യൻ ഭരണം വരുന്നതിനും വളരെ മുന്നെ തുടങ്ങിയതാണു. അപ്പോൾ എങ്ങനെയാണു ഡോഗ്ര രാജാവ് പിന്നീട് പിടിച്ചടക്കിയതോ ബ്രിട്ടീഷുകാരിൽ നിന്ന് വാങ്ങിച്ചതോ ആയ ബാക്കി പ്രദേശങ്ങൾക്ക് മേൽ കശ്മീരികൾക്ക് അവകാശം വരുന്നത്? ഡോഗ്ര രാജാവിന്റെ ഭരണത്തിനെതിരെ യുദ്ധം ചെയ്ത് കൊണ്ടിരുന്നവർ രാജാവിന്റെ അനന്തരാവകാശികൾ ആവുന്നതെങ്ങനെ എന്ന ചോദ്യത്തിനു കശ്മീരികൾ മറുപടി പറയേണ്ടതുണ്ട്. ഇനി ഡോഗ്രകൾ ബ്രിട്ടീഷുകാരിൽ നിന്ന് വാങ്ങിയ പ്രദേശങ്ങൾ കണക്കിലെടുത്താൽ തന്നെ അതിൽ ലഥാക്കും ഗിൽജിത്തും ബാൾട്ടിസ്താനും ഉൾപ്പെടുന്നില്ല. കശ്മീരികൾ തുടർന്നും ജമ്മു & കശ്മീർ എന്ന വാദം ഉന്നയിക്കുവാൻ കാരണങ്ങൾ രണ്ടാവാനേ തരമുള്ളൂ. പാകിസ്താൻ ആരും പോകാൻ ആഗ്രഹിക്കാത്ത ഒരു സ്ഥലമായി മാറിക്കഴിഞ്ഞിരിക്കുന്നതിനാൽ പാകിസ്താനുമായി ഇസ്ലാമികമായ കൂടിച്ചേരൽ എന്ന്തിനു പകരം മുഴുവൻ സംസ്ഥാനവും ഉൾപ്പെടുന്ന ഒരു 'സെക്കുലർ ആസാദി' എന്ന ലക്ഷ്യം. അല്ലെങ്കിൽ ഇന്ത്യയുമായി വിലപേശലിനു ഉപയോഗിക്കാൻ ഒരു വാദം.

കശ്മീർ സംസ്ഥാനത്തിന്റെ വളരെ ചെറിയ ഒരു ഭാഗമാണു എന്ന വസ്തുത മനസ്സിൽ വെച്ച് വേണം സ്വാതന്ത്ര്യം എന്ന ഐഡിയയെ സമീപിയ്ക്കാൻ. ജമ്മുവും ലഥാക്കും ഇന്ത്യയുടെ കൂടെ നിൽക്കാൻ ആഗ്രഹിക്കുന്നത് കൊണ്ട് അവർ സ്വതന്ത്ര കശ്മീരിന്റെ ഭാഗം ആകും എന്ന് കരുതാൻ വയ്യ. കശ്മീർ എന്ന 15000 ചതുരശ്ര കിലോമീറ്റർ പ്രദേശം ഒരു സ്വതന്ത്ര രാജ്യമാവുകയാണെങ്കിൽ അത് വത്തിക്കാൻ, ലക്സംബർഗ് എന്നീ രാജ്യങ്ങളേക്കാൾ അല്പം കൂടി വലുതാവും. മൂന്ന് ഭാഗങ്ങളിൽ ഇന്ത്യയും ഒരു ഭാഗത്ത് പാകിസ്താൻ കൈവശപ്പെടുത്തിയ പ്രദേശവും കൊണ്ട് ചുറ്റപ്പെട്ട് എത്ര നാൾ ഇസ്ലാമിക വിഘടനവാദം നൽകിയ 'സ്വാതന്ത്ര്യം' നിലനിൽക്കും, സ്വന്തമായി നിലനിൽക്കാൻ വേണ്ട വിഭവശേഷി ഉണ്ടോ എന്നൊക്കെ കശ്മീരികൾ ചിന്തിയ്ക്കേണ്ടതുണ്ട്. ഇന്ത്യയുമായി വേർപിരിഞ്ഞാൽ സ്വാഭാവികമായും പാകിസ്താനിൽ ലയിക്കുകയാണു അടുത്ത പടി. പാകിസ്താനിൽ 'ആർട്ടിക്കിൾ 370'യുടെ സംരക്ഷണം തുടർന്നും കിട്ടുമോ ഇല്ലെങ്കിൽ പാകിസ്താന്റെ മറ്റു ഭാഗങ്ങളുമായി താരതമ്യം ചെയ്താൽ തങ്ങളുടെ അവസ്ഥ എന്താവും എന്നും ചിന്തിക്കേണ്ടിയിരിക്കുന്നു. പാകിസ്താനെ പോലെ ഒരു failed stateഉമായി ലയിക്കൽ അല്ല ലക്ഷ്യം എങ്കിൽ കശ്മീരികൾ മാറി ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

കശ്മീരികളേക്കാൾ കൂടുതൽ ഇന്ത്യയിലെ മീഡിയയും പൊതുജനങ്ങളും മേൽ പറഞ്ഞ വസ്തുതകൾ മനസ്സിലാക്കേണ്ടതുണ്ട്. കഥയറിയാതെ ആട്ടം കാണുന്ന അവസ്ഥ തല്പരകക്ഷികൾ മുതലെടുപ്പ് നടത്തുന്നതിനു അവസരമൊരുക്കുകയേ ഉള്ളൂ. വസ്തുതകൾ അറിയാതെ സംസാരിക്കുന്നവരേയും വസ്തുതകൾ മറച്ച് പിടിച്ച് സംസാരിക്കുന്നവരേയും ഇന്ത്യയിലെ ജനങ്ങൾ തിരിച്ചറിയേണ്ടതുണ്ട്.

(വിവരങ്ങൾക്കും ചിത്രങ്ങൾക്കും കടപ്പാട്: Mr. Ashok Kaul (http://kaulonline.com/blog/)