Tuesday, December 31, 2013

ഡേർട്ടി ബോംബും ഇന്ത്യൻ ന്യൂക്ലിയർ ഡോക്ട്രിനും ചില ആശങ്കകളും

ഇന്ത്യൻ മുജാഹിദ്ദീൻ സൂറത്തിൽ പാകിസ്താനിൽ നിന്ന് കടത്തിക്കൊണ്ട് വന്ന ന്യൂക്ലിയർ ബോംബ് പൊട്ടിക്കാൻ പദ്ധതി ഇട്ടിരുന്നു എന്നാണു ലേറ്റസ്റ്റ് ന്യൂസ്. അല്പം അതിശയോക്തി കലർന്നതെന്ന് കരുതാവുന്ന ഈ വാർത്ത കുറച്ച് കാലമായി നിലനിൽക്കുന്ന തീവ്രവാദികൾ നടത്തുന്ന ന്യൂക്ലിയർ ആക്രമണം എന്ന ത്രെറ്റിനെ പറ്റി കൂടുതൽ ചിന്തിക്കാൻ അവസരമൊരുക്കുന്നു. അമേരിക്ക അടക്കമുള്ള പാശ്ചാത്യരാജ്യങ്ങൾ വളരെ സീരിയസ് ആയി എടുക്കുന്ന ഒരു ഭീഷണി ആണു ഇത്. സോവിയറ്റ് യൂണിയൻ തകർന്നപ്പോൾ കുന്നു കൂട്ടിയിരുന്ന സോവിയറ്റ് ന്യൂക്ലിയർ ആയുധങ്ങളിൽ ഒരു ചെറിയ ശതമാനം വിഘടിച്ച് പോയ മുൻ സോവിയറ്റ് സ്റ്റേറ്റുകളുടെ കൈയ്യിൽ പെട്ടു. പൂർണ നിയന്ത്രണമുള്ള ഒരു സർക്കാരിന്റേയും പട്ടാളത്തിന്റെയും അഭാവത്തിൽ ആദ്യകാലത്തെ സാമൂഹികമായ കൺഫ്യൂഷനിടയിൽ ഇവയിൽ ചിലത് അവിടങ്ങളിലെ മാഫിയ-തീവ്രവാദ സംഘങ്ങളുടെ കൈയ്യിൽ വരുകയും അവ പണം നൽകാൻ തയ്യാറുള്ള ആർക്കും വാങ്ങാവുന്ന രീതിയിൽ അന്താരാഷ്ട്ര ബ്ലാക്ക് മാർക്കറ്റിൽ എത്തുകയും ചെയ്തു എന്നാണു ഒരു തിയറി. നെസ്റ്റ് (Nuclear Emergency Support Team) പോലുള്ള ന്യൂക്ലിയർ എമർജൻസി ടീമുകൾ നിർമ്മിക്കപ്പെട്ടതും ഈ ത്രെറ്റിന്റെ അടിസ്ഥാനത്തിൽ ആണു.

ഇതാണു തീവ്രവാദികളുടെ കൈയ്യിൽ ന്യൂക്ലിയർ ആയുധങ്ങൾ എന്ന ചിന്തയുടെ തുടക്കം എങ്കിലും പിന്നീട് പഴയ സോവിയറ്റ് രാജ്യങ്ങളിൽ നിന്ന് മാറി ഈ ഭീഷണിയുടെ സ്രോതസ്സ് പാകിസ്താൻ, നോർത്ത് കൊറിയ തുടങ്ങിയ irresponsible nuclear states എന്ന് കരുതപ്പെടുന്നവരിലെക്ക് മാറി ഈ അടുത്ത കാലത്ത്. പ്രത്യേകിച്ച് പാകിസ്താനിൽ. പട്ടാളവും സിവിലിയൻ സർക്കാരും തമ്മിൽ നിലനിൽക്കുന്ന കമ്മ്യൂണിക്കേഷൻ ഗ്യാപ്പും അൽക്വയ്ദ-താലിബാൻ ആശയാനുകൂലികൾ ആയ പട്ടാളത്തിലെ ഉന്നതരും പാശ്ചാത്യർക്കെതിരായ തീവ്രവാദി ആക്രമണങ്ങൾക്ക് സെക്യൂരിറ്റി എസ്റ്റാബ്ലിഷ്മെന്റിന്റെ ഉള്ളിൽ നിന്ന് തന്നെ സഹായങ്ങൾ നൽകപ്പെടുന്ന സാഹചര്യവും നിലനിൽക്കുന്ന അവസരത്തിൽ ന്യൂക്ലിയർ ആയുധങ്ങളുടെ സുരക്ഷയും അവ തീവ്രവാദികളുടെ കൈയ്യിൽ വരാനുള്ള സാഹചര്യവും വിശദമായി ചർച്ച ചെയ്യപ്പെട്ട ഒന്നാണു. ഒരു അവസരത്തിൽ അമേരിക്ക പാകിസ്താൻ ആണവായുധങ്ങളുടെ സുരക്ഷ നേരിട്ട് സ്വന്തം കൈയ്യാൽ ഉറപ്പാക്കാൻ തുനിഞ്ഞതായും വാർത്തകൾ ഉണ്ടായിരുന്നു. പാകിസ്താൻ ശക്തമായി ഇതിനെതിരെ രംഗത്ത് വരികയും 6 മാസത്തിൽ ഒരിക്കൽ എന്ന പോലെ ഇടയ്ക്കിടെ ആണവായുദ്ധങ്ങളുടെ സുരക്ഷയെ പറ്റി സ്റ്റേറ്റ്മെന്റ്സ് ഇറക്കാറും ഉണ്ട്.

എല്ലാ ന്യൂക്ലിയർ ഡിവൈസുകൾക്കും അതിലെ റേഡിയോആക്ടീവ് വസ്തു ശുദ്ധീകരിച്ച പ്ലാന്റിന്റെ ഒരു സിഗ്നേച്ചർ ഉണ്ടായിരിക്കും. ഈ സിഗ്നേച്ചർ ശേഖരിച്ച് വെച്ചിട്ടുള്ളവർക്ക് സ്ഫോടനം നടന്നാൽ അത് ഏത് രാജ്യത്തെ ഡിവൈസ് ആണു എന്ന തിരിച്ചറിയാനും തിരിച്ചടിക്കാനും കഴിയും പൊതുവെ. പക്ഷെ ഇപ്പോൾ സാധാരണ അണുപരീക്ഷണങ്ങൾ എല്ലാം ഭൂമിക്കടിയിലും മറ്റുമായി രഹസ്യമായി ചെയ്യുന്നത് കൊണ്ട് പരീക്ഷണത്തിനൊടുവിൽ അന്തരീക്ഷത്തിൽ കലരുന്ന വേസ്റ്റിന്റെ അളവ്  വളരെ കുറവും അത് കൊണ്ട് തന്നെ അവയുടെ സാമ്പിൾ ശേഖരിച്ച് സിഗ്നേച്ചർ  മനസ്സിലാക്കൽ അത്ര എളുപ്പവുമല്ല. മാത്രവുമല്ല പൂര്ണമായും ഒരു ന്യുക്ലിയർ ബോംബ് അല്ലാതെ റേഡിയോആക്ടീവ് വസ്തുക്കൾ സാധാരണ ബോംബിൽ മിക്സ് ചെയ്ത് ഡേർട്ടി ബോംബ് എന്നറിയപ്പെടുന്ന പ്രഹരശേഷി അല്പം കുറഞ്ഞാലും ഭീകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന ബോംബുകൾ തീവ്രവാദികളുടെ കൈപ്പിടിയിൽ ഒതുങ്ങുന്ന ഒരു ആയുധമാണ്. ഇവയെ തടുക്കൽ എളുപ്പമല്ല.

ഇവിടെ പാകിസ്താന്റെ ആയുധങ്ങൾ സുരക്ഷിതമാണോ അല്ലയോ എന്ന കാര്യമല്ല ചർച്ച ചെയ്യുന്നത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം പ്രധാനമായും പാകിസ്താനിൽ നിന്നാണു ഭീഷണി. തീവ്രവാദികളും പാകിസ്താൻ പട്ടാളവും ഇന്ത്യയുടെ കാര്യത്തിൽ അമേരിക്കക്കെതിരെ എന്നതിനേക്കാൾ ഒത്തൊരുമയോടെ ആണു പ്രവർത്തിക്കാറു അതിനാൽ തീവ്രവാദികളുടെ കൈയ്യിൽ ഇന്ത്യയിൽ ഉപയോഗിക്കാൻ ആയുധങ്ങൾ ലീക്ക് ചെയ്ത് കിട്ടാനുള്ള റിസ്ക് അമേരിക്കയ്ക്ക് ഉള്ളതിനെക്കാൾ പതിന്മടങ്ങ് കൂടുതൽ ആണു. ആണവായുധങ്ങൾ കടത്തിക്കൊണ്ട് വരുന്നതും വന്നാൽ തന്നെ ഇന്ത്യയിൽ വെച്ച് സ്ഫോടനം നടക്കും മുന്നെ കണ്ട് പിടിക്കാനുമുള്ള കഴിവ് ഇന്ത്യയ്ക്ക് ഇല്ല എന്ന് സമ്മതിക്കേണ്ടി വരും. അങ്ങനെ വരുമ്പോൾ പരോക്ഷമായി ഈ ഒരു ആക്രമണം നടത്തുന്നതിൽ നിന്ന് അക്രമികളെ പിന്തിരിപ്പിയ്ക്കാനുള്ള കഴിവ് ഇന്ത്യയുടെ ന്യൂക്ലിയർ ഡിറ്ററൻസ് പോളിസിക്കും പ്രഖ്യാപിത നിലപാടുകൾക്കും ഉണ്ടാവണം. അതാണു ഇവിടെ പരിശോധിക്കാൻ ശ്രമിക്കുന്നത്.

ഇന്ത്യ ആണവായുധം പരീക്ഷിച്ച് ഉടനെ തന്നെ തുടര് പരീക്ഷണങ്ങൾക്ക്  മേൽ  സ്വയം മോരട്ടോരിയം പ്രഖ്യാപിക്കുകയും ഒരു ന്യൂക്ലിയർ പോളിസി പുറത്തിറക്കുകയും ചെയ്തു. ഇന്ത്യ ആണവായുധം ഉപയോഗിക്കാൻ ഉദ്ദേശിക്കുന്ന രീതിയെ പറ്റി മറ്റുള്ളവരെ അറിയിക്കാനാണ് പ്രധാനമായും പോളിസി പ്രഖ്യാപനം കൊണ്ട് ഉദ്ദേശിക്കുന്നത്. ഇത് വഴി ആശങ്കകൾ അകറ്റാനും ആശയക്കുഴപ്പം മൂലമുള്ള  അപകടങ്ങളും യുദ്ധങ്ങളും ഒഴിവാക്കാനും ആണു ശ്രമം. ഇന്ത്യയുടെ പോളിസി പ്രധാനമായും രണ്ട് നിലപാടുകളെ ചുറ്റിപ്പറ്റി ആണു ഇറക്കിയത്.  ആദ്യം ഇന്ത്യ ആരുടെ മേലും ആണവായുധം പ്രയോഗിക്കില്ല (No First use) എന്നതും ആണവായുധം ഇല്ലാത്ത രാജ്യങ്ങൾക്ക് മേൽ   ഇന്ത്യ ആണവായുധം പ്രയോഗിക്കില്ല എന്നതും.ഇന്ത്യക്കെതിരെ ഉള്ള ആണവായുദ്ധ പ്രയോഗത്തെ നിരുൽസാഹപ്പെടുത്തുന്ന തരത്തിൽ minimum deterrence ആയി ആണു ഇത് രൂപവൽക്കരിച്ചത്. ഈ പോളിസി ഇന്ത്യ ഒരു ഡോക്യുമെന്റിലാക്കുകയോ ഫോര്മാലായി പ്രഖ്യാപിക്കുകയോ ചെയ്തിട്ടില്ല സമയാസമയങ്ങളിൽ പല പ്രഖ്യാപനങ്ങളിൽ നിന്ന് മനസ്സിലാകിയെടുക്കാവുന്ന രീതിയിലാണു.

 എന്നാൽ ഈ നിലപാടിനു വേണ്ടത്ര ക്ലാരിറ്റി ഇല്ലാത്തത് കൊണ്ടോ ഇന്ത്യയുടെ പ്രതികരണം മനസ്സിലാക്കുന്നതിൽ പരാജയപ്പെട്ടത് കൊണ്ടോ ആണു പാകിസ്താൻ 1999 ൽ കാർഗിലിൽ അതിക്രമിച്ച് കയറിയത്. ന്യൂക്ലിയർ യുദ്ധമായി മാറിയേക്കാവുന്ന സാഹചര്യത്തിൽ ഒരു  ഇന്ത്യൻ സൈനിക പ്രതികരണം ഉണ്ടാവില്ല എന്നാ കണക്ക് കൂട്ടൽ ആണു പാകിസ്താൻ പട്ടാളം നടത്തിയത്. നിയന്ത്രണരേഖ ലംഘിക്കാതെ തന്നെ ഇന്ത്യ അതിക്രമിച്ച് കയറിയവരെ  തുരത്തി എങ്കിലും ഇന്ത്യൻ പ്രതികരണം ന്യൂക്ലിയർ യുദ്ധത്തിന്റെ നിഴലിൽ വളരെ ഒതുങ്ങിയതും ശ്രദ്ധയോട് കൂടിയതുമായിരുന്നു. തുടർന്ന് ഇന്ത്യയുടെ പ്രതികരണം അളന്ന പാകിസ്താൻ സ്റ്റേറ്റ് പ്രത്യക്ഷമായി തന്നെ പങ്ക് കൊണ്ട 2001 പാര്ലമെന്റ് ആക്രമണം മുതൽ 2008 മുംബൈ ആക്രമണം അടക്കം എല്ലാം ഈ ന്യൂക്ലിയർ അംബ്രല്ലയ്ക്കുള്ളിൽ പാകിസ്ഥാനെതിരെ പ്രതികരണം ഉണ്ടാവില്ല എന്ന ഉറപ്പ് വരുത്തിയവ ആയിരുന്നു.

2001 ൽ പാര്ലമെന്റ് ആക്രമണത്തിനു ശേഷം ഓപ്പറേഷൻ പരാക്രം എന്ന സൈനിക സന്നാഹം ഒരുക്കിയ നടപടി പാകിസ്ഥാന്റെ ന്യൂക്ലിയർ ത്രെറ്റിനു മുന്നിൽ  പരാജയം ആയ ശേഷം ഫ്ര്സ്ട്രേറ്റഡ് ആയ  ഇന്ത്യ 2003ൽ ന്യൂക്ലിയർ പോളിസിയിൽ ചെറിയ ചില മാറ്റങ്ങൾ വരുത്തി. തിരുത്തിയ പോളിസി പ്രകാരം ഇന്ത്യക്കെതിരെ ഉള്ള 'മേജർ' ആക്രമണങ്ങൾക്ക് എതിരായി  ഇന്ത്യ massive ആയി ന്യൂക്ലിയർ ആയുധങ്ങൾ പ്രയോഗിക്കും. കൂടാതെ ലോകത്തെവിടെയും ഉള്ള ഇന്ത്യൻ സേനയ്ക്കെതിരെ കെമിക്കൽ & ബയോളജിക്കൽ ആയുധങ്ങൾ ഉപയോഗിച്ചാൽ ഇന്ത്യ ആണവായുധം പ്രയോഗിക്കും. ഇതോട് കൂടി ഇന്ത്യൻ പോളിസി minimum deterrenceൽ നിന്ന് assured retaliation എന്നതിലേക്ക് മാറി. ഈ ചെറിയ മാറ്റങ്ങളിലൂടെ ഇന്ത്യ ഇതിനു മുന്നേ പ്രഖ്യാപിച്ച പോളിസിയുടെ കാതൽ  തന്നെ മാറുകയാണ് ചെയ്തത്. ഇത് പൂർണമായും ചിന്തിച്ച് വ്യക്തതയോടെ വരുത്തിയ മാറ്റങ്ങളാണോ എന്ന ഉറപ്പില്ല.

ആദ്യം പ്രയോഗിക്കില്ല എന്ന പ്രഖ്യാപനത്തിന് ചേര്ന്നതല്ല മേജര് അറ്റാക്കിനെതിരെ ആണവായുധം ഉപയോഗിക്കും എന്ന പുതിയ പ്രഖ്യാപനം. കെമിക്കൽ അല്ലെങ്കിൽ ബയോളജിക്കൽ ആക്രമണം ഒരു ആണവായുധമില്ലാത്ത രാജ്യം നടത്തിയാലും ഇന്ത്യ തിരിച്ചടിക്കും എന്ന സൂചനയാണു രണ്ടാമത്തെ പോയിന്റിൽ ഉള്ളത്.  ഇന്ത്യ വ്യക്തമായ ഒരു പോളിസി ഡോക്യുമെന്റ് പുറത്തിറക്കാത്ത സാഹചര്യത്തിൽ ഇവയെല്ലാം അവ്യക്തമായ സൂചനകളാണു നല്കുന്നത്. പാകിസ്ഥാനിൽ നിന്നുള്ള ഒരു ന്യൂക്ലിയർ ഡിവൈസ് ഉപയോഗിച്ച്  ഇന്ത്യയിൽ തീവ്രവാദികൾ സ്ഫോടനം നടത്തിയാൽ എന്തായിരിക്കും ഇന്ത്യൻ പ്രതികരണം എന്ന് ഈ സാഹചര്യത്തിൽ  ചിന്തിക്കണം.

മേജര് അറ്റാക്ക് എന്ന ഗണത്തിൽ പെടുന്നത് കൊണ്ട് ഇന്ത്യ പാകിസ്ഥാനെതിരെ ന്യൂക്ലിയർ ആക്രമണം നടത്തുമോ? 2008 ലെ മുംബൈ ആക്രമണം ഈ കാറ്റഗറി ആയിരുന്നോ? നടത്തില്ല എങ്കിൽ എന്താണു ന്യൂക്ലിയർ ഡോക്ട്രിൻ കൊണ്ട് ഉദ്ദേശിക്കുന്നത്? ക്രെഡിബിൾ ആയ കാര്യങ്ങൾ അല്ല ന്യൂക്ലിയർ പോളിസിയിൽ എങ്കിൽ ആരും അത് സീരിയസ് ആയി എടുക്കും എന്ന കരുതുക വയ്യ. ഇത് നടപ്പിലാക്കാനുള്ള പൊളിറ്റിക്കൽ വിൽ ഒരു ചോദ്യചിഹ്നവുമാണു. തീവ്രവാദികളും മറ്റ്‌ രാജ്യങ്ങളും ഇത് ടെസ്റ്റ്‌ ചെയ്ത് നോക്കാൻ നിര്ബന്ധിതരാവും. കാർഗിൽ നല്ല ഒരു ഉദാഹരണമാണ്. ന്യൂക്ലിയർ ഡോക്ട്രിനിൽ പറഞ്ഞ കാര്യങ്ങൾ രാഷ്ട്രീയമായ നേതൃത്വം ഫങ്ങഷണൽ അല്ലാത്ത ഒരു സാഹചര്യത്തിൽ ന്യൂക്ലിയർ കമാന്റിന്റെ ചുമതലയുള്ള പ്രതിരോധസേന നിർവഹിക്കണം. ആ സാഹചര്യത്തിൽ  ഒന്നോ രണ്ടോ ആളുകൾ  ഇത് വായിച്ചെടുക്കുന്നത് എങ്ങനെ എന്നതിനനുസരിച്ചിരിക്കും ഒരു ന്യൂക്ലിയർ ലോഞ്ച്.

ഒരു ആക്രമണം ഉണ്ടായാലുള്ള പ്രതികരണം ആലോചിക്കുന്നതിനു പകരം ഇത്തരം ഒരു ആക്രമണം തടയാൻ കഴിയുന്ന ഒരു പോളിസി ഉണ്ടാവുക ആണു വേണ്ടത്. ഏതെങ്കിലും രാജ്യത്ത് നിന്ന് വന്ന ന്യൂക്ലിയർ  ഡിവൈസ് ഉപയോഗിച്ച് ഒരു ആക്രമണം ഉണ്ടായാൽ അതിന്റെ പൂര്ണ്ണ  ഉത്തരവാദിത്തം ആ രാജ്യത്തിനു ആണു എന്ന്  വ്യക്തമാക്കണം. അത് ഇന്ത്യ എങ്ങനെ കണക്കാക്കുമെന്നും  അതിനോട് എങ്ങനെ  പ്രതികരിക്കും എന്നും  വ്യക്തമാക്കിയാൽ അത് ക്രെഡിബിൾ ആണെന്ന് വരികയും വേണം. ഇതൊന്നും വ്യക്തമാക്കാതെ ഉള്ള ഒരു ന്യൂക്ലിയർ പോളിസി ഗുണത്തെക്കാളേറെ റിസ്ക്‌ വര്ദ്ധിപ്പിച്ച് ദോഷമാണ് ഇന്ത്യക്ക് ചെയ്യുന്നത്.