നമ്മൾ ഓർത്ത് വെക്കുന്ന കാര്യങ്ങൾ ആണു നമ്മൾ ആരാണു എന്നുള്ളത് തീരുമാനിക്കുന്നത്. അങ്ങനെ നോക്കിയാൽ മറവിയിൽ തള്ളുന്ന കാര്യങ്ങൾ നോക്കിയും നമ്മൾ ആരാണു എന്ന് തീരുമാനിക്കാം. 2010 ജുലൈ മാസത്തിൽ ഇന്ത്യ-പാകിസ്താൻ ഉഭയകക്ഷി ചർച്ച പരാജയപ്പെട്ടു. ഇതിനു ഇന്ത്യയെ കുറ്റപ്പെടുത്തിയ പാകിസ്താൻ വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷി കാരണമായി പറഞ്ഞത് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് എം കൃഷ്ണ ചർച്ചക്കിടയിൽ ഇടയ്ക്കിടെ ഡൽഹിയുമായി ഫോണിൽ ബന്ധപ്പെട്ട് കൊണ്ടിരുന്നു എന്നാണു. ഇത് ഓർമ്മയുണ്ട്. എന്നാൽ വാജ്പേയി സർക്കാരും നവാസ് ഷെറീഫും തമ്മിൽ ലാഹോർ സമാധാന ചർച്ച നടക്കുമ്പോൽ പാക് ആർമി ജെനറൽ പർവേസ് മുഷറഫ് കാർഗിലിൽ നുഴഞ്ഞ് കയറ്റം നടത്തുക ആയിരുന്നു. അന്ന് ഇവർ തമ്മിൽ ബീജിങ്ങിൽ നിന്ന് വിളിച്ച ഫോൺ കോളുകളിൽ നിന്ന് തെളിഞ്ഞ കാര്യം. അത് നമ്മൾ മറന്നു.
ഉഭയകകഷി ചർച്ചകൾ പുനസ്ഥാപിക്കാൻ എന്ത് വില കൊടുത്തും നെട്ടോട്ടമോടുന്നവർ ഒരു നിമിഷം നിന്ന് ആലോചിക്കേണ്ട ഒരു കാര്യമുണ്ട്. ഇത്ര നാളും മുട്ടിനു മുട്ടിനു നടത്തിയ ചർച്ചകൾ കൊണ്ട് ഇന്ന വരെ വല്ലതും നേടിയിട്ടണ്ടോ? അതിവേഗം തകർച്ചയിലേക്ക് കൂപ്പ് കുത്തിക്കൊണ്ടിരിക്കുന്ന ഒരു രാജ്യമാണു പാകിസ്താൻ. മതമൗലികവാദികളായ മുല്ലമാർക്കും പാക് ആർമിക്കും സൽമാൻ തസീറിനെ പോലെ ഒന്ന് ഉറക്കെ ശബ്ദിച്ചാൽ വെടിയേറ്റ് വീഴുന്ന ലിബറൽ രാഷ്ട്രീയക്കാർക്കും ഇടയിൽ ആഭ്യന്തരമായി ദിശയില്ലാതെ ഉലയുന്ന ഒരു രാജ്യമാണു പാകിസ്താൻ. ഇതിൽ ആരോടാണു ഇന്ത്യ ചർച്ച നടത്തേണ്ടത്? സ്വന്തമായി ചർച്ച നടത്തി ഒരു തീരുമാനം എടുക്കാൻ രാഷ്ട്രീയമായി കെൽപ്പുള്ള ഏത് വിഭാഗം ആണു പാകിസ്താനിൽ ഉള്ളത്?
ഇന്ത്യയോട് സ്വന്തമായി തുടങ്ങിവെച്ച യുദ്ധങ്ങളിൽ തുടർച്ചയായി ഏറ്റ് വാങ്ങിയ പരാജയങ്ങൾക്ക് പ്രതികാര ദാഹവുമായി നടക്കുകയാണു പാക് ആർമി. 1971ൽ ജെനറൽ നിയാസി കീഴടങ്ങുന്ന ചിത്രം ഇന്ത്യ മ്യൂസിയത്തിൽ വെച്ചു എങ്കിലും യഹിയ ഖാൻ, സിയ ഉല് ഹഖ്, മുഷറഫ് തുടങ്ങിയവർ മുതൽ ഇന്ത്യയുടെ കാബൂൾ എംബസിക്ക് നേരെയും, 26/11 മുംബൈയിലും, കശ്മീരിലും ഇപ്പോഴും അക്രമം അഴിച്ച് വിടുന്ന ജെനറൽ കയാനിയിൽ വരെ എത്തിനിൽക്കുന്ന അവരുടെ നിലപാടുകൾക്ക് ഇന്നും മാറ്റം വന്നിട്ടില്ല. പാകിസ്താനിൽ ഇൽസ്ലാമിക് ഖിലാഫത്ത് സ്ഥാപിക്കാൻ ലക്ഷ്യം ഉള്ള മതമൗലിക-തീവ്രവാദ സംഘടനകളൂം എന്ത് വില കൊടുത്തും അധികാരത്തിൽ തുടർന്ന് ജീവനും സ്വത്തും സംരക്ഷിക്കാൻ ശ്രമിക്കുന്ന പാക് രാഷ്ട്രീയക്കാരും പാക് ആർമിയും യോജിക്കുന്നത് ഇന്ത്യയുമായുള്ള പകയുടെ കാര്യത്തിൽ മാത്രമാണു. ഒരു കണക്കിനു നോക്കിയാൽ പാകിസ്താൻ എന്ന രാജ്യത്തിന്റെ കെട്ടുറപ്പ് തന്നെ ഇന്ത്യ വിരുദ്ധവികാരത്തിന്റെ പുറത്താണു. സ്വന്തം നിലനിൽപ്പ് മറന്ന് ഇവർ ആരെങ്കിലും ഇന്ത്യയോട് നിലപാടിൽ അയവ് വരുത്തിയാൽ മറ്റ് രണ്ട് വിഭാഗങ്ങൾ ഇവരെ തകർക്കും. പുലിപ്പുറത്ത് ഇരിക്കുന്നവർ ആരും തന്നെ സ്വന്തം ജീവൻ കളഞ്ഞ് ഇന്ത്യയോട് സൗഹൃദം പുലർത്തും എന്ന് കരുതാൻ വയ്യ.
പിന്നെ എന്തിനു പാകിസ്താൻ ചർച്ചയ്ക്ക് തയ്യാറാവുന്നു? തീവ്രവാദം ഒരു സ്റ്റേറ്റ് പോളിസി ആയി ഉപയോഗിക്കുന്ന രാജ്യമാണു പാകിസ്താൻ. ഓരോ തീവ്രവാദി ആക്രമണവും ഓരോ സൈക്കിൾ ആണു. ആക്രമണം- നിഷേധിക്കൽ-വിലപേശൽ-ആക്രമണം. ഇന്ത്യയുമായുള്ള ചർച്ച അന്താരാഷ്ട്ര സമ്മർദ്ദം കുറക്കന്നും സാധാരണ സ്വന്തം നിലക്ക് എന്ത് വില കൊടുത്തും ചർച്ചക്ക് തയ്യാറാവുന്ന ഇന്ത്യയെ തീവരവാദി ആക്രമണം ആരോപിക്കുന്നതിൽ നിന്ന് ബാക് ഫുട്ടിൽ ആക്കാനും നടപടികൾ എടുക്കാതെ സമയം തള്ളിനീക്കാനും ആണു പാകിസ്താൻ ഉപയോഗിക്കാറു. മതമൗലികവാദ-പട്ടാള സംഘത്തിന്റെ ചരട് വലി ഇല്ലാതെ സ്വന്തം നിലയ്ക്ക് ഒരു തീരുമാനം എടുക്കാൻ കഴിവുള്ള ഒരു സർക്കാരും ഇന്നേ വരെ പാകിസ്താനിൽ വന്നിട്ടില്ല. സർക്കാർ മുറ പോലെ നടത്തേണ്ട ഒരു ചടങ്ങായാണു പല പാക് സർക്കാരുകളും ഇന്ത്യയുമായുള്ള ചർച്ചയെ സമീപിക്കാറു.
അപ്പോൾ ഇന്ത്യ എന്ത് കൊണ്ട് വീണ്ടൂം ചർച്ചയ്ക്ക് പോകുന്നു? മേൽപ്പറഞ്ഞ കാര്യങ്ങൾ ഒരു സാധാരണക്കാരനേക്കാൾ നന്നായി അറിയുന്നവരാണു ഇന്ത്യൻ ബ്യൂറോക്രസിയും അത് വഴി മാറി മാറി വരുന്ന സർക്കാരുകളും. ഇന്ത്യയിൽ പാകിസ്താൻ വിരുദ്ധവികാരം നിലനിർത്തേണ്ട ആവശ്യം രാഷ്ട്രീയമായി ഇല്ല എന്ന് മാത്രമല്ല പാകിസ്താനുമായി സമാധാനം കൊണ്ട് വരാൻ കഴിയുന്നത് രാഷ്ട്രീയമായി നേട്ടം ഉണ്ടാക്കുന്ന കാര്യവുമാണു. കക്ഷി ഭേദമെന്യേ ഇന്ത്യൻ സർക്കാരുകൾ നിരന്തരമായി ശ്രമിക്കുന്ന ഒരു കാര്യമാണു പാകിസ്താനുമായി നല്ല ബന്ധം നിലനിർത്തുക എന്നുള്ളത്.
പക്ഷെ മുംബൈ ആക്രമണം പോലെ ഉള്ള പ്രതികരണം ഒഴിവാക്കാൻ പറ്റാത്ത സാഹര്യങ്ങളിൽ പോലും ഏറ്റവും ആദ്യം കിട്ടുന്ന അവസരത്തിൽ ഉപാധികൾ ഇല്ലാതെ ചർച്ച നടത്താൻ ഇന്ത്യൻ സർക്കാരിനെ പ്രേരിപ്പിക്കുന്നത് എന്താവാം? ചർച്ചകൾ പ്രഷർ കുക്കറിന്റെ സേഫ്റ്റി വാൾവ് പോലെയാണു ഇന്ത്യ-പാക് ബന്ധത്തിൽ. ഇന്ത്യയിലെ ഓരോ പാക് തീവ്രവാദി ആക്രമണത്തിനു ശേഷവും സൈനികമായി അല്ലാതെ ഇന്ത്യയ്ക്ക് പ്രതികരിക്കാൻ ഉള്ള മാർഗം ആയാണു ചർച്ച നിർത്തിവെക്കുക എന്ന നടപടിയെ ഇന്ത്യൻ സർക്കാരുകൾ ഉപയോഗിക്കുന്നത്. ഇന്ത്യയിലെ ജനങ്ങൾക്ക് മുന്നിൽ പ്രത്യക്ഷത്തിൽ എടുത്ത് കാട്ടാവുന്ന ഒരു നടപടിയാണു ഇത്. പക്ഷെ ഇത് ആദ്യ പടി മാത്രമേ ആവുന്നുള്ളൂ. ചർച്ചകൾ നിർത്തി വെക്കുന്നത് പ്രശ്നപരിഹാരം അല്ല. കാരണം പാകിസ്താനു ചർച്ച നടന്നാലും ഇല്ലെങ്കിലും ഒന്നുമില്ല എന്ന് ഉറപ്പാണല്ലൊ. ചർച്ച നിർത്തിവെക്കുന്നത് കൊണ്ട് പാകിസ്താന്റെ മേൽ സമ്മർദ്ദം ചെലുത്തി മേലാൽ ആക്രമണങ്ങൾ ഉണ്ടാവാതിരിക്കാനുള്ള നടപടികൾ എടുപ്പിക്കാൻ കഴിയണം. ഇല്ലെങ്കിൽ സൈനികമായി പ്രത്യക്ഷമായോ പരോക്ഷമായോ ഉള്ള നടപടികളിലേക്ക് കടക്കണം അടുത്ത പടിയായി. അല്ലാതെ അത് മാത്രമായി ഒരു സക്രിയ നടപടി ആയി കാണാൻ കഴിയില്ല.
ഇവിടെയാണു ചർച്ച പുനരാരംഭിക്കൽ കടന്ന് വരുന്നത്. സൈനികമായ ഒരു നീക്കം അല്ലാതെ കാര്യം നടക്കുന്നില്ല എന്ന് വരുമ്പോൾ ഇന്ത്യൻ സർക്കാർ എത്രയും വേഗം ചർച്ച പുനസ്ഥാപിക്കാൻ തിടുക്കം കാണിക്കും. കാരണം ഒഴിവാക്കാൻ കഴിയാത്ത അടുത്ത തീവ്രവാദി ആക്രമണം വരുമ്പോൾ വിഛേദിക്കാൻ ഈ ചർച്ചകൾ കൂടി ഇല്ലെങ്കിൽ എന്തെങ്കിലും meaningful ആയ നടപടി എടുക്കാൻ സർക്കാർ നിർബന്ധിതമാവും. ഇന്ത്യൻ ജനതയുടെ വികാരം സ്വന്തം ദേഹത്ത് തട്ടാതിരിക്കാനുള്ള ഒരു സേഫ്റ്റി വാൾവ് മാത്രമാണു പാകിസ്താനുമായുള്ള ചർച്ചകൾ എന്ന് വരുന്നു.
ഇനിയെങ്കിലും സ്വന്തം ജനതയെ വിഢികളാക്കുന്ന ഈ ചർച്ച നിർത്തിവെക്കൽ കളി ഇന്ത്യൻ സർക്കാരുകൾ ഒഴിവാക്കേണ്ടതുണ്ട്. അതിനുള്ള പൊളിറ്റിക്കൽ വിൽ ഉള്ള ഒരു സർക്കാർ ഇന്ത്യയിൽ അധികാരത്തിൽ വരേണ്ടതുണ്ട്. ഇല്ലെങ്കിൽ ഇനിയും ചർച്ചകൾ തുടങ്ങിയും മുടങ്ങിയും ഇരിക്കും. ഇന്ത്യയിലെ പൗരന്മാർ തീവ്രവാദത്തിന്റെ നിഴലിൽ കഴിയേണ്ടിയും വരും.
ദില്‍ബാ നന്നായി പറഞ്ഞിരിക്കുന്നു
ReplyDeleteപറയേണ്ടത് പറയേണ്ട പോലെ പറഞ്ഞിരിക്കുന്നു. പക്ഷെ ഇതാര് കേള്‍ക്കാന്‍ എന്നതാണ് പ്രശ്നം!!
ReplyDeleteആശംസകള്‍!!