Friday, October 29, 2010

കശ്മീർ: സത്യവും മിഥ്യയും

ലേഹ് വെള്ളപ്പൊക്കത്തെ പറ്റി CNNൽ വന്ന വാർത്തയാണിത്: Death toll from Kashmir flooding rises to 112
തിരുത്ത്: ലേഹ് കശ്മീരിൽ അല്ല. കശ്മീരിൽ വെള്ളപ്പൊക്കമില്ല.
വൈഷ്ണോദേവി തീർത്ഥാടന സംഘം പറയുന്നു. "ഞങ്ങൾ കശ്മീരിൽ പോയിരുന്നു. അവിടം തികച്ചും ശാന്തമാണു.
തിരുത്ത്: വൈഷ്ണോദേവി ജമ്മുവിലാണു. ജമ്മുവിൽ ജിഹാദില്ല.
ടെക്സസ് യൂണിവേഴ്സിറ്റിയുടെ വെബ്സൈറ്റിലെ ഈ ലേഖനം 1999 war in Kargil, Kashmir നെ പറ്റിയാണു.
തിരുത്ത്: കാർഗിൽ കശ്മീരിൽ അല്ല. അത് ലഥാക്കിലാണു.

ഇന്ത്യയുടെ മറ്റ് ഭാഗത്തു നിന്നുള്ളവർക്ക് കശ്മീരിനേയും കശ്മീരികളേയും പറ്റി ശരിയായ ധാരണ ഇല്ല എന്നുള്ളത് കശ്മീരികളുടെ ഒരു സ്ഥിരം പരാതിയാണു. ഒരു കണക്കിനു അത് ശരിയുമാണു. J&K സംസ്ഥാനം എന്നുള്ളതിനു പൊതുവെ കശ്മീർ എന്ന് പറയാറുണ്ട്. പലരും അങ്ങനെ തന്നെ ധരിച്ചിട്ടുമുണ്ട്. ഇത് തെറ്റായ ഒരു വസ്തുതയാണു കാരണം കശ്മീർ ആ സംസ്ഥാനത്തിന്റെ വളരെ ചെറിയ ഒരു ഭാഗം മാത്രമാണു. കൃത്യമായി പറഞ്ഞാൽ 6.98%. 'കശ്മീർ മുതൽ കന്യാകുമാരി വരെ നീണ്ട് കിടക്കുന്ന ഇന്ത്യ' എന്ന പ്രയോഗവും വസ്തുതാപരമായി തെറ്റാണു. കാരണം ഇന്ത്യയുടെ വടക്കെ അറ്റം കശ്മീരല്ല ലഡാക്ക് ആണു. ഇനി ഔദ്യോഗികമായ ഭൂപടം അനുസരിച്ചാണെങ്കിൽ പാക് അധീന കശ്മീരിലെ ഗിൽജിറ്റും അക്സായ് ചിന്നുമാണു ഇന്ത്യയുടെ വടക്കെ അറ്റം. പക്ഷെ ഈ പ്രദേശങ്ങളൊന്നും തന്നെ കശ്മീരിന്റെ ഭാഗം അല്ല. കശ്മീർ എന്ന് പറയുന്നത് ഇന്ത്യയുടെ വടക്ക് ഭാഗത്തിന്റെ തെക്കേ അറ്റത്താണു.

അത് കൊണ്ട് തന്നെ ഭൂമിശാസ്ത്രപരമായി ഇന്ത്യയോട് വളരെ ചേർന്ന് കിടക്കുന്ന ഭാഗമാണു. പാകിസ്താന്റെ കൈവശമുള്ള പാക് അധീന കശ്മീർ എന്നറിയപ്പെടുന്ന ഭാഗം പോലും കശ്മീരിനോട് ചേർന്നല്ല കിടക്കുന്നത്. കശ്മീരിൽ ഇപ്പോൾ നിലനിൽക്കുന്ന സംഘർഷത്തിന്റെ വെളിച്ചത്തിൽ ഇതിനെ പറ്റി കൂടുതൽ വിശദമായി പറയേണ്ടതുണ്ട്.

കശ്മീരിന്റെ യഥാർത്ഥത്തിൽ ഉള്ള അതിർത്തിയും വലിപ്പവും അവ്യക്തമായി നിലനിർത്തുന്നതിനു ഈ പ്രശ്നത്തിൽ പങ്കുള്ള ചില തല്പരകക്ഷികൾ എന്നും ശ്രമിച്ച് വന്നിട്ടുള്ളതാണു. മിക്ക ആളുകളോടും ഭൂപടത്തിൽ കശ്മീർ കാണിച്ച് തരാൻ പറഞ്ഞാൽ ഇന്ത്യയുടെ 'തല' പോലെയുള്ള ഭാഗം ചൂണ്ടിക്കാണിക്കും. എന്നാൽ സത്യത്തിൽ കശ്മീർ എന്താണെന്നും എവിടെയാണു എന്നും താഴെ ഉള്ള ചിത്രം ശ്രദ്ധിച്ചാൽ മനസ്സിലാവും.












മുകളിൽ കാണിച്ചിരിക്കുന്ന ഇന്ത്യയുടെ ഔദ്യോഗിക ഭൂപടത്തിൽ മുഴുവൻ ജമ്മു & കശ്മീർ കാണിച്ചിരിക്കുന്നു. അതിൽ കശ്മീരിന്റെ ഏകദേശ അതിർത്തി ചുവന്ന നിറത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത് ശ്രദ്ധിയ്ക്കുക. നിഷ്പക്ഷമായ ഒരു കാഴ്ച്ചപ്പാടിൽ നിന്ന് നോക്കുകയാണെങ്കിൽ താഴെകൊടുത്തിരിക്കുന്ന വിക്കിപീഡിയയിൽ നിന്നുള്ള ചിത്രത്തിൽ കശ്മീർ താഴ്വര കാണിച്ചിരിക്കുന്നത് കാണുക.








ഇനി കശ്മീരും ജമ്മു & കശ്മീരും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് നോക്കാം. കശ്മീർ തർക്കം നിലനിൽക്കുന്ന പ്രദേശമാണു എന്നാൽ ജമ്മു & കശ്മീർ അങ്ങനെയല്ല എന്നുള്ളത് തന്നെയാണു പ്രധാന വ്യത്യാസം.കശ്മീർ മുസ്ലിം ഭൂരിപക്ഷം ഉള്ള പ്രദേശമാണു എന്നാൽ സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിൽ അങ്ങനെയല്ല. കശ്മീർ വിഘടനവാദം ഉന്നയിക്കുമ്പോൾ സംസ്ഥാനത്തിന്റെ ബാക്കി ഭാഗങ്ങൾ ഇന്ത്യയോടൊപ്പം നിൽക്കാൻ ആഗ്രഹിക്കുന്നു. കശ്മീരാകട്ടെ സംസ്ഥാനത്തിന്റെ ചെറിയ ഒരു ഭാഗം മാത്രവുമാണു. കണക്കുകൾ നോക്കാം.

Area of Kashmir: 15,520.3 sq km (Wikipedia)

Area of J&K under Indian Control: ~101,400 sq km (Forest Survey Website)

Total Area of Undivided J&K: 222,236 sq km (Wikipedia)

അപ്പോൾ കശ്മീർ എന്ന പ്രദേശം അവിഭക്ത സംസ്ഥാനത്തിന്റെ 7 ശതമാനവും ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള പ്രദേശത്തിന്റെ ഏകദേശം 15 ശതമാനവും ആണു എന്ന് കാണാം.

BBCയിൽ നിന്നുള്ള ചിത്രം താഴെ.












കശ്മീരിന്റെ നിർവചനം എന്താണു? കശ്മീരി ഭാഷയിൽ താഴ്വരയ്ക്ക് പുറത്ത് നിന്ന് വരുന്ന എല്ലാറ്റിനേയും 'നെബാർ' എന്നാണു വിളിക്കുന്നത്. വിദേശി/പുറത്ത് നിന്ന് വന്നത് എന്ന അർത്ഥത്തിൽ. സംസ്ഥാനത്തിന്റെ ജമ്മു, ലഥാക്ക്, കശ്മീർ എന്നീ ഭാഗങ്ങളിൽ ഒന്ന് മാത്രമാണു കശ്മീർ. അനന്ത്നാഗ്, ബാരമുള്ള, ശ്രീനഗർ എന്നീ ജില്ലകൾ കൂടിച്ചേർന്ന ഭാഗം. (ശ്രീനഗറിനെ ഈ അടുത്ത കാലത്ത് 10 ചെറു ജില്ലകളായി തിരിച്ചിട്ടുണ്ട്). ഇവിടെ കശ്മീരികൾ എന്ന ജനവിഭാഗം താമസിക്കുകയും കശ്മീരി ഭാഷ സംസാരിക്കുകയും ചെയ്യുന്ന ഈ ചെറു പ്രദേശമാണു 63 വർഷങ്ങളായി സംസ്ഥാനരാഷ്ട്റീയത്തിൽ മേധാവിത്തം പുലർത്തുന്നത്.

എന്ത് കൊണ്ടാണു കശ്മീരും ജമ്മു & കശ്മീരും തമ്മിലുള്ള ഈ വ്യത്യാസം അവ്യക്തമാക്കപ്പെടുന്നതും ഈ വേർതിരിവ് എടുത്ത് കാണിക്കേണ്ടത് പ്രാധാന്യമർഹിക്കുന്ന സംഗതിയാവുന്നതും? ഈ ചെറിയ മുസ്ലിം ഭൂരിപക്ഷ പ്രദേശം മുഴുവൻ സംസ്ഥാനത്തെയും സ്തംഭിപ്പിക്കുകയും ഇന്ത്യ എന്ന രാജ്യത്തിനു തന്നെ തലവേദന സൃഷ്ടിക്കുകയും ചെയ്യുന്നു. സംസ്ഥാനത്തിന്റെ 7% വരുന്ന ഈ മുസ്ലിം ഭൂരിപക്ഷ പ്രദേശം മതേതര ഇന്ത്യയുടെ ഭാഗമാവാൻ ആഗ്രഹിക്കുന്നില്ല. സംസ്ഥാനത്തിന്റെ തെക്ക് ഭാഗത്ത് കിടക്കുന്ന ജമ്മുവിൽ ഭൂരിപക്ഷം ജനങ്ങൾ അയൽ സംസ്ഥാനങ്ങളായ പഞ്ചാബിനോടും ഹിമാചൽ പ്രദേശിനോടും സാംസ്കാരികമായി സാമ്യം പുലർത്തുന്ന ഹിന്ദുക്കളും വടക്ക് ഭാഗത്തെ ലഥാക്കിൽ ടിബറ്റ് സംസ്കാരവുമായി സാമ്യം പുലർത്തുന്ന ബുദ്ധമതവിശ്വാസികളുമാണു. ഇരു കൂട്ടർക്കും ഇന്ത്യയുടെ ഭാഗമായിരിക്കുന്നതിൽ യാതൊരുവിധ പ്രശ്നങ്ങളുമില്ല. മുസ്ലിം ഭൂരിപക്ഷപ്രദേശമായ (97%) കശ്മീരിനു മാത്രമാണു ഇന്ത്യയുടെ ഭാഗമാവുന്നതിൽ എതിർപ്പ്. ഇവിടത്തെ ന്യൂനപക്ഷമായ മറ്റ് മതവിശ്വാസികളുടെ എണ്ണം നൂറ്റാണ്ടൂകളും പതിറ്റാണ്ടുകളും കടന്ന് പോയതിനൊപ്പം നടന്ന നിരവധി പലായനങ്ങൾക്കും മതപരിവർത്തനങ്ങൾക്കുമൊപ്പം കുറഞ്ഞ് വന്ന് കൊണ്ടിരുന്നു. ഈ ചെറിയ ഭൂപ്രദേശമാണു ഏഷ്യയിലെ തീപ്പൊരി കാത്തുകിടക്കുന്ന വെടിമരുന്നുപുര എന്ന് പേരു നേടിയ വെടിയൊച്ച നിലയ്ക്കാത്ത കശ്മീർ. ഭൂമിയിലെ സ്വർഗ്ഗം എന്ന് അറിയപ്പെട്ടിരുന്ന ഈ കശ്മീർ പിന്നീട് ഇസ്ലാമിക വിഘടനവാദത്തിന്റെ തീയിൽ നിന്ന് കത്തി. ജമ്മു & കശ്മീർ എന്ന സംസ്ഥാനത്തിലെ ജനങ്ങൾ അല്ല കശ്മീർ പ്രദേശത്തെ ജനങ്ങൾ ആണു 'ആസാദി'യ്ക്ക് വേണ്ടി മുറവിളി കൂട്ടുന്നത് എന്ന് എടുത്ത് പറയേണ്ട ഒരു സംഗതി ആവുന്നത് ഈ അവസരത്തിൽ ആണു. ഇന്ത്യ എന്ന രാജ്യത്തിലെ സംസ്കാരിക വൈവിധ്യവുമായി ചേർന്ന് നിൽക്കുന്നതാണു ജമ്മു & കശ്മീർ എന്ന സംസ്ഥാനത്തെ ജനങ്ങളുടെ വവിധ്യവും പക്ഷെ പച്ചക്കൊടി വീശി തെരുവിൽ കല്ലേറ് നടത്തുന്ന വിഘടനവാദികൾക്ക് ഇതേ വൈവിധ്യം കല്ലുകടിയാണു. അത് കൊണ്ട് തന്നെ അവർ ഒരിക്കലും അതിനെ അംഗീകരിക്കുകയുമില്ല.

ഭരണത്തിൽ മാറി മാറി വന്ന രാഷ്ട്രീയ പാർട്ടികൾക്ക് ഇങ്ങനെ ഏച്ച്കൂട്ടിയ രീതിയിൽ തന്നെ സംസ്ഥാനത്തിനെ നിലനിർത്തുകയല്ലാതെ മറ്റ് വഴികൾ ഉണ്ടായിരുന്നില്ല. ജമ്മുവിനും കശ്മീരിനും ലഥാക്കിനും പൊതുവായി എടുത്ത് കാണിക്കാൻ ഒന്നുമില്ലാത്തവിധം തമ്മിൽ അന്തരമുണ്ട്. ഓരോ പ്രദേശത്തിനും അവരുടേതായ ജനവിഭാഗങ്ങളും ഭൂപ്രകൃതിയും കാലാവസ്ഥയും ഭാഷയും സംസ്കാരവുമുണ്ട്. ചുറ്റുവട്ടത്തുള്ള മറ്റ് സംസ്ഥാനങ്ങൾക്കൊന്നും ഇത്രയും വൈവിധ്യം എടുത്ത് കാണിക്കാനില്ല. 1950കളിൽ ഭാഷയുടെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ സംസ്ഥാനങ്ങളെ വിഭജിച്ചപ്പോഴും 'സ്പെഷ്യൽ സ്റ്റാറ്റസ്' കാരണം ജമ്മു & കാശ്മീർ ഇതേ പടി നിലനിർത്തുകയാൺ ഉണ്ടായത്. ജമ്മുവും ലഥാക്കും ചേർന്ന് ഇന്ത്യയുടെ മറ്റ് ഭാഗങ്ങളും കശ്മീരുമായുള്ള ബന്ധം ഉറപ്പിയ്ക്കും എന്നുള്ള കണക്ക്കൂട്ടലും ഇതിനു പിന്നിൽ ഉണ്ടായിരുന്നു. ഈ രണ്ട് പ്രദേശങ്ങളെ കശ്മീരുമായി വേർപെടുത്തുന്നത് ഇന്ത്യയിൽ നിന്ന് കശ്മീർ കൂടുതൽ അകലാൻ ഇടയാക്കും എന്നും ഇന്ത്യ കരുതി.

എന്നാൽ പാകിസ്താൻ ജമ്മു & കശ്മീരിനെ ഒന്നായി കണക്കാക്കിയത് മറ്റൊരു ഉദ്ദേശത്തോടെയായിരുന്നു. മുഴുവൻ സംസ്ഥാനവും തങ്ങളുടേതാണു എന്ന് സ്ഥാപിയ്ക്കാനും എങ്ങാനും ഒരു ഒത്ത് തീർപ്പുണ്ടാവുകയാണെങ്കിൽ കശ്മീരിനു പകരം മറ്റ് പ്രദേശങ്ങൾ എന്ന വാദം ഉന്നയിക്കാനും വേണ്ടിയായിരുന്നു അത്. ഇത് കൊണ്ട് തന്നെയാവണം 'ആസാദോ' ജമ്മുവോ കശ്മീരോ അല്ലാതിരുന്നിട്ടും പാകിസ്താൻ കൈവശപ്പെടുത്തിയ പ്രദേശത്തിനെ ആസാദ് ജമ്മു & കശ്മീർ എന്ന് വിളിച്ചത്. പാക് അധിനിവേശ കശ്മീരിലെ പ്രധാന ഭാഷകൾ പഹാരി, മിർപുരി, ഗോജ്രി, ഹിന്ദ്കോ, പഞ്ചാബി, പഷ്തു എന്നിവയാണു (അവലംബം: വിക്കീപീഡിയ). ഇവയിലൊന്നു പോലും കശ്മീരി ഭാഷയുമായി സാമ്യം ഉള്ളവയല്ല. പാക് അധിനിവേശ കശ്മീരിലെ ജനങ്ങൾ ഇന്ത്യൻ കശ്മീരികളിൽ നിന്ന് വ്യത്യസ്തരായ ജനവിഭാഗങ്ങളാണു. അത് കൊണ്ട് തന്നെ LoC (Line of Control) കശ്മീരി കുടുംബങ്ങളെ വെട്ടിമുറിച്ചു എന്ന വാദം വസ്തുതകൾക്ക് നിരക്കാത്തതാവുന്നു.

പക്ഷെ വിഘടനവാദികൾ കശ്മീർ പ്രദേശത്തെ പ്രശ്നം ഉന്നയിക്കുമ്പോഴും എന്ത് കൊണ്ട് മുഴുവൻ ജമ്മു & കശ്മീറിനെ പറ്റി സംസാരിക്കുന്നു? ഇന്ത്യൻ ഭരണത്തിനെതിരായി കശ്മീരി മുസ്ലിമുകൾ നിരത്തുന്ന വാദങ്ങൾ അവർ പ്രത്യേക ജനവിഭാഗമാണെന്നും വ്യത്യസ്ത മതവിഭാഗക്കാരാണെന്നുമാണു. മിക്ക വിഘടനവാദികളും ഇന്ത്യക്കാരായി അറിയപ്പെടാൻ ആഗ്രഹിക്കുന്നില്ല. പക്ഷെ ജമ്മുവിലേയും ലഥാക്കിലേയും ജനങ്ങൾ ഇന്ത്യക്കാരായിരിക്കുവാൻ ആഗ്രഹിക്കുന്നു. കശ്മീരികൾ ജമ്മുവിലെ ഡോഗ്ര രാജാവിന്റെ ഭരണത്തിനു എതിരെ ഉള്ള സമരം ഇന്ത്യൻ ഭരണം വരുന്നതിനും വളരെ മുന്നെ തുടങ്ങിയതാണു. അപ്പോൾ എങ്ങനെയാണു ഡോഗ്ര രാജാവ് പിന്നീട് പിടിച്ചടക്കിയതോ ബ്രിട്ടീഷുകാരിൽ നിന്ന് വാങ്ങിച്ചതോ ആയ ബാക്കി പ്രദേശങ്ങൾക്ക് മേൽ കശ്മീരികൾക്ക് അവകാശം വരുന്നത്? ഡോഗ്ര രാജാവിന്റെ ഭരണത്തിനെതിരെ യുദ്ധം ചെയ്ത് കൊണ്ടിരുന്നവർ രാജാവിന്റെ അനന്തരാവകാശികൾ ആവുന്നതെങ്ങനെ എന്ന ചോദ്യത്തിനു കശ്മീരികൾ മറുപടി പറയേണ്ടതുണ്ട്. ഇനി ഡോഗ്രകൾ ബ്രിട്ടീഷുകാരിൽ നിന്ന് വാങ്ങിയ പ്രദേശങ്ങൾ കണക്കിലെടുത്താൽ തന്നെ അതിൽ ലഥാക്കും ഗിൽജിത്തും ബാൾട്ടിസ്താനും ഉൾപ്പെടുന്നില്ല. കശ്മീരികൾ തുടർന്നും ജമ്മു & കശ്മീർ എന്ന വാദം ഉന്നയിക്കുവാൻ കാരണങ്ങൾ രണ്ടാവാനേ തരമുള്ളൂ. പാകിസ്താൻ ആരും പോകാൻ ആഗ്രഹിക്കാത്ത ഒരു സ്ഥലമായി മാറിക്കഴിഞ്ഞിരിക്കുന്നതിനാൽ പാകിസ്താനുമായി ഇസ്ലാമികമായ കൂടിച്ചേരൽ എന്ന്തിനു പകരം മുഴുവൻ സംസ്ഥാനവും ഉൾപ്പെടുന്ന ഒരു 'സെക്കുലർ ആസാദി' എന്ന ലക്ഷ്യം. അല്ലെങ്കിൽ ഇന്ത്യയുമായി വിലപേശലിനു ഉപയോഗിക്കാൻ ഒരു വാദം.

കശ്മീർ സംസ്ഥാനത്തിന്റെ വളരെ ചെറിയ ഒരു ഭാഗമാണു എന്ന വസ്തുത മനസ്സിൽ വെച്ച് വേണം സ്വാതന്ത്ര്യം എന്ന ഐഡിയയെ സമീപിയ്ക്കാൻ. ജമ്മുവും ലഥാക്കും ഇന്ത്യയുടെ കൂടെ നിൽക്കാൻ ആഗ്രഹിക്കുന്നത് കൊണ്ട് അവർ സ്വതന്ത്ര കശ്മീരിന്റെ ഭാഗം ആകും എന്ന് കരുതാൻ വയ്യ. കശ്മീർ എന്ന 15000 ചതുരശ്ര കിലോമീറ്റർ പ്രദേശം ഒരു സ്വതന്ത്ര രാജ്യമാവുകയാണെങ്കിൽ അത് വത്തിക്കാൻ, ലക്സംബർഗ് എന്നീ രാജ്യങ്ങളേക്കാൾ അല്പം കൂടി വലുതാവും. മൂന്ന് ഭാഗങ്ങളിൽ ഇന്ത്യയും ഒരു ഭാഗത്ത് പാകിസ്താൻ കൈവശപ്പെടുത്തിയ പ്രദേശവും കൊണ്ട് ചുറ്റപ്പെട്ട് എത്ര നാൾ ഇസ്ലാമിക വിഘടനവാദം നൽകിയ 'സ്വാതന്ത്ര്യം' നിലനിൽക്കും, സ്വന്തമായി നിലനിൽക്കാൻ വേണ്ട വിഭവശേഷി ഉണ്ടോ എന്നൊക്കെ കശ്മീരികൾ ചിന്തിയ്ക്കേണ്ടതുണ്ട്. ഇന്ത്യയുമായി വേർപിരിഞ്ഞാൽ സ്വാഭാവികമായും പാകിസ്താനിൽ ലയിക്കുകയാണു അടുത്ത പടി. പാകിസ്താനിൽ 'ആർട്ടിക്കിൾ 370'യുടെ സംരക്ഷണം തുടർന്നും കിട്ടുമോ ഇല്ലെങ്കിൽ പാകിസ്താന്റെ മറ്റു ഭാഗങ്ങളുമായി താരതമ്യം ചെയ്താൽ തങ്ങളുടെ അവസ്ഥ എന്താവും എന്നും ചിന്തിക്കേണ്ടിയിരിക്കുന്നു. പാകിസ്താനെ പോലെ ഒരു failed stateഉമായി ലയിക്കൽ അല്ല ലക്ഷ്യം എങ്കിൽ കശ്മീരികൾ മാറി ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

കശ്മീരികളേക്കാൾ കൂടുതൽ ഇന്ത്യയിലെ മീഡിയയും പൊതുജനങ്ങളും മേൽ പറഞ്ഞ വസ്തുതകൾ മനസ്സിലാക്കേണ്ടതുണ്ട്. കഥയറിയാതെ ആട്ടം കാണുന്ന അവസ്ഥ തല്പരകക്ഷികൾ മുതലെടുപ്പ് നടത്തുന്നതിനു അവസരമൊരുക്കുകയേ ഉള്ളൂ. വസ്തുതകൾ അറിയാതെ സംസാരിക്കുന്നവരേയും വസ്തുതകൾ മറച്ച് പിടിച്ച് സംസാരിക്കുന്നവരേയും ഇന്ത്യയിലെ ജനങ്ങൾ തിരിച്ചറിയേണ്ടതുണ്ട്.

(വിവരങ്ങൾക്കും ചിത്രങ്ങൾക്കും കടപ്പാട്: Mr. Ashok Kaul (http://kaulonline.com/blog/)

37 comments:

  1. ദില്‍ബാ... എനിക്ക് ഇക്കാര്യത്തില്‍ തെറ്റിദ്ധാരണ ഉണ്ടായിട്ടില്ല, മറിച്ച് എന്റെ വാദങ്ങളെ കൂടുതല്‍ തേച്ച് മിനുക്കാന്‍ പ്രസ്തുത ലേഖനം സഹായിച്ചു.

    ReplyDelete
  2. നല്ല ലേഖനം ദിലീപ്,

    വസ്തുതകൾ അറിയാതെ സംസാരിക്കുന്നവരെ പറഞ്ഞ് തിരുത്താം, പക്ഷെ മറച്ച് പിടിച്ച് സംസാരിക്കുന്നവരുടെ ലക്ഷ്യം തിരിച്ചറിയുക തന്നെ വേണം...

    ReplyDelete
  3. വളരെ നല്ല ലേഖനം. ഇവിടെ നാം ഈ പ്രദേശത്തെ അന്താരാഷ്ട്ര ഇടപെടലുകളേപ്പറ്റി അല്‍പ്പം ആലോചിക്കേണ്ടതുണ്ട്. പ്രത്യേകിച്ചും ബ്രിട്ടീഷ് ഇടപെടലുകള്‍. പാക് അധിനിവേശ കാശ്മീരില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ (അത് കൂടുതലും പട്ടാള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആണെന്ന് പറയേണ്ടതില്ലല്ലോ) നടത്തുന്ന കമ്പനികളില്‍ ജോലി ചെയ്യുന്ന പലരേയും ഈ ഭാഗത്ത് നിന്നും എനിയ്ക്ക് നേരിട്ട് പരിചയമുണ്ട്.

    സൂക്ഷ്മമായി ശ്രദ്ധിച്ചാല്‍ പാകിസ്ഥാന്‍ വിഭജനത്തില്‍ ബ്രിട്ടീഷ് ഗൂഡാലോചനയാണ് മുസ്ലീം താല്‍പ്പര്യത്തേക്കാള്‍ കൂടുതല്‍ നടന്നതെന്ന് വ്യക്തമായി മനസ്സിലാകും.കാശ്മീര്‍ ഇന്നും ഒരു പ്രശ്നമായി നിലനിര്‍ത്തുന്നതില്‍ 1947 മുതലിന്നുവരെയുള്ള ചരിത്രം പരിശോധിച്ചാല്‍ ബ്രിട്ടന്റെ കയ്യ് എത്ര വലുതെന്ന് വ്യക്തമായി മനസ്സിലാകും.നമ്മള്‍ സോവിയറ്റ് യൂണിയനോട് ആഭിമുഖ്യമുള്ള നയതന്ത്ര രീതി കൊണ്ട് പിന്തുടര്‍ന്ന 50കള്‍ മുതല്‍ 90 കള്‍ വരെയുള്ള സമയം ബ്രിട്ടണ്റ്റെ പ്രൊപ്പഗാണ്ടാ മിഷീന്‍ പടച്ചുവിട്ടിട്ടുള്ള കഥകള്‍ക്ക് യാതൊരു കുറവുമില്ല. വെബില്‍ വെറുതേ തപ്പിനോക്കിയാല്‍ തന്നെ ആവശ്യത്തിന് തെളിവുകള്‍ കിട്ടും

    ഇന്ന് പാകിസ്ഥാനെയും ബ്രിട്ടണ്‍ ഊറ്റിക്കൊണ്ടിരിയ്ക്കുകയാണ്. 1956 വരെ പാകിസ്ഥാന്‍ ബ്രിട്ടീഷ് രാജ് ആയിരുന്നു- 1947 ഇല്‍ അല്ല പൊതുവേ പറയുന്നതു പോലെ പാകിസ്ഥാന് സ്വാതന്ത്ര്യം കിട്ടിയതെന്ന് ചുരുക്കം. 56 വരെ രാജ്ഞി പാകിസ്ഥാന്റേയും രാജ്ഞി ആയിരുന്നു.ഇപ്പോഴും പാകിസ്ഥാന്‍ ആര്‍മിയിലെ ഓഫീസര്‍മാരെ പരിശീലിപ്പിയ്ക്കുന്നത് ബ്രിട്ടീഷ് റൊയല്‍ ആര്‍മിയാണ്.

    അമേരിയ്ക്ക ഒരു ബ്രിട്ടീഷ് കക്ഷി മാത്രമായാണവിടെ പ്രവര്‍ത്തിയ്ക്കുന്നത്. അഫ്ഗാനിലും മിഡിലീസ്റ്റിലുമുള്ള അമേരിയ്ക്കന്‍ താല്‍പ്പര്യങ്ങള്‍ സംരക്ഷിയ്ക്കാന്‍ ബ്രിട്ടന്‍ സഹായിയ്ക്കും എന്ന പ്രതീക്ഷയില്‍.കശ്മീര്‍ പ്രശ്നത്തിലും ഗതി മറ്റൊന്നുമല്ല.

    പത്തിരുനൂറ് കൊല്ലം മുന്‍പ് വിഭജിച്ച് ഭരിയ്ക്കലിന്റെ തത്വം ശരിയായി നടപ്പിലാക്കിയത് അവര്‍തന്നെയാണ്.ബ്രിട്ടീഷ് സാമ്രാജ്യത്തവാദികളാ‍ണ് ഇന്നും ബീ ബീ സീ ഭരിയ്ക്കുന്നത്. ദിനാനുദിനം ബീ ബീ സീ പരിപാടികളില്‍ ഏതെങ്കിലും രീതിയില്‍ ഇന്‍ഡ്യന്‍ ബാഷിങ്ങ് പതിവാണ്. ദിവസേന ഭാരതത്തിന്റെ കുറവുകളും ബ്രിട്ടീഷുകാരുടെ ഭാരതത്തില്‍ ഉള്ള കൊളോണിയല്‍ ഭരണം മൂലം വന്ന ഗുണങ്ങളും ഒക്കെ പ്രകീര്‍ത്തിച്ചാണ് മിക്ക ഡോക്യുമെന്ററികളും.

    ഈയിടെ ഏതോ തിരഞ്ഞെടുപ്പിനിടയില്‍ ഇന്‍ഡ്യയില്‍ മാവോവാദികള്‍ പോളിങ്ങ് ബൂത്ത് ആക്രമിയ്ക്കുകയുണ്ടായി.ഒരു ബീ ബീ സീ വാര്‍ത്തയില്‍ അതിനെ വ്യാഖ്യാനിച്ചത് "Freedom fighters attacked polling booths in India "എന്നാണ്. മുംബൈ ആക്രമണത്തില്‍ ബീ ബീ സി ആക്രമിയ്ക്കാനായി വന്നവരെ ഭീകരവാദികള്‍( terrorists )എന്നല്ല militants എന്നാണ് വിശേഷിപ്പിച്ചത്. മൊത്തത്തില്‍ മുംബൈ ഭീകരാക്രമണ വാര്‍ത്തയെ വെള്ളപൂശുകയും ചെയ്തു. ബ്രിട്ടണില്‍ തന്നെ അന്നത്തെ ഭരണകക്ഷിയായ ലേബര്‍ പാര്‍ട്ടിയുടെ എം പീ മാര്‍ വരെ അന്ന് ബീ ബീ സീ യ്ക്കെതിരേ വന്‍ പ്രതിഷേധവുമായി വന്നു. പക്ഷേ അതൊന്നും ബീ ബീ സീയ്ക്ക് ഒരു കുഴപ്പവുമുണ്ടാക്കില്ല. സാമ്രാജ്യത്ത വാദികളായ രാജകുടുംബത്തെ സപ്പോര്‍ട്ട് ചെയ്യുന്ന പണക്കാരായ (Upper Class) ഓക്സ്ഫോര്‍ഡ് കേംബ്രിഡ്ജ് ബിരുദധാരികളാണ് ബീ ബീ സീ ഭരിയ്ക്കുന്നത്. നമ്മുടെ നാട്ടില്‍ ജാതി പോലെയാണ് ഓക്സ്ബ്രിഡ്ജ് ബിരുദങ്ങല്‍ ഇവിടെ.

    മുകളില്‍ പറഞ്ഞത് വസ്തുതകള്‍. ഇനി അല്‍പ്പം കോണ്‍സ്പിരസി തിയറി. അരുന്ധതി റോയി എന്ന എഴുത്തുകാരിയ്ക്ക് ആദ്യം എഴുതിയ പള്‍പ്പ് ഫിക്ഷനോളം പോലും നിലവാരമില്ലത്ത ഒരു കൃതിയ്ക്ക് കിട്ടിയ ബ്രിട്ടീഷ് അംഗീകാരവും പണവും അവരെ പീ ആര്‍ ചെയ്ത് ദിനേന മാധ്യമങ്ങളില്‍ പൊക്കി നിര്‍ത്തുന്നതും(പീ ആര്‍ വര്‍ക്ക് പ്രൊഫഷണല്‍ വര്‍ക്ക് ആണെന്ന് അരുന്ധതി റോയിയെ മാധ്യമങ്ങളില്‍ പിന്തുടര്‍ന്നവര്‍ക്ക് സംശയമുണ്ടാകാന്‍ വഴിയില്ല.)ഇപ്പോഴത്തെ ഇടപെടലുകളിലെ സംശയാസ്പദമായ ചരിവുമൊക്കെ White Hall ന്റെ കയ്യുകള്‍ വെളിവാക്കുന്നുണ്ടോ എന്ന് നല്ല സംശയമുണ്ട് . മാവോവാദികളെ സ്വാതന്ത്ര്യ സമര സേനാനികളെന്ന് കുറേ നാള്‍ മുന്‍പ് വിളിച്ചത് ബീ ബീ സീ മാത്രമല്ല !!.ഇവിടെ മാധ്യമങ്ങളില്‍ (മാധ്യമങ്ങള്‍ പൊതുവേ വലതുപക്ഷ മാധ്യമങ്ങളാണിവിടെ. BBC, The Economist, Daily Mirror, Telegraph, ഒക്കെ ഇന്‍ഡ്യന്‍ ബാഷിങ്ങില്‍ ഒരു കക്ഷിയാണ്) ഇന്‍ഡ്യയെപ്പറ്റി വാര്‍ത്തകള്‍ വരുന്നതും അരുന്ധതിയുടെ വക നാട്ടിലെ പത്രങ്ങളില്‍ വാര്‍ത്തകളുണ്ടാക്കലും തമ്മില്‍ ഒരു നല്ല സിങ്ക്രൊണൈസേഷന്‍ കാണുന്നുണ്ട് താനും.

    ReplyDelete
    Replies
    1. I want to know more about the topic...
      Your mail id please...

      Delete
  4. നല്ല ലേഖനം. പ്രിന്റ് മീഡിയയില്‍ വരേണ്ടതായിരുന്നു ഇത്. അരുന്ധതി റോയുടെ വിവാദപ്രസ്ഥാവനയുടെ വെളിച്ചത്തില്‍ ഈ ലേഖനം ചര്‍ച്ച ചെയ്യപ്പെടുന്നതിന് വളരെ പ്രസക്തിയുണ്ട്. അമ്പിയുടെ കമന്റും പ്രസക്തമായിട്ടുണ്ട്.

    ReplyDelete
  5. കൂട്ടക്ഷരങ്ങളൊക്കെ വേറിട്ട് നില്ക്കുന്നു ശരിക്ക് വായിക്കാനാകുന്നില്ല ഫോണ്ടേതെന്ന് പറയൂ പ്ലീസ്

    ReplyDelete
  6. ഫോണ്ട് വായിക്കാന്‍ വളരെ ബുദ്ധിമുട്ടി ...എങ്കിലും വളരെ നല്ല പോസ്റ്റ്‌, very informative..അംബിയുടെ കമന്റും കൊള്ളാം....

    ReplyDelete
  7. Font maattaam. Sorry for the trouble.

    ReplyDelete
  8. ദില്‍ബാ, വളരെ നല്ല പോസ്റ്റ്..
    കാശ്മീര്‍ പ്രശ്നത്തെ പറ്റി കൂടുതല്‍ പഠിക്കേണ്ടിയിരിക്കുന്നു..
    ഒരു തരത്തില്‍ പറഞ്ഞാല്‍ കഥയറിയാതെ ആട്ടം കാണുകയാണ് നമ്മളില്‍ ബഹുഭൂരിപക്ഷവും..

    അന്താരഷ്ട സമൂഹത്തിന്‍റെ സ്വാര്‍ത്ഥതാത്പര്യങ്ങളും ചര്‍ച്ച ചെയ്യപ്പെടേണ്ടത് തന്നെയാണ്

    ReplyDelete
  9. നന്ദി ദിൽബാ പുതിയ അറിവുകൾ തന്നെ

    ReplyDelete
  10. ഈയൊരു പോസ്റ്റും കമന്റുകളും ഇവിടെ കിടക്കട്ടെ.

    ReplyDelete
  11. എല്ലാവരും അറിഞ്ഞിരിക്കേണ്ട വളരെ മൂല്യവത്തായ പോസ്റ്റ്,
    അഭിനന്ദനങ്ങള്‍

    ReplyDelete
  12. ദില്‍ബന്‍ “തലപോലെ” എന്ന് പറയുന്ന ഭാഗം യഥാര്‍ത്ഥത്തില്‍ “പാക് അധിനിവേശ കാശ്മീര്‍“ അല്ലെ?

    ഭാരതത്തിന്റെ ഔദ്യോഗിക ഭൂപടത്തില്‍ ആ ഭാഗം ഭാരതത്തിന്റെ ഭാഗം ആണെങ്കിലും യഥാര്‍ത്ഥത്തില്‍ ഇപ്പോള്‍ പാക്കിസ്ഥാന്റെ ഭാഗമല്ലേ?

    ReplyDelete
  13. അരുന്ധതി റോയ് ആദ്യം മലയാളം വാരികയിലൂടെ മാവോയിസ്റ്റുകളെ വെള്ള പൂശി സ്തന്യപാനം ചെയ്യിച്ചു പുണ്യാത്മാക്കളാക്കി. ഇപ്പോ വിഘടനവാദികളെയും. ഒന്നുകിൽ അവർക്കു മുഞ്ചൊന്നപോലെ വെള്ളക്കോലായത്തിന്റെ പന്തിയിൽ ഒരിലയിട്ടിട്ടുണ്ടു. അല്ലെങ്കിൽ കാര്യം മനസ്സിലാക്കാനുള്ള വെളിവില്ല.

    ReplyDelete
  14. സുനിൽ കൃഷ്ണൻ, പാക് അധിനിവേശ കശ്മീരിനെ അങ്ങനെ തന്നെ 
    കാണിച്ചിട്ടുണ്ടല്ലൊ. ഇന്ത്യ ഔദ്യോഗിക ഭൂപടത്തിൽ ഇന്ത്യയുടെ ഭാഗമായി
     തന്നെയാണു കാണിക്കുന്നത്. മിക്ക ഇന്ത്യക്കാർക്കും അങ്ങനെ കണ്ടാണു
     പരിചയവും. അത് കൊണ്ടാണു തല പോലെ എന്ന് ജെനറലൈസ്
     ചെയ്ത് പറഞ്ഞത്. വിക്കിയിലെയും ബിബിസിയിലെയും ഭൂപടങ്ങളിൽ
     വേർതിരിവ് പ്രകടമാണു.

    ReplyDelete
  15. നല്ല ലേഖനം ദിൽബ്സ്, J&K യും കാശ്മീരും ഒന്നല്ല എന്നറിയാമായിരുന്നെങ്കിലും പല കൺഫ്യൂഷൻസും ഉണ്ടായിരുന്നു.
    വെറുതെ വാ‍ർത്ത കേൾക്കുക എന്നല്ലാതെ ആരും അറിയാൻ പോലും ശ്രമിക്കാറില്ല ഈ വിഷയം

    ReplyDelete
  16. നല്ല ലേഖനം ദിൽബ്സ്, J&K യും കാശ്മീരും ഒന്നല്ല എന്നറിയാമായിരുന്നെങ്കിലും പല കൺഫ്യൂഷൻസും ഉണ്ടായിരുന്നു.
    വെറുതെ വാ‍ർത്ത കേൾക്കുക എന്നല്ലാതെ ആരും അറിയാൻ പോലും ശ്രമിക്കാറില്ല ഈ വിഷയം

    ReplyDelete
  17. ദിൽബൻ,
    നന്നായിരിക്കുന്നു. കാശ്മീരും ജമ്മുവും ആസാദ് കാശ്മീരും വേറെ വേറെയാണെന്ന് അറിയാമെങ്കിലും കാശ്മീരിന്റെ അതിർത്തിയെക്കുറിച്ച് ഇപ്പോഴാണ് മനസ്സിലായത്. കാശ്മീർ പണ്ഡിറ്റുകൾ നാടുവിട്ടോടാൻ തുടങ്ങിയത് സ്വാതന്ത്ര്യത്തിനും മുമ്പാണ്. ഇപ്പോഴും നമ്മുടെ ഗവണ്മെന്റ് അസാദ് കാശ്മീർ ഭൂപടത്തിൽ നിന്നും മാറ്റി കാണിക്കുന്നില്ല. ബി.ബി.സി.യാണെങ്കിലോ തലയില്ലാത്ത ഇന്ത്യയെയാണ് കാ‍ണിക്കാറുള്ളത്. ജമ്മു & കാശ്മീർ ഇന്ത്യയുടെ ഭാഗമല്ല എന്നവർ നിശ്ചയിച്ചു കഴിഞ്ഞു.

    ReplyDelete
  18. പാർത്ഥൻ,
    Indian Parliament Resolution പ്രകാരം പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാഗം ആണു.
     അതാണു ഇന്ത്യയുടെ ഔദ്യോഗിക നിലപാടും. പാർലമെന്റിന്റെ മറ്റൊരു
     തീരുമാനം കൊണ്ടല്ലാതെ ഔദ്യോഗിക ഭൂപടം മാറ്റാൻ നിർവാഹമില്ല.
    http://www.cifjkindia.org/legal_docs/legal_docs_006.shtml

    ബിബിസിയുടെ കാര്യം പിന്നെ അറിയാമല്ലൊ.

    ReplyDelete
  19. പുതിയ അറിവുകള്‍ക്ക് ഒത്തിരി നന്ദി ... അറിവുകള്‍ പങ്കു വെച്ച് ചൂഷണത്തെ തോല്‍പ്പിക്കാം ...

    ReplyDelete
  20. ആസാദ് കശ്മീർ എന്ന് ഇന്ത്യയിൽ പറയാറില്ല. Pak Occupied Kashmir (POK) പാക് അധിനിവേശ കശ്മീർ എന്നാണു ഇന്ത്യൻ നിലപാട്.

    ReplyDelete
  21. നല്ല ലേഖനം. എങ്ങനെ ഈ പ്രശ്നം പരിഹരിക്കാനാവും?

    ReplyDelete
  22. എന്റെ മറുപടി നീണ്ടു പോയി. ഇതാ അത്..http://aakramanam.blogspot.com/2010/11/blog-post.html

    ReplyDelete
  23. കശ്മീർ താഴ്വരയിൽ പോപ്പുലെഷൻ കേന്ദ്രീകരിക്കാന്നും 97% ശതമാനം മജൊറിറ്റി വരുത്താൻ വേൺറ്റി പണ്ഡിറ്റുകളെ ഒക്കെ തീവ്രവാദികളേ വിട്ട് വിരട്ടി ഒഴിപ്പിച്ചതും ഒക്കെ ആയി എഴുതാൻ അതിൽ ബാക്കി പലതും ഉണ്ട്. ഞാൻ രാഷ്ട്രീയം പറയണ്ട എന്ന് കരുതി പറയാതെ വിട്ടതാണു. സ്റ്റെപ്പ് ബൈ സ്റ്റെപ്പ് ആയി മുഴുവൻ കശ്മീരും അടർത്തി എറ്റുക്കാൻ തന്നെ ആണു പദ്ധതി.

    POKയിലെ ഗിൽജിറ്റ്-ബാൾട്ടിസ്താനിലെ ഷിയാ പോപ്പുലേഷൻ (ഇന്ത്യയോട് അനുഭാവം പ്രകടിപ്പിയ്ക്കുന്നവർ) ഒരു പക്ഷെ സുന്നികളോളം തന്നെ വരുമായിരിക്കും. ഇവർക്ക് റെഫറണ്ട്ത്തൽ free and fair ആയി വോട്ട് ചെയ്യാൻ അവിടെ പറ്റില്ല എന്ന് ഉറപ്പുമാണു. Article 370 ഇല്ലെങ്കിൽ എന്നേ കശ്മീർ ഇന്ത്യയുടെ മറ്റേതൊരു ഭാഗം പോലെതന്നെ ആയേനേ. സർദാർ വല്ലഭായ് പട്ടേൽ ഇന്ത്യയുടെ മൊത്തം integrationന്റെ ചുമതല വഹിച്ചപ്പോൾ പഴയ കശ്മീരി എന്ന സെന്റിമെന്റ്സ് കാരണം നെഹ്രു നേരിട്ടാണു കശ്മീരിന്റെ integration നോക്കിനടത്തിയത്. ഇന്ത്യൻ ആർമിയുടെ മുന്നെറ്റം പകുതിയ്ക്ക് വെച്ച് തടഞ്ഞും യു എന്നിനെ സമീപിച്ചും ഒക്കെ നെഹ്രു fucked up the whole thing big time.

    ReplyDelete
  24. വളരെ വളരെ ഇന്‍ഫോര്‍മേറ്റീവ് ആയ ലേഖനം.. നന്ദി..

    ReplyDelete
  25. ഇൻഫർമേറ്റീവ്.
    ഇനി ക്യാ‍പ്ടൻ ഹാഡൊക്കിനെ വായിക്കട്ടെ!

    ReplyDelete
  26. കൊള്ളാം നല്ല പോസ്റ്റ്‌. അരുന്ധധി റോയിയെപ്പറ്റി എനിക്കും ഇതേ അഭിപ്രായം ആണ്. ഗോഡ് ഓഫ് സ്മാള്‍ തിങ്ങ്സ്‌ ഒരു രണ്ടു മൂന്നു പേജ് വായിച്ചപ്പോഴേക്കും എനിക്ക് മടുത്തു. ഇതിനാണോ ഇത്ര വെല്യ അവാര്‍ഡ്‌ ഒക്കെ കൊടുത്തത് എന്ന് തോന്നി.

    ReplyDelete
  27. @ യാത്രികന്‍,
    "ഗോഡ് ഓഫ് സ്മാള്‍ തിങ്ങ്സ്‌ ഒരു രണ്ടു മൂന്നു പേജ് വായിച്ചപ്പോഴേക്കും എനിക്ക് മടുത്തു. ഇതിനാണോ ഇത്ര വെല്യ അവാര്‍ഡ്‌ ഒക്കെ കൊടുത്തത് എന്ന് തോന്നി."

    ഇത് ഒരു ഒറ്റപ്പെട്ട വായനാനുഭവം അയി കരുതാന്‍ കഴിയില്ല.
    റോയ് ഒരു ശരാശരി എഴുത്ത്ക്കാരിയാണ് എന്ന് അഭിപ്രായം അണ് ബഹുഭൂരിപക്ശതിനും.

    പിന്നെ ഇവര്‍ക്ക് അവാര്‍ഡ്‌ ഒക്കെ കൊടുക്കുന്നത് എന്തിനാണ് എന്ന് ആലോചിച്ചാല് അവരുടെ സാഹിത്യേതര പ്രവര്‍ത്തനങ്ങളുടെ പ്രസക്തി മനസ്സിലാക്കാന്‍ കഴിയും.

    ReplyDelete
  28. വളരെ നല്ല വിഷയം..
    പലരും കഥ അറിയാതെ ആട്ടം കാണുകയാണെന്നു ഇപ്പോൾ മനസ്സിലാകുന്നു...
    ഇതെല്ലാം ബ്രിട്ടീഷുകാർ ചെയ്തു വച്ചു പോയ ഒരു കെണി ആയിട്ടേ എനിക്കു തോന്നുന്നുള്ളു.കാരണം ഇന്ത്യയിലും,പാക്കിസ്ഥാനിലും ഒരിക്കലും സമാധാനം ഉണ്ടാകരുത്..!!പുരോഗതി പ്രാപിക്കരുത്...!
    നമ്മൾക്കറിവില്ലാത്ത മറ്റു പലതിനും വേണ്ടിയും...!!?

    ReplyDelete
  29. ഹലോ ദില്‍ബന്‍,

    ഈ ചക്രായുധം താങ്കളുടെ ബ്ലോഗായിരുന്നോ അതോ ഇതു പുതിതായി തുടങ്ങിയോ? ഏതായാലും ഒത്തിരിനാളാ‍യി ദില്‍ബന്റെ പോസ്റ്റു വായിച്ചിട്ട്,

    ഇനി വിഷയത്തിലേക്കു വന്നാല്‍, അംബിയുടെ അഭിപ്രായത്തൊട് വളരെ യോജിക്കുന്നു. മറ്റുള്ളവരെ കുറിച്ചു ക്രിത്രിമമായി വിലകുറഞ്ഞ പെര്‍സെപ്റ്റീവ് വാല്യു ഉണ്ടക്കി അവരെ തരം താഴ്ത്തുക അധീനശക്തികളുടെ ഒരു സ്റ്റ്രാറ്റജിയാണ്. ഈ സ്റ്റ്രാറ്റജി വിജയിച്ചത് ഇന്ത്യയില്‍ നിന്ന് കൂട്ടുകിട്ടിയിട്ടാണ് എന്നുള്ളതില്‍ ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ അത് ഈ കൂട്ടു നില്‍ക്കുന്നവര്‍ക്കാണ്.

    മാര്‍ക്കറ്റ് എക്കോണമിയും ലിബറലൈസേഷനും ഈ കൂട്ടിനു കൂടുതല്‍ മാര്‍ക്കറ്റും വിപണിയുമൊരുക്കുന്നു.

    കാഷ്മീര്‍ വിഭജനത്തേക്കുറിച്ച് ഫ്രീഡം അറ്റ് മിഡ് നൈറ്റ് എന്ന് രണ്ട് ജേര്‍ണലിസ്റ്റുകള്‍ Larry collins & Dominique Lapierre ഒരു പുസ്തകമെഴുതിയിരുന്നു. പലരും അതു വായിച്ചു കാണുമെന്നറിയാം. അതിലെ ഡ്രാമാ അനുസരിച്ച് ജിന്നയുടെ ഓര്‍ഡര്‍ അനുസരിച്ചാണ് പത്താന്‍ പട കാഷ്മീര്‍ അക്രമിക്കാന്‍ വരുന്നതും കാഷ്മീര്‍ രാജാവ് സെസേഷനു തയ്യാറാകുന്നതും. അതിലും ഹീറൊ ആകുന്നതു ബ്രീട്ടീഷ് തന്നെ.അഥവാ മൌണ്ട് ബാറ്റണും ബ്രീട്ടീഷ് ആര്‍മിയും.

    അതിനു ശേഷം വേറൊരു പുസ്തകം എഴുതിയിരിക്കുന്നു Liberty or Death by Patrick French. അങ്ങേരു പരയുന്നതു മൌണ്ട്ബാറ്റനു സ്വയം ഹീറൊ ആകുന്നതിനു വേണ്ടിയുള്ള ത്വരയില്‍ നിന്നാണ് അങ്ങനൊരു അഭിമുഖം ഫ്രഞ്ചു ജേറ്ണലിസ്റ്റുകള്‍ക്ക് കൊടുത്തതെന്ന് (ആ അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് അവരാ പുസ്തകം എഴുതിയത്).

    ReplyDelete
  30. അപ്പോള്‍ ഇതിലേതാണ് ശരി(കാഷ്മീര്‍ പ്രശ്നത്തിന്റെ കാര്യത്തില്‍ മാത്രമാണ് ചോദ്യം) ഇങ്ങനെ ബ്രിട്ടീഷുക്കാര്‍ക്കു പുസ്തകമെഴുതി കളിക്കാനുള്ള ഒരുപാധിയാണ് ഇന്ത്യ-പാകിസ്ഥാന്‍-വിഭജനം. എന്നിട്ട് ഇന്ത്യയില്‍ ആരെങ്കിലും ഇതിനെ എതിര്‍ത്തോ? ഇല്ല്ല എന്തു കൊണ്ട്. ഡാന്‍ ബ്രണിന്റെ ഡാവിഞ്ചികോഡ് ഒരു ഫിക്ഷനായിട്ടും ഇന്ത്യയിലതു നിരോധിച്ചു.ഈ രണ്ടു പുസ്ഥകവും കൂടി ഒരുമിച്ചു ശരിയാകില്ല കാഷ്മീരിന്റെ കാര്യത്തില്‍. ഇനി മുന്നാമതൊരു പുസ്ഥകക്കളി ഉണ്ടായാലും ഇന്ത്യയില്‍ ആരെതിര്‍ക്കും? എങ്ങനെ എതിര്‍ക്കും സ്വന്തം ചരിത്രം ഇപ്പൊഴും തൂത്തുവരച്ചു തൂത്തുവര്‍ച്ചുകൊണ്ടേയിരിക്കുന്ന ഒരു രാജ്യമല്ലേ ഇന്‍ഡ്യ.

    ചുരുക്കം പറഞ്ഞാല്‍ ഞാന്‍ പറയുന്നത്, നമ്മുടെ രാജ്യത്തെ ബെലിയ ബെലിയ ആളുകളെ കുറിച്ച് ഈ ബ്രിട്ടീഷുകാര്‍ക്കൊന്നും ഒരു മതിപ്പുമില്ല. ബ്രിട്ടീഷു-എന്‍ആര്‍എ പ്രശമുണ്ടായല്ലോ എത്ര ഇന്ത്യാക്കാരു ബ്രിട്ടിഷ്ചരിത്രമെഴുതി. എഴുതാം കുഴപ്പമില്ല ആര്‍ക്കും ഏതുചരിത്രവുമെന്ഴുതാം. പക്ഷെ കോണ്ട്രവേര്‍ഷ്യന്‍ ആയി ഒരു വരിയൊന്ന് എഴുതിക്കേ? ബ്രിട്ടനിലെ ഓരോ പൌരനും എന്തു ചെയ്യുമെന്നറിയാം.അപ്പോള്‍.

    അതുകോണ്ടാണ് ദില്‍ബാ ഈ സത്യങ്ങളൊക്കെ ഇങ്ങനാകുന്നത്.

    ആ സാഹചര്യത്തില്‍ ഈ പോസ്റ്റ് വളരെ വളരെ പ്രാധാന്യമര്‍ഹിക്കുന്നു. ഇതൊക്കെ പുരത്തു കോണ്ട് വരണം. ഒട്ടകപ്പക്ഷിയേ പോലെ തല മണ്ണില്‍ പൂഴ്ത്തിയിരിക്കുന്ന നേതാക്കന്മാര്‍ക്കല്ലേ അതിനു കഴിയാതുള്ളു. അതു പോലൊരു പക്ഷിയായിരുന്നു ചാച്ചാ നെഹ്രു. പാവം :)

    സസ്നേഹം മാവേലികേരളം. ഞാനും പുതിയ ബ്ലോഗുകളിലേക്കു മാറിയിട്ടുണ്ട്.

    ReplyDelete
  31. ശരിക്കും ഇഷ്ട്ടായി പല ധാരണകളും തിരുത്തികുരിക്കപെട്ടു എന്ന് തുറന്നു പറയട്ടെ ,...ഒരു പാട് നന്ദി...ഒരു ലിങ്കിലൂടെ ഇവിടെ എത്തിച്ച ജോജോ കുര്യനും നന്ദി

    ReplyDelete
  32. Thanks for sharing this information. Much of this information is news to me... I think this is something every Indian must know.

    ReplyDelete