Wednesday, July 2, 2014

പൊട്ടിമുളച്ച ഐ എസ് ഐ എസ്

ഐ എസ് ഐ എസ് എന്ന പുതിയ തീവ്രവാദി സംഘടന ഇറാക്കിൽ ഖിലാഫത്ത് പ്രഖ്യാപിച്ചതിനും അവരുടെ ഭാവി പരിപാടികൾക്കും ഫോട്ടോഷോപ്പ് ചെയ്ത മാപ്പുകൾക്കും വമ്പിച്ച മാധ്യമ ശ്രദ്ധ കിട്ടുകയാണു. അൽ ഖയ്ദയ്ക്ക് മുകളിൽ അവരേക്കാൾ ശക്തരായ ഒരു സംഘടന എന്ന നിലയിൽ ആണു ഇവർക്ക് ലഭിക്കുന്ന കവറേജ്. അമെരിക്കൻ പിന്മാറ്റത്തിന്റെ പശ്ചാത്തലത്തിൽ അമേരിക്കൻ സേന പിന്മാറിയ ഇടങ്ങളിൽ ഇരച്ച് കയറിയാണു ഇവർ ഇറാക്കിന്റെ മൂന്നിലൊന്ന് ഭാഗം കൈയ്യടക്കിയത്. പെട്ടെന്ന് ഒരു ദിവസം സ്റ്റാർട്ട് ചെയ്ത് ചെയ്യാവുന്ന ഒരു സംഭവം അല്ല ഇത്. വ്യക്തമായ പ്ലാനിങ്ങും ട്രെയിനിങ്ങും ലോജിസ്റ്റിക്സും ആവശ്യമായ ഈ നീക്കം വെസ്റ്റേൺ/മിഡിൽ ഈസ്റ്റ് ഇന്റലിജൻസ് ഏജൻസികളുടെ കണ്ണിൽ പെട്ടില്ല എന്ന് വിശ്വസിക്കാൻ പ്രയാസമാണു.

ജനസംഖ്യയുടെ ഭൂരിഭാഗം സുന്നികൾ ഉള്ള ഇറാക്കിൽ നൂറി അൽ മാലിക്കിയുടെ ഷിയാക്കൾക്ക് മുന്തൂക്കമുള്ള ഭരണം കടുത്ത അസംതൃപ്തി വളർത്തിയ സാഹചര്യത്തിൽ സുന്നികൾക്ക് സാനിധ്യമുള്ള പ്രദേശങ്ങളിൽ ലോക്കൽസിന്റെ സപ്പോർട്ടോടു കൂടിയാണു ഇവർ ഭരണം പിടിച്ചെടുക്കുന്നത്. ഷിയാ ഭൂരിപക്ഷ പ്രദേശങ്ങളിലേക്ക് ഇവർക്ക് അടുക്കാൻ കഴിയുന്നില്ല എന്നുള്ളതും ശ്രദ്ധേയമാണു. അത് കൊണ്ട് തന്നെ ഇറാക്ക്-സിറിയ പ്രദേശത്തെ സുന്നി അനുകൂല പ്രദേശങ്ങൾ കീഴടക്കി കഴിഞ്ഞാൽ ഇവരുടെ മുന്നേറ്റം പിന്നീട് എത് വഴിക്കാകും എന്ന് പ്രവചിക്കാൻ ഇത് ഉപയോഗിക്കാം.

ജോർദാൻ, സൗദി എന്നീ രാജ്യങ്ങൾ ആണു ഇമ്മീഡിയറ്റ് ആയി റഡാറിൽ വരിക പക്ഷെ ഇറാക്കിനെ പോലെ മുതലെടുക്കാൻ പാകത്തിൽ കലുഷിതമായ രാഷ്ട്രീയ-സുരക്ഷാ സാഹചര്യങ്ങൾ അവിടെ ഇല്ലാത്തതിനാൽ ഉള്ളിൽ നിന്നുള്ള അനുഭാവികൾ വഴി ഒരു അട്ടിമറി ആണു സാധ്യത. ഹജ്ജിനേയും കഅബയിലെ കല്ലിനെ ആരാധിക്കുന്നതിനെ പറ്റിയും വിമർശനമുയർത്തിയ തീവ്രവാദികൾ സൗദിയിൽ ലക്ഷ്യം വെയ്ക്കുന്നതും ഇതായിരിക്കാം. ലെബനണിലെ സുന്നി മജോറിറ്റി ഏരിയ ഇപ്പോൾ ഇവർ കൈയ്യടക്കിയ പ്രദേശങ്ങളിൽ നിന്ന് എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയാത്ത വിധം ഒറ്റപ്പെട്ടിരിക്കുന്നു. ട്രിപ്പോളിയുടെ ചുറ്റുവട്ടത്തുള്ള വടക്കൻ ലെബനൺ ആണു ഇവര്ക്ക് ഏറ്റവും അനുകൂലമായ സ്ഥലം പക്ഷെ അവിടെ എത്തിച്ചേരാൻ നിയന്ത്രണം പൂർണമായും നഷ്ടപ്പെട്ട ഹോംസിലൂടെ വേണം പോകാൻ. അതിനാൽ ഉടനെ ഒന്നും ലബനണിലെക്ക് നിങ്ങും എന്ന് കരുതാൻ വയ്യ.

മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത് പോലെ അതിശ്കതരായ മിലിറ്ററി പവർ ഒന്നും അല്ല ഇവർ. ട്രക്കുകളിലും മറ്റും യന്ത്രത്തോക്കുകൾ ഘടിപ്പിച്ച് താലിബാൻ സ്റ്റൈലിൽ മൊബൈൽ ആയി റോന്ത് ചുറ്റുന്ന യൂണിറ്റുകൾ ആണു ഇവരുടെ പ്രധാന തന്ത്രം. വിസ്തൃതമായ പ്രദേശങ്ങൾ അധികം ആൾബലം ഇല്ലാതെ കൈയ്യടക്കാൻ ഒഴുകി നീങ്ങുന്ന ഈ ചെറു സംഘങ്ങൾ സഹായിക്കുന്നു. അല്പമെങ്കിലും പ്രവർത്തനക്ഷമമായ ഒരു വ്യോമസേന ഉണ്ടെങ്കിൽ ഇറാക്ക് സർക്കാറിനു മണിക്കൂറുകൾക്കകം അവസാനിപ്പിക്കാൻ കഴിയുന്ന ഭീഷണി ആണു ഇവ. അകാശത്തിൽ നിന്നുള്ള ആക്രമണം ശക്തമാണെങ്കിൽ ഒളിച്ചും പാത്തും മാത്രം പുറത്തിറങ്ങാൻ കഴിയുന്ന അഫ്ഗാൻ രീതിയിലേക്ക് ഐ എസ് ഐ എസിന്റെ പ്രവർത്തനങ്ങൾ ചുരുങ്ങും. അവർ കൈയ്യടക്കിയ പ്രദേശങ്ങൾ തിരിച്ച് പിടിക്കാൻ കര വഴിയുള്ള സൈനിക നീക്കം വേണ്ടി വരുമെങ്കിലും വ്യോമാക്രമണം അവരുടെ മുന്നേറ്റങ്ങൾക്ക് തീർച്ചയായും കടിഞ്ഞാണിടും.

പ്രബലമായ ഒരു സ്റ്റേറ്റിന്റെ പിന്തുണ ഇല്ലാതെയാണു ഇവർ ഇത്രയും വളർന്നത് എന്ന് വിശ്വസിക്കാൻ പ്രയാസമാണു. സിറിയയിലെ കലക്ക വെള്ളത്തിൽ മീൻ പിടിക്കാൻ അസദിനെതിരെയുള്ള വിമത സേനയ്ക്ക് സുന്നി രാഷ്ട്രങ്ങളും അമേരിക്കൻ ഇന്റലിജൻസും നൽകിയ ആയുധങ്ങളിൽ ഒരു പങ്ക് ഇവരുടെ കൈയ്യിൽ എത്തി എന്നത് തർക്കമില്ലാത്ത കാര്യമാണു. എന്നാൽ ഈ വക കേസുകളിൽ പൊതുവെ കാണാറുള്ള പോലെ ഒരു വിഭാഗം അബൂബക്കർ ബാഗ്ദാദിയുടെ പേരിൽ സ്വന്തം അജണ്ട നടപ്പാക്കി എന്ന രീതിയിൽ ആണു ഇപ്പോൾ കാര്യങ്ങൾ ചർച്ച ചെയ്യപ്പെടുന്നത്. അല്പം കാര്യങ്ങൾ കൈവിട്ട് പോയിട്ടുണ്ട് എങ്കിലും ഈ പ്രശ്നത്തിൽ ഉൾപ്പെട്ട അമേരിക്കയും ഇറാനും അടക്കമെല്ലാവർക്കും അനുകൂലമായ ഒരു രീതിയിൽ കാര്യങ്ങൾ തിരിയാം എന്ന പ്രതീക്ഷയിൽ ആണു ഇത് വരെ ആരും സൈനികമായി ഇടപെടാത്തത്. സൗദിയോടുള്ള വെല്ലുവിളി തങ്ങൾക്ക് അനുകൂലമായി ഇറാൻ കാണുമ്പോൾ അസ്ദിനെതിരെയുള്ള ഐ എസ് ഐ എസ് നീക്കം തങ്ങൾക്കനുകൂലമായി അമേരിക്കയും സൗദിയും കാണുന്നു.

ഇതിൽ ആരൊക്കെ എന്താണു എന്നറിയണമെങ്കിൽ ഐ എസ് ഐ എസിനെതിരെ ഉള്ള സൈനിക നടപടി ഏത് കോണിൽ നിന്ന് ആദ്യം വരുന്നു എന്ന് നോക്കേണ്ടിയിരിക്കുന്നു. ഇറാൻ സുഖോയ് വിമാനങ്ങളും പണ്ട് സദ്ദം ഇറാനിൽ ഒളിപ്പിച്ചതും കൂറുമാറി വന്നതുമായ ഇറാക്കി വിമാനങ്ങൾ തിരിച്ച് നൽകാൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട് എങ്കിലും ഇതിൽ പ്രശ്നം അടിയന്തിരമായി നേരിടാൻ ഒരു അർജൻസി കാണുന്നില്ല. അമേരിക്കയും പ്രസ്താവനകൾ ഇറക്കുന്നുണ്ടെങ്കിലും അറെബ്യൻ ഗൾഫിലെ ഒരു എയർക്രാഫ്റ്റ് കാരിയറിൽ നിന്നുള്ള വ്യൂമസേനയെ വിന്യസിച്ചാൽ ഒതുക്കാവുന്ന പ്രശ്നത്തിൽ പോലും ഇടപെടുന്നില്ല. എല്ലാവരും കാത്തിരുന്ന് കാണാൻ ഉള്ള തീരുമാനത്തിൽ ആണു. അടുത്ത നീക്കം ഉണ്ടാവുന്നത് വരെ സൈഡിൽ ഇരുന്ന് കാണുന്നവർക്കും കാത്തിരിക്കുക മാത്രമേ വഴിയുള്ളൂ.