90കളൂടെ ആദ്യ പകുതി ഇന്ത്യക്ക് കറുത്ത ദിനങ്ങൾ ആയിരുന്നു. ജമ്മു & കശ്മീരിൽ ആയിരക്കണക്കിനു തീവ്രവാദികൾ നുഴഞ്ഞു കയറി ആക്രമിച്ചു. Gulbuddin Hekmatyarഉടെ അഫ്ഘാൻ ക്യാമ്പുകളിൽ നിന്ന് ട്രെയിനിങ് ലഭിച്ച് ഐഎസ്ഐയുടെ മേൽനോട്ടത്തിൽ ആയിരുന്നു നുഴഞ്ഞ കയറ്റം. ലക്ഷക്കണക്കിനു കശ്മീരി പണ്ഡിറ്റുകൾ താഴ്വരയിൽ നിന്ന് തുരത്തിയോടിക്കപ്പെട്ടു. Hazratbal പള്ളിയിൽ കയറിയ ദോസ്ത് ഗുല്ലിനേയും മറ്റ് തീവ്രവാദികളേയും ഒഴിപ്പിക്കുന്നതിൽ ഇന്ത്യൻ ആർമി പരാജയപ്പെട്ടു. Harkat-ul-Ansarന്റെ ഒമർ ഷെയ്ക്ക് ഉൾപ്പെടെ ഉള്ള ബ്രിട്ടീഷ്-പാക് തീവ്രവാദികൾ കശ്മീർ ഇഷ്യു അന്താരാഷ്ട്രവൽക്കരിക്കുന്നതിന്റെ ഭാഗമായി കശ്മീരിൽ വരുന്ന വിദേശ വിനോദ സഞ്ചാരികളെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തി. അതേ സമയം Laskar-e-Taiba പാകിസ്താനിലെ പഞ്ചാബിൽ നിന്ന് കശ്മീർ ജിഹാദിനായിനായി ആയിരങ്ങളെ റിക്രൂട്ട് ചെയ്യുകയും പ്രവർത്തനം ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ദാവൂദ് ഇബ്രാഹിം നെറ്റ് വർക്കുമായി ചേർന്ന് പ്രവർത്തിക്കാൻ ആരംഭിക്കുകയും ചെയ്തു. മാസങ്ങളോളം അമർച്ച ചെയ്യാനാവാതെ നിന്ന് കത്തിയ ജിഹാദിന്റെ തീയിൽ കശ്മീർ ഇന്ത്യയുടെ കൈ വിട്ട് പോകും എന്ന് തന്നെ തോന്നിച്ചു.
1996 ഒരു നിർണായക വർഷമായിരുന്നു. അഫ്ഘാനിസ്താനിൽ താലിബാൻ ഐ എസ് ഐയുടെ മേൽനോട്ടത്തിൽ അധികാരം പിടിച്ചെടുത്തിരിക്കുന്നു. ഇന്ത്യയുടെ സ്ഥിതി മോശമാണു. നരസിംഹ റാവുവിനു ശേഷം വന്ന സർക്കാരുകൾ തുടർച്ചയായി നിലം പൊത്തി. സാമ്പത്തിക പരിഷ്കരണം മന്ദഗതിയിൽ ആണു. കശ്മീരിലെ തീവ്രവാദം അതിന്റെ ഉച്ചസ്ഥായിൽ എത്തിയിരിക്കുന്നു. അഫ്ഘാനിസ്താനിൽ കൂടി പാകിസ്താനു അനുകൂലമായ ഭരണം വന്നത്തോടെ കശ്മീരിലെ സ്ഥിതി വരുന്ന വർഷങ്ങളിൽ മുമ്പെങ്ങുമില്ലാത്ത വിധം വഷളാവാനുള്ള സാധ്യതകൾ കാണുന്നു. ഈ നിർണായക ഘട്ടത്തിലാണു താലിബാൻ സുഡാനിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഒസാമ ബിൻ ലാദനെ അഫ്ഘാനിസ്താനിലേക്ക് ക്ഷണിക്കുന്നത്. സുഡാൻ ഒസാമയെ പുറത്താക്കാൻ ശ്രമിക്കുന്ന സമയമായിരുന്നു ഇത്.
ബിൻ ലാദന്റെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്കുള്ള മാറ്റം സൗദിക്കും അമേരിക്കയ്ക്കും പാകിസ്താനും ഒരേ പോലെ സ്വീകാര്യമായ തീരുമാനമായിരുന്നു ആ സമയത്ത്. അമേരിക്കയെ സംബന്ധിച്ചിടത്തോളം ബിൻ ലാദൻ തന്റെ പണവും സംഘടനയും പാശ്ചാത്യർക്ക് എതിരെ ഉപയോഗിക്കുന്നതിലും നല്ലത് ഇന്ത്യൻ കശ്മീരിൽ ഉപയോഗിക്കുന്നതായിരുന്നു. അൽ ഖയിദയുടെ ശ്രദ്ധ കശ്മീരിലെ ജിഹാദിലേക്ക് തിരിയുകയും അമേരിക്ക, ഇസ്രയേൽ, മറ്റ് സഖ്യകക്ഷികൾ എന്നിവർക്ക് നേരെയുള്ള ഭീഷണി ഒഴിയുകയും ചെയ്യാനുള്ള സാധ്യത അവർ കണക്ക് കൂട്ടി. സൗദി അറേബ്യക്കും ഒരു തലവേദന ഒഴിഞ്ഞ ആശ്വാസം. പാകിസ്താനാകട്ടെ അൽ ഖയിദയുടെ ആളും അർത്ഥവും കശ്മീരിലെ ജിഹാദിലേക്ക് വരുന്നത് മുൻ കൂട്ടി കണ്ട് ഈ നീക്കം സ്വാഗതം ചെയ്തു.
മനോഹരമായ ഈ പദ്ധതിയിൽ ഒരു പിഴവ് സംഭവിച്ചത് ലാദന്റെ പാശ്ചാത്യരാജ്യങ്ങൾക്കെതിരെ ഉള്ള പാൻ ഇസ്ലാമിക് ജിഹാദിനോടുള്ള സമർപ്പണവും കഠിനാധ്വാനവും കുറച്ച് കണ്ടതിലാണു. ലാദനെ സംബന്ധിച്ചിടത്തോളം കശ്മീർ ഒരു വിഷയമായിരുന്നില്ല. അറബ് രാജ്യങ്ങളിലെ പ്രശ്നങ്ങളും പലസ്തീൻ വിമോചനവുമെല്ലാം മുന്നിൽ കണ്ടുള്ള പദ്ധതികൾ ഉള്ള ലാദനെ കശ്മീരിൽ തളച്ചിടാൻ ആർക്കും കഴിയുമായിരുന്നില്ല. അമേരിക്കയും ഇസ്രയേലുമായിരുന്നു ലാദന്റെ ലക്ഷ്യം. ബിൻ ലാദന്റെ വരവോട് കൂടി പാകിസ്താൻ വ്യക്തമായ പ്ലാനോടെ മുന്നോട്ട് കൊണ്ട് പോയിരുന്ന കശ്മീരിലെ ജിഹാദ് പതുക്കെ പതുക്കെ വരുന്ന വർഷങ്ങളിൽ കൈവിട്ട് പോകാൻ തുടങ്ങുകയായിരുന്നു.