Thursday, July 16, 2015

യൂറോപ്യൻ യൂണിയൻ: ഇളക്കം തട്ടുന്ന അടിത്തറ

ഗ്രീസിലെ സാമ്പത്തിക പ്രതിസന്ധിയെ പറ്റി ചർച്ച ചെയ്യാൻ ചേർന്ന യൂറോപ്യൻ യൂണിയൻ നേതാക്കളുടെ യോഗം കഠിനമായ വ്യവസ്ഥകളോടെ മൂന്നാമതും ഗ്രീസിനു സാമ്പത്തിക സഹായം നൽകാൻ തീരുമാനിച്ച് താൽകാലികമായി പ്രശ്നത്തിനു വിരാമമിടാൻ ശ്രമിക്കുന്നു. ഗ്രീക്ക് പാർലമെൻറ് കൂടി വ്യവസ്ഥകൾക്ക് അംഗീകാരം നൽകിയതോടെ സാമ്പത്തികമായ പ്രശ്നങ്ങൾ ഒരു പക്ഷെ അല്പകാലത്തേയ്ക്ക് ഒതുങ്ങിയേക്കാമെങ്കിലും ഈ സംഭവത്തിന്റെ രാഷ്ട്രീയമായ തുടർചലനങ്ങൾ ദീർഘകാലം നീണ്ട് നിൽക്കുന്നതും യൂറോപ്യൻ യൂണിയന്റെ  ഭാവിയെ തന്നെ ചോദ്യം ചെയ്യാൻ സാധ്യതയുള്ളവയുമാണു.

1993ലാണു ഏറെ കാലമായി ഉരുത്തിരിഞ്ഞ് വരികയായിരുന്ന യൂറോപ്പിലെ രാജ്യങ്ങൾക്ക് പൊതുവായ ഒരു നാണയവും വിപണിയും എന്ന ആശയം ഇന്നത്തെ യൂറോപ്യൻ യൂണിയൻ ആയി രൂപം പ്രാപിച്ചത്. സാമ്പത്തികമായി എല്ലാവർക്കും ഗുണകരമായ ആശയം എന്നതിലുപരി ചെറു രാജ്യങ്ങൾ ആയി ഭിന്നിച്ച് കിടക്കുകയും ദേശീയവാദം കാരണം ആരംഭിച്ച ശിഥിലീകരണം രണ്ട് ലോകമഹായുദ്ധങ്ങൾക്ക് വഴി വെയ്ക്കുകയും ചെയ്ത യൂറോപ്പിന്റെ രാഷ്ട്രീയമായ സ്ഥിരത കൂടി ലക്ഷ്യമിട്ടാണു ഏകീകൃത യൂറോപ്പ് എന്ന ആശയം വിഭാവനം ചെയ്യപ്പെട്ടത്. ഒറ്റ വിപണിയും നാണയവും അതിർത്തികളില്ലാത്ത ചരക്ക് നീക്കവും തൊഴിലവസരങ്ങളും ആയി യൂറോ സോൺ ഒരു വിജയം തന്നെ ആണു എന്ന് വിലയിരുത്തേണ്ടി വരും.

എന്നാൽ കൃത്രിമമായി നിർമ്മിക്കപ്പെട്ട എന്തിനെയും പോലെ യൂറോപ്യൻ യൂണിയന്റെ ഉള്ളിലും സൂക്ഷ്മമായി പരിശോധിച്ചാൽ തുടക്കം മുതൽ തന്നെ വിള്ളലുകൾ ദൃശ്യമായിരുന്നു. സാമ്പത്തികമായി ഏറെ മുന്നിൽ നിൽക്കുന്ന ജെർമ്മനി, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളൂം പോളണ്ട്, റൊമാനിയ, ഗ്രീസ് മുതലായ രാജ്യങ്ങളും തമ്മിൽ വിപണിയുടേയും തൊഴിൽ സംസ്കാരത്തിന്റെയും രാഷ്ട്രീയ നിലപാടുകളൂടേയും കാര്യത്തിൽ ഭീമമായ അന്തരം ആണു ഉള്ളത്. യൂറോ സോൺ എന്ന ആശയം തങ്ങൾക്ക് അനുകൂലമായ രീതികളിൽ മുതലെടുക്കാൻ എല്ലാ രാജ്യങ്ങളും ശ്രമിച്ചത് കൊണ്ട് ഉരുത്തിരിഞ്ഞ ഒരു സമവാക്യമാണു ആദ്യകാലങ്ങളിൽ നിലനിന്നിരുന്നത്.

തുറന്ന വിപണിയിലെ അവസരങ്ങളിൽ കണ്ണ് വെച്ച ബ്രിട്ടൻ പക്ഷെ കറൻസി മൂല്യമേറിയ പൗണ്ടിൽ നിന്ന് യൂറോയിലേക്ക് മാറ്റാൻ തയ്യാറായില്ല. വ്യാവസായികമായി യൂറോപ്പിലെ വൻ ശക്തിയായ ജെർമ്മനി തങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് പുതിയ വിപണി തുറന്ന് കിട്ടുമെങ്കിൽ യൂറോപ്യൻ യുണിയൻ എന്ന പദ്ധതിയെ സാമ്പത്തികമായി ചുമലിലേറ്റാൻ തയ്യാറായിരുന്നു. പോളണ്ടിലെയും ഗ്രീസിലേയും പോർച്ചുഗലിലേയും ജനങ്ങൾക്ക് തൊഴിലവസരവും ഉയർന്ന മൂല്യമുള്ള യൂറോ കറൻസിയും രണ്ടാമതൊന്ന് ചിന്തിക്കാൻ അവസരമൊരുക്കിയില്ല.

എല്ലാ അംഗരാജ്യങ്ങൾക്കും ജനാധിപത്യപരമായി അവകാശമുള്ളതും സ്വന്തം അഭിപ്രായങ്ങൾ പ്രകടിപ്പിക്കാവുന്നതുമായ യൂറോപ്യൻ യൂണിയന്റെ ആസ്ഥാനം ബെൽജിയത്തിന്റെ തലസ്ഥാനമായ ബ്രസ്സൽസിൽ ആണു സ്ഥിതി ചെയ്യുന്നത്. രണ്ട് പതിറ്റാണ്ട് കാലം കൊണ്ട് മാറിയ ലോകക്രമവും രാഷ്ട്രീയ-സാമ്പത്തിക ചുറ്റുപാടുകളൂം ബ്രസ്സൽസിലെ ആസ്ഥാനത്തും പ്രതിഫലിച്ചു. 2008ലെ സാമ്പത്തിക മാന്ദ്യത്തിന്റെ അലയൊലികൾ യൂറോ സോണിൽ സാമ്പത്തികമായ രാജ്യങ്ങൾ തമ്മിലുള്ള അന്തരം ഏറെ വലുതാക്കി. 

ഗ്രീസ്, പോർച്ചുഗൽ, സ്പെയിൻ പോലെയുള്ള ചില രാജ്യങ്ങളുടെ സാമ്പത്തിക പരാധീനതകൾ യൂറോപ്യൻ യൂണീയന്റെ പൊതു ഫണ്ടിൽ നിന്ന് പണം നൽകി പരിഹരിക്കേണ്ടി വരുന്നത് ജെർമ്മനി, ഫ്രാൻസ് പോലെ സാമ്പത്തികമായി മുന്നിൽ നിൽക്കുന്ന രാജ്യങ്ങൾക്ക് കല്ലുകടി ആയി. സാമ്പത്തിക അച്ചടക്കം പാലിക്കാതെ യൂറോ സോണിൽ നിന്ന് കിട്ടുന്ന ആനുകൂല്യങ്ങൾ ഈ രാജ്യങ്ങൾ ധൂർത്തടിക്കുന്നത് ബാധ്യത ആവുന്നു എന്നാണു ഇവരുടെ പക്ഷം. എന്നാൽ ജെർമ്മനി, ബ്രിട്ടൻ പോലുള്ള രാജ്യങ്ങൾ നാറ്റോ സഖ്യത്തിന്റെ ഭാഗമായി അമേരിക്കയുടെ യുദ്ധങ്ങളിൽ പങ്കാളികൾ ആവുന്നത് രാഷ്ട്രീയപരമായി എല്ലാ യൂറോപ്യൻ രാജ്യങ്ങൾക്കും രസിക്കുന്ന കാര്യമല്ല. ഫ്രാൻസൊക്കെ പലപ്പോഴായി വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. നാറ്റോയുടെ പ്രവർത്തികൾ യൂറോപ്പിനെ പൊതുവായി സാമ്പത്തികമായും സാമൂഹികമായും ബാധിക്കും എന്ന് പല രാജ്യങ്ങളൂം ഭയപ്പെടുന്നു.

ഈ സാഹചര്യത്തിലാണു ഗ്രീസ് പ്രതിസന്ധി നിർണായകമാവുന്നത്. അന്താരാഷ്ട്ര നാണയ നിധിയിൽ നിന്നും യൂറോപ്യൻ സെൻട്രൽ ബാങ്കിൽ നിന്നും പല തവണയായി കൈപ്പറ്റിയ വായ്പകൾ തിരിച്ചടയ്ക്കാൻ കഴിയാതെ വന്ന ഗ്രീസിനു ഇതിനു മുന്നെ അവധികൾ നൽകിയിട്ടുള്ളതാണു. ഐ എം എഫിന്റെ നിർദേശ പ്രകാരം സാമ്പത്തിക അച്ചടക്കം പാലിക്കാനുള്ള നടപടികൾ പെൻഷൻ പ്രായം വർദ്ധിപ്പിക്കുക സർക്കാർ ചെലവഴിക്കുന്ന പണം ചുരുക്കുക തുടങ്ങിയ നടപടികൾ കുറച്ച് വർഷങ്ങളായി നടപ്പിലാക്കി വരികയാണു. ഇത് തൊഴിലില്ലായ്മയും രാജ്യത്തെ സാമ്പത്തിക ഞെരുക്കവും വർദ്ധിപ്പിച്ചു. മനസ്സ് മടുത്ത ജനങ്ങൾ യൂറോപ്യൻ യൂണീയന്റെ നടപടികളെ എതിർക്കുന്ന് തീവ്ര ഇടത്പക്ഷ കക്ഷിയെ അധികാരത്തിൽ എത്തിച്ചു. ഈ സർക്കാർ കടം തിരിച്ചടവ് മുടക്കുകയും യൂറോപ്യൻ യൂണീയൻ വ്യവസ്ഥകൾ അംഗികരിക്കാൻ തയ്യാറാവാതെ ജനങ്ങൾക്കിടയിൽ റെഫറണ്ടം നടത്തുകയും ചെയ്തു. സാമ്പത്തിക അച്ചടക്ക നടപടികളെ പാടെ നിരാകരിച്ച ഗ്രീക്ക് ജനത യൂറോപ്യൻ യൂണീയനിൽ നിന്ന് പുറത്ത് പോകേണ്ടി വന്നാലും വ്യവസ്ഥകൾ അംഗീകരിച്ച് മറ്റൊരു അവധി നേടേണ്ടതില്ല എന്ന് വിധിക്കുകയും ചെയ്തു.

ജെർമ്മനിയുടെ നേതൃത്വത്തിൽ ഉള്ള യുറോപ്യൻ യൂണിയൻ ഗ്രീസുമായി ഒരു സന്ധിക്കും തയ്യാറില്ലാത്ത നിലപാടാണു തുടക്കത്തിൽ സ്വീകരിച്ചത്. ഗ്രീസ് പോകുന്നെങ്കിൽ പോകട്ടെ അതിനും തയ്യാർ എന്ന നിലപാട് കടം നൽകിയ പണം തിരിച്ച് പിടിക്കുന്നതിനായി ഒരു അംഗരാജ്യത്തെ യൂറോപ്യൻ യൂണിയൻ പുറത്താക്കുന്നു എന്ന സാഹചര്യം ആണു സൃഷ്ടിച്ചത്. ഏകീകൃത യൂറോപ്പ് എന്ന യൂണിയന്റെ പ്രഖ്യാപിത ലക്ഷ്യത്തിനു വിരുദ്ധമാണു ഈ നിലപാട്. ജെർമ്മനിയും ഫ്രാൻസുമൊക്കെയാകട്ടെ ഗ്രീസിനോട് എടുക്കുന്ന നിലപാട് ഇതേ സാമ്പത്തിക സ്ഥിതിയിൽ അടുത്തതായി തകരാം എന്ന നിലയിൽ തുടരുന്ന ഇറ്റലി, പോർച്ചുഗൽ, സ്പെയിൻ തുടങ്ങിയവർക്കുള്ള ഒരു സന്ദേശമായി ആണു ഉദ്ദേശിക്കുന്നത്. സാമ്പത്തിക അച്ചടക്കം പാലിക്കാത്തവർക്ക് ഒരു മുന്നറിയിപ്പ്.

സാമ്പത്തികമായ കടും പിടിത്തം ഗ്രീസിലെ ജനങ്ങളൂടെ ശബ്ദത്തിനെ വക വെയ്ക്കാത്ത രീതിയിലുള്ള നടപടിയിലേക്ക് നീങ്ങുന്നതൊടെ ദേശീയതകൾ വീണ്ടും തലപൊക്കാൻ തുടങ്ങുകയാണു. യൂറോപ്യൻ യൂണിയൻ എന്നത് പ്രധാനമായും ഫ്രാൻസും ജെർമ്മനിയും തമ്മിലുള്ള കൂട്ടായ്മ നിർണ്ണയിക്കുന്ന ഒരു പദ്ധതിയാണു എന്ന് പണ്ട് മുതൽ തന്നെ വിലയിരുത്തലുകൾ ഉണ്ട്. ഇപ്പോഴത്തെ പ്രശ്നം ഫ്രാൻസും ജെർമ്മനിയും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉടലെടുക്കുന്നതിനും കാരണമായേക്കാം. മൊത്തം ആഭ്യന്തര ഉല്പാദനത്തിന്റെ 97.5% കടം ഉള്ള ഫ്രാൻസിന്റെ നിലയും അല്പം പരുങ്ങലിലാണു. യൂറോ സോൺ നിലവിൽ വന്നതിനു ശേഷമുള്ള കണക്കുകൾ നോക്കിയാൽ ജെർമ്മനിക്കാണു ഏറ്റവും കുടുതൽ സാമ്പത്തികമായ ഗുണം കിട്ടിയിട്ടുള്ളത് എന്ന് കാണാം. ഫ്രാൻസും നെതർലാന്റ്സും ബ്രിട്ടനുമൊക്കെ താരതമ്യേന മെച്ചം ഉണ്ടാക്കിയപ്പോൾ ഇറ്റലി, പോർച്ചുഗൽ തുടങ്ങിയ ചില രാജ്യങ്ങൾ പണ്ടത്തേതിനേക്കാൾ മോശമായ അവസ്ഥയിലാണു. അത് കൊണ്ട് സാമ്പത്തികമായി യൂറോപ്യൻ യൂണിയൻ നിലനിൽക്കേണ്ടത് എല്ലാ രാജ്യങ്ങളുടേയും ആവശ്യമല്ല. യൂറോപ്യൻ യൂണിയൻ വിട്ട് പോകേണ്ടി വരും എന്നുള്ളത് ഒരു ഭയമായും ഭീഷണി ആയും അംഗരാജ്യങ്ങൾക്കെതിരെ ഉപയോഗിക്കുന്നതും പരസ്പര വിശ്വാസം വളർത്തുന്ന നടപടി അല്ല.

ഏകീകൃത യൂറോപ്പ് എന്ന രാഷ്ട്രീയ ആശയത്തിന്റെ പേരിൽ യൂണിയനിൽ തുടർന്നിരുന്ന ചില രാജ്യങ്ങൾ എങ്കിലും അവരുടെ ജനാധിപത്യപരമായ സ്വാതന്ത്ര്യങ്ങൾ ഹനിക്കപ്പെടുന്നു എന്ന് ചിന്തിക്കാൻ തുടങ്ങുമ്പോൾ യൂണീയന്റെ ഭാവി തന്നെയാണു അനിശ്ചിതത്വത്തിലേക്ക് നീങ്ങുന്നു. ബ്രിട്ടൻ സമീപഭാവിയിൽ തന്നെ യൂറോപ്യൻ യൂണിയനിൽ തുടരേണ്ടതുണ്ടോ എന്ന വിഷയത്തിൽ ചർച്ച ആരംഭിക്കാൻ ഇരിക്കുകയാണു. കൂടാതെ ഗ്രീക്ക് പാർലമെന്റിൽ ഇപ്പോൾ തന്നെ ജനം റെഫറണ്ടം വഴി നിരാകരിച്ച ചെലവ് ചുരുക്കൽ നടപടി അടിച്ചേൽപ്പിക്കുന്നത് ഗ്രീസിനെ നാണം കെടുത്താനുള്ള ജെർമ്മനിയുടെ പദ്ധതിയാണു എന്ന് ആരോപണങ്ങൾ ഉയരുന്നുണ്ട്. ഒന്നാം ലോകമഹായുദ്ധത്തിൽ ജെർമ്മനി മറ്റു രാജ്യങ്ങൾക്ക് യുദ്ധക്കെടുതിയുടെ നഷ്ടപരിഹാരം നൽകണം എന്ന് ആവശ്യപ്പെട്ട് ഗ്രീസിനെ ചെയ്ത പോലെ അടിച്ചേൽപ്പിച കനത്ത സാമ്പത്തിക നടപടികൾ ആണു നാസി പാർട്ടിയുടെ വളർച്ചയ്ക്കും ഒടുവിൽ രണ്ടാം ലോകമഹായുദ്ധത്തിനു തന്നെയും വഴിമരുന്നിട്ടത് എന്ന് ഈ അവസരത്തിൽ ഓർക്കേണ്ടതുണ്ട്.

യൂറോപ്യൻ യൂണിയന്റെ അടിത്തറയ്ക്ക് വിള്ളൽ വീഴുന്നത് വ്യത്യസ്തമായ ഒരു രാഷ്ട്രീയ പരീക്ഷണത്തിന്റെ പരിണാമം എന്ന നിലയിൽ വരും നാളുകളിൽ ആഗോള സാമ്പത്തിക രാഷ്ട്രീയ സന്തുലനത്തിലും കാര്യമായി പ്രതിഫലിക്കും. ഗ്രീസിനെ യൂണിയൻ കൈവിട്ടാൽ ആ ഒഴിവ് നികത്താനും നാറ്റോയുടെ ഉമ്മറത്തേക്ക് കസേര വലിച്ച് ഇട്ട് കയറി ഇരിക്കാനും തയ്യാറായി റഷ്യ ഉണ്ട്. ലോകക്രമത്തിൽ തങ്ങളുടെ സ്ഥാനം ഉയർത്താൻ അവസരം കാത്തിരിക്കുന്ന ചൈനയ്ക്ക് ഗ്രീസിന്റെ കടം വളരെ ചെറിയ തുകയാണു രക്ഷകന്റെ രൂപം സ്വീകരിക്കണമെങ്കിൽ. ദൂരവ്യാപകമായ ചലനങ്ങൾ ഉണ്ടാക്കാൻ കെല്പുള്ള ഒരു അവസ്ഥയാണു നിലവിൽ ഉള്ളത്. വ്യത്യസ്തമായ സാമ്പത്തിക സാമൂഹിക സാഹചര്യങ്ങളിൽ ഉള്ള രാജ്യങ്ങളെ കൃത്രിമമായി ഒന്നിപ്പിക്കുന്നതിന്റെ യൂറോപ്യൻ യൂണിയൻ വെല്ലുവിളികൾ ഭാരതത്തിന്റെ ഫെഡറൽ സംവിധാനത്തിനും സമാന്തരമായി ചിന്തിച്ചാൽ പാഠങ്ങൾ നൽകുന്നുണ്ട്.



Saturday, March 7, 2015

ഐ എസിന്റെ കെയറോഫിൽ ഒരു മിഡിലീസ്റ്റ് അവലോകനം

ഐസിസിനെ പറ്റി കൂടുതൽ വായിച്ച് നോക്കുമ്പോഴാണു കാര്യങ്ങൾ വ്യക്തമാകുന്നത്. ഇത് വരെ അൽ ക്വയ്ദ പോലെ എന്നാൽ അവരേക്കാൾ അല്പം വയലന്റ് ആയ ഒരു ഇസ്ലാമിസ്റ്റ് തീവ്രവാദി സംഘം എന്നേ കരുതിയിരുന്നുള്ളൂ. പക്ഷെ ലോകമെമ്പാട് നിന്നും ഇത്രയധികം ആളുകളെ ആകർഷിക്കാൻ അവർക്ക് അൽക്വയ്ദയേക്കാൾ എങ്ങനെ സാധിച്ചു എന്ന് അൻവേഷിച്ച് ചെന്നപ്പോഴാണു സംഭവങ്ങളുടെ കിടപ്പ് മനസ്സിലാവുന്നത്. ഐസിസ് പ്രധാനമായും പ്രവാചകന്റെ ജീവിതത്തിനേയും പ്രവർത്തികളേയും അണു വിട വിടാതെ അനുകരിച്ച് ഇസ്ലാമിക രാജ്യം സ്ഥാപിക്കാൻ ഇറങ്ങിപ്പുറപ്പെട്ടവരാണു. അതായത് 1924ല് തുർക്കിയിൽ ബ്രിട്ടീഷ് ആധിപത്യകാലത്ത് അവസാനിപ്പിച്ച ഖിലാഫത്ത് പ്രസ്ഥാനതെ പുനരുജ്ജീവിപ്പിക്കേണ്ടത് ഇസ്ലാം മതവിശ്വാസിയുടെ ഒരു പ്രാഥമിക കടമ ആണു എന്ന് അവർ വിശ്വസിക്കുന്നു. അത് കൊണ്ട് യു എസ് പിന്മാറ്റത്തിനു ശേഷം കിട്ടിയ ഗ്യാപ്പിൽ ഇറാഖിലെയും സിറിയയിലെ കലാപഭൂമിയും ചേർത്ത് വിശാലമായ ഒരു പ്രദേശം പിടിച്ച് അബൂബക്കർ അൽ ബാഗ്ദാദിയെ മൊസൂളിൽ വെച്ച പുതിയ ഖലീഫ ആയി അവർ പ്രഖ്യാപിച്ചു.

ഖലീഫ ആഹ്വാനം ചെയ്യുന്ന ജിഹാദിൽ പങ്കെടുക്കുക എന്നുള്ളത് എല്ലാ മുസ്ലിമുകളുടെയും കടമ ആണു. അത് കൊണ്ടാണു ബാഗ്ദാദി വിളിച്ചപ്പോൾ ലോകമെമ്പാടും നിന്ന് മറ്റാരും വിളിച്ചപ്പോൾ കാണാത്ത തോതിൽ ജിഹാദികൾ പ്രവഹിക്കുന്നത്. അണുവിട വിടാതെ ഖുറാനിൽ പറയുന്നതും പ്രവാചകന്റെ മാതൃകയും പിന്തുടരണം എന്ന് വാദിക്കുന്ന ഐ എസിനു മറ്റു സംഘടനകളുമായി പല കാര്യങ്ങളിലും അഭിപ്രായ വ്യത്യാസമുണ്ട്.

അൽ ക്വയ്ദ ഒരു അണ്ടർഗ്രൗണ്ട് സംഘമായി ഇടയ്ക്കും തലയ്ക്കുമുള്ള ചാവേർ ആക്രമണവും മറ്റുമായി രഹസ്യമായി പ്രവർത്തിക്കുമ്പോൾ ഐ എസിന്റെ പ്രവർത്തികൾ വളരെ പബ്ലിക്ക് ആണു. അവരുടെ വിശ്വാസപ്രകാരം ലോകാവസാനം ഏതാണ്ട് അടുത്തെത്തിയിരിക്കുന്നു. ഇസ്ലാമിക് സ്റ്റേറ്റിനെതിരെ ഖുറസാനിൽ (കിഴക്കൻ അഫ്ഗാനിസ്താൻ-പടിഞ്ഞാറൻ ഇറാൻ മേഖലയുടെ പഴയ പേരു) നിന്ന് വരുന്ന ഒരു പോരാളി നയിക്കുന്ന റോമാ സാമ്രാജ്യത്തിന്റെ പടയുമായി ഒരു വൻ യുദ്ധമുണ്ടാവുമെന്നും അതിൽ ഇസ്ലാമിക പോരാളികൾ ഒടുവിൽ പരാജയപ്പെടുമെന്നും അവർ കിത്താബിനെ അടിസ്ഥാനപ്പെടുത്തി വാദിക്കുന്നു. ഈ യുദ്ധത്തിൽ തോൽക്കും എങ്കിലും കുറച്ച് പേർ മാത്രം ആവുമ്പോൾ ഖുറാനിൽ പറഞ്ഞ ദൈവം അയക്കുന്ന ഒരാൾ വരികയും ലോകം അവസാനിക്കുകയും ചെയ്യുമത്രെ. ഈ യുദ്ധം നടക്കുന്ന സ്ഥലം വരെ അവർക്ക് ബോധ്യമുണ്ട്. അത് സിറിയയിലെ ദാബിക് ആണു എന്നാണു പ്രവചനം. അത് കൊണ്ടാണു വൻ നാശം സഹിച്ച് ഇസ്ലാമിക് സ്റ്റേറ്റ് ഈ നഗരം കഴിഞ്ഞ വർഷം പിടിച്ചെടുത്തത്. ഇപ്പോൾ പാശ്ചാത്യ സേനയുടെ വരവും കാത്ത് അവർ ദാബിക്കിൽ തമ്പടിച്ചിരിക്കുകയാണു.

അതായത് സ്വ്നതം നാശം മുങ്കൂട്ടി പ്രവചിക്കപ്പെട്ട ഒരു യുദ്ധത്തിനു വേണ്ടി ആണു അവർ കാത്തിരിക്കുന്നത്. മെക്കയും മദീനയും പോലുള്ള ചിഹ്നങ്ങൾ അനിസ്ലാമികമാണെന്നും അവ തക്ർക്കുമെന്നും പ്രഖ്യാപിച്ചിട്ടുള്ള ഇസ്ലാമിക് സ്റ്റേറ്റിന്റെ  തീവ്രമായ നിലപാടുകൾ അവരുടെ ഈ വിശ്വാസങ്ങളിൽ നിന്നാണു ഉടലെടുക്കുന്നത്. ഇറാനിയൻ മിലിറ്ററി ജെനറലിന്റെ (മേജർ ജെനറൽ കാസിം സുലൈമാനി) നേതൃത്വത്തിൽ പാശ്ചാത്യ രാജ്യങ്ങൾ ഫണ്ട് ചെയ്യുന്ന ഷിയാ മിലിഷ്യകളും ഇറാക്ക് ആർമിയും ഇസ്ലാമിക് സ്റ്റേറ്റിനെ തിക്രിത്തിൽ നിന്ന് തുരത്താൻ ഒരുമ്പെടുമ്പോൾ ഐ എസിന്റെ നീക്കങ്ങൾ ഒരു പരിധി വരെ പ്രവചിക്കാൻ അവരുടെ ഈ തീവ്ര വിശ്വാസങ്ങൾ നിരീക്ഷിച്ചാൽ സാധിച്ചേക്കാം. ഇറാനിയൽ ജെനറൽ ആണോ പ്രവചനത്തിലെ ഖുറസാനിൽ നിന്നുള്ള പോരാളി എന്ന് വേണമെങ്കിൽ കൗതുകവും കൊള്ളാം.

ഇറാക്കിൽ നിന്ന് അമേരിക്കൻ സേനയുടെ പിന്മാറ്റത്തോടെ ഇറാനാണു ആ ഒഴിവിലേക്ക് പതുക്കെ കയറി ഇരുന്നത്. ഇറാനിയൻ ഇന്റലിജൻസ് ഏജൻസികളുടെ പിൻബലത്തോടെ ഇറാക്കിന്റെ സുരക്ഷ മെല്ലെ ഷിയ മിലിഷ്യകളൂടെ കൈയ്യിലായതോടെ ഐ എസിനെതിരെ ഉള്ള പോരാട്ടം ഷിയ-സുന്നി വിഭാഗങ്ങൾ തമ്മിലുള്ളതായി മാറി. ബാഗ്ദാദിലങ്ങോളം ഇങ്ങോളം ഇറാനിയൻ മിലിറ്ററി ജനറലിന്റെ വലിയ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടതും ഐ എസിനെതിരെ ഷിയ തീവ്രവാദി സംഘടനയായ ഹിസ്ബൊള്ള യുദ്ധത്തിനിറങ്ങിയതും യാദൃചികമല്ല. മിഡിൽ ഈസ്റ്റിൽ ഇറാന്റെ വർദ്ധിച്ച സ്വാധീനമാണു ഒബാമയെ കൊണ്ട് ഇറാനു മേലുള്ള കടുമ്പിടുത്തം ഒഴിവാക്കിയത്. ഇറാക്കിൽ എന്ത് നടക്കണമെങ്കിലുമിന്ന് ഇറാൻ വിചാരിക്കണം എന്നിരിക്കെ ഐ എസിനെതിരെ ഉള്ള യുദ്ധത്തിൽ ഇറാനും അമേരിക്കയും ഒരേ പക്ഷത്ത് ചേരാൻ നിർബന്ധിതരായിരിക്കുകയാണു. ഇതാണു ഇറാനുമായി അമേരിക്കൻ ആണവ ഡീൽ ഉണ്ടായേക്കും എന്ന സ്ഥിതി വരെ എത്തി നിൽക്കുന്നത്.

മിഡിൽ ഈസ്റ്റിന്റെ ഭാവി നിർണ്ണയിക്കുന്നതിൽ ഈ വരുന്ന മാസങ്ങൾ നിറ്ണ്ണായകമായേക്കും. ഐ എസിനെ തുടച്ച് മാറ്റാൻ കഴിഞ്ഞാൽ തന്നെ ഇറാനുമായി യു എഅ അടുക്കുന്നത് ഇപ്പോൾ തന്നെ ഇസ്രയേലിനെ ചൊടിപ്പിച്ചിട്ടുണ്ട്. നെതന്യാഹു ദിവ്സം പ്രതി വാക്ധോരണിക്ക് ശക്തികൂട്ടിക്കൊണ്ടിരിക്കുന്നു. ഇസ്ലാമിക് സ്റ്റേറ്റിനുമേൽ ഇറാൻ വിജയിക്കുന്നത് മേഖലയിൽ ഷിയാ മേധാവിത്വം കൊണ്ട് വരും എന്നതിനാൽ സൗദി അടക്കമുള്ള സുന്നി അറബ് രാജ്യങ്ങൾ രഹസ്യമായി ഐ എസിനെ സഹായിക്കുമോ എന്നും കാത്തിരുന്നു കാണണം. പല വിധ സാധ്യതകൾ ആണു വരും മാസങ്ങളിൽ ഉള്ളത്.

Monday, September 1, 2014

പാകിസ്താനിലെ പാവക്കൂത്ത്

പാകിസ്താനിൽ ഇപ്പോൾ സംഭവിച്ച് കൊണ്ടിരിക്കുന്നത് പട്ടാളം തുടക്കം മുതലേ നിയന്ത്രിച്ച ഒരു 'സോഫ്റ്റ് പട്ടാള അട്ടിമറി' ആണു. നവാസ് ഷരീഫ് സർക്കാരിൽ നിന്ന് വിദേശ കാര്യവും ആഭ്യന്തര സെക്യുരിറ്റിയും അടക്കമുള്ള വിഭാഗങ്ങളുടെ നിയന്ത്രണം കൈക്കലാക്കാൻ പാക് ആർമി കൊണ്ട് വന്ന പ്രോക്സികൾ ആണു ഇമ്മ്രാൻ ഖാനും ക്വാദിരിയും. താലിബാൻ തീവ്രവാദികൾക്കെതിരെ അമേരിക്കൻ സമ്മർദ്ദം കാരണം നടപടി എടുക്കാൻ നിർബന്ധിതമായത് പാക് ആർമ്മിയെ വലയ്ക്കുന്നുണ്ട്. അതേ സമയം ഇന്ത്യയുമായി ബന്ധം മെച്ചപ്പെടുത്താൻ ആർമ്മിയുടെ സമ്മർദ്ദം മറികടന്നും നവാസ് ഷരീഫ് മോദിയുടെ സത്യപ്രതിജ്ഞയ്ക്ക് എത്തിയത് അവരെ ചൊടിപ്പിച്ച നടപടിയാണു. അതിർത്തിയിൽ വെടി നിർത്താൽ ലംഘിച്ച് അവർ ആ ശ്രമങ്ങൾക്ക് തുരങ്കം വെച്ചു.

താലിബാൻ വിരുദ്ധ നടപടിയിൽ നിന്ന് തലയൂരാനും അത്തരം നടപടികൾ എടുക്കാനുള്ള പവർ തങ്ങളുടെ കൈയ്യിലാക്കുകയുമാണു മറ്റൊരു ലക്ഷ്യം. നേരിട്ടൊരു പട്ടാള അട്ടിമറി നടത്തിയാൽ അത് പേരിനു മാത്രം ഉള്ള ജനാധിപത്യത്തെ ഇല്ലാതാക്കി എന്ന് പറഞ്ഞ് പാശ്ചാത്യ രാജ്യങ്ങളിൽ നിന്നുള്ള പണത്തിന്റെ വരവ് നിലയ്ക്കാൻ കാരണമാകും. അത് അഫോർഡ് ചെയ്യാൻ പാക് ആർമ്മിക്ക് കഴിയില്ല എന്നുള്ളത് കൊണ്ടും ഏറ്റെടുത്താൽ നേരെയാക്കാവുന്ന വിധത്തിൽ അല്ല ആ രാജ്യം എന്നുള്ളത് കൊണ്ട് പരാജയം ഉറപ്പുള്ള ഒരു പണി ഒഴിവാക്കാനുമാണു അവർ നേരിട്ട് ഇറങ്ങാത്തത്.

നവാസ് ഷരീഫ് സർക്കാരിനെ പ്രക്ഷോഭക്കാർ കടന്ന് കയറി വലിച്ച് താഴെ ഇടുന്നതിൽ നിന്നും സംരക്ഷിക്കുന്നത് ആർമ്മി ആണു. കസേര സംരക്ഷിക്കുന്നതിനുള്ള വില ആയി ഭരണത്തിന്റെ കടിഞ്ഞാൺ ആണു അവർ പകരം ചോദിക്കുന്നത്. ഒന്നുകിൽ ആർമ്മിയുടെ കൈയ്യിലെ റബ്ബർ സ്റ്റാമ്പായി ഭരണം തുടരാം ഇല്ലെങ്കിൽ പ്രക്ഷോഭക്കാരെ കൊണ്ട് വലിച്ച് താഴെ ഇട്ട് മറ്റൊരു ആർമ്മി റബ്ബർ സ്റ്റാമ്പായ ഇമ്രാൻ ഖാനെ പ്രധാനമന്ത്രി ആക്കും എന്നാണു അവരുടെ നിലപാട്.

ഇതിൽ ഏത് വഴിക്ക് കാര്യങ്ങൾ നീങ്ങും എന്ന് കാത്തിരുന്ന് കാണേണ്ടി വരും. മറ്റൊരു ശ്രദ്ധേയമായ കാര്യം പാകിസ്താനിൽ ആൾ കൂടുന്ന ഏത് പരിപാടിയിലും കടന്ന് കയറി ആക്രമിക്കാറുള്ള പാക് താലിബാൻ ഇത് വരെയും ഈ പ്രക്ഷോഭങ്ങള് മുതലെടുത്ത് ആക്രമണം അഴിച്ച് വിടാൻ ശ്രമിച്ചിട്ടില്ല എന്നുള്ളതാണു. പാക് ആർമ്മിയുടെ ഹൈ സെക്യൂരിറ്റി ബേസുകളിൽ വരെ കടന്ന് കയറി ആക്രമിക്കാൻ മടിക്കാത്ത താലിബാൻ സുരക്ഷ കാരണമാണു ഇതിൽ നിന്ന് വിട്ട് നിൽക്കുന്നത് എന്ന് കരുതുക വയ്യ. ഐ എസ് ഐ നിയന്ത്രിക്കുന്ന ഈ പരിപാടിയെ ആക്രമിക്കാതിരിക്കാനുള്ള നിർദേശം പാലിക്കുന്ന മറ്റൊരു ഐ എസ് ഐ ടൂൾ ആണു പാക് താലിബാൻ എന്നുള്ളതാണു ഇതിനു കാരണമായി ചിലർ ചൂണ്ടിക്കാണിക്കുന്നത്.

Wednesday, July 2, 2014

പൊട്ടിമുളച്ച ഐ എസ് ഐ എസ്

ഐ എസ് ഐ എസ് എന്ന പുതിയ തീവ്രവാദി സംഘടന ഇറാക്കിൽ ഖിലാഫത്ത് പ്രഖ്യാപിച്ചതിനും അവരുടെ ഭാവി പരിപാടികൾക്കും ഫോട്ടോഷോപ്പ് ചെയ്ത മാപ്പുകൾക്കും വമ്പിച്ച മാധ്യമ ശ്രദ്ധ കിട്ടുകയാണു. അൽ ഖയ്ദയ്ക്ക് മുകളിൽ അവരേക്കാൾ ശക്തരായ ഒരു സംഘടന എന്ന നിലയിൽ ആണു ഇവർക്ക് ലഭിക്കുന്ന കവറേജ്. അമെരിക്കൻ പിന്മാറ്റത്തിന്റെ പശ്ചാത്തലത്തിൽ അമേരിക്കൻ സേന പിന്മാറിയ ഇടങ്ങളിൽ ഇരച്ച് കയറിയാണു ഇവർ ഇറാക്കിന്റെ മൂന്നിലൊന്ന് ഭാഗം കൈയ്യടക്കിയത്. പെട്ടെന്ന് ഒരു ദിവസം സ്റ്റാർട്ട് ചെയ്ത് ചെയ്യാവുന്ന ഒരു സംഭവം അല്ല ഇത്. വ്യക്തമായ പ്ലാനിങ്ങും ട്രെയിനിങ്ങും ലോജിസ്റ്റിക്സും ആവശ്യമായ ഈ നീക്കം വെസ്റ്റേൺ/മിഡിൽ ഈസ്റ്റ് ഇന്റലിജൻസ് ഏജൻസികളുടെ കണ്ണിൽ പെട്ടില്ല എന്ന് വിശ്വസിക്കാൻ പ്രയാസമാണു.

ജനസംഖ്യയുടെ ഭൂരിഭാഗം സുന്നികൾ ഉള്ള ഇറാക്കിൽ നൂറി അൽ മാലിക്കിയുടെ ഷിയാക്കൾക്ക് മുന്തൂക്കമുള്ള ഭരണം കടുത്ത അസംതൃപ്തി വളർത്തിയ സാഹചര്യത്തിൽ സുന്നികൾക്ക് സാനിധ്യമുള്ള പ്രദേശങ്ങളിൽ ലോക്കൽസിന്റെ സപ്പോർട്ടോടു കൂടിയാണു ഇവർ ഭരണം പിടിച്ചെടുക്കുന്നത്. ഷിയാ ഭൂരിപക്ഷ പ്രദേശങ്ങളിലേക്ക് ഇവർക്ക് അടുക്കാൻ കഴിയുന്നില്ല എന്നുള്ളതും ശ്രദ്ധേയമാണു. അത് കൊണ്ട് തന്നെ ഇറാക്ക്-സിറിയ പ്രദേശത്തെ സുന്നി അനുകൂല പ്രദേശങ്ങൾ കീഴടക്കി കഴിഞ്ഞാൽ ഇവരുടെ മുന്നേറ്റം പിന്നീട് എത് വഴിക്കാകും എന്ന് പ്രവചിക്കാൻ ഇത് ഉപയോഗിക്കാം.

ജോർദാൻ, സൗദി എന്നീ രാജ്യങ്ങൾ ആണു ഇമ്മീഡിയറ്റ് ആയി റഡാറിൽ വരിക പക്ഷെ ഇറാക്കിനെ പോലെ മുതലെടുക്കാൻ പാകത്തിൽ കലുഷിതമായ രാഷ്ട്രീയ-സുരക്ഷാ സാഹചര്യങ്ങൾ അവിടെ ഇല്ലാത്തതിനാൽ ഉള്ളിൽ നിന്നുള്ള അനുഭാവികൾ വഴി ഒരു അട്ടിമറി ആണു സാധ്യത. ഹജ്ജിനേയും കഅബയിലെ കല്ലിനെ ആരാധിക്കുന്നതിനെ പറ്റിയും വിമർശനമുയർത്തിയ തീവ്രവാദികൾ സൗദിയിൽ ലക്ഷ്യം വെയ്ക്കുന്നതും ഇതായിരിക്കാം. ലെബനണിലെ സുന്നി മജോറിറ്റി ഏരിയ ഇപ്പോൾ ഇവർ കൈയ്യടക്കിയ പ്രദേശങ്ങളിൽ നിന്ന് എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയാത്ത വിധം ഒറ്റപ്പെട്ടിരിക്കുന്നു. ട്രിപ്പോളിയുടെ ചുറ്റുവട്ടത്തുള്ള വടക്കൻ ലെബനൺ ആണു ഇവര്ക്ക് ഏറ്റവും അനുകൂലമായ സ്ഥലം പക്ഷെ അവിടെ എത്തിച്ചേരാൻ നിയന്ത്രണം പൂർണമായും നഷ്ടപ്പെട്ട ഹോംസിലൂടെ വേണം പോകാൻ. അതിനാൽ ഉടനെ ഒന്നും ലബനണിലെക്ക് നിങ്ങും എന്ന് കരുതാൻ വയ്യ.

മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത് പോലെ അതിശ്കതരായ മിലിറ്ററി പവർ ഒന്നും അല്ല ഇവർ. ട്രക്കുകളിലും മറ്റും യന്ത്രത്തോക്കുകൾ ഘടിപ്പിച്ച് താലിബാൻ സ്റ്റൈലിൽ മൊബൈൽ ആയി റോന്ത് ചുറ്റുന്ന യൂണിറ്റുകൾ ആണു ഇവരുടെ പ്രധാന തന്ത്രം. വിസ്തൃതമായ പ്രദേശങ്ങൾ അധികം ആൾബലം ഇല്ലാതെ കൈയ്യടക്കാൻ ഒഴുകി നീങ്ങുന്ന ഈ ചെറു സംഘങ്ങൾ സഹായിക്കുന്നു. അല്പമെങ്കിലും പ്രവർത്തനക്ഷമമായ ഒരു വ്യോമസേന ഉണ്ടെങ്കിൽ ഇറാക്ക് സർക്കാറിനു മണിക്കൂറുകൾക്കകം അവസാനിപ്പിക്കാൻ കഴിയുന്ന ഭീഷണി ആണു ഇവ. അകാശത്തിൽ നിന്നുള്ള ആക്രമണം ശക്തമാണെങ്കിൽ ഒളിച്ചും പാത്തും മാത്രം പുറത്തിറങ്ങാൻ കഴിയുന്ന അഫ്ഗാൻ രീതിയിലേക്ക് ഐ എസ് ഐ എസിന്റെ പ്രവർത്തനങ്ങൾ ചുരുങ്ങും. അവർ കൈയ്യടക്കിയ പ്രദേശങ്ങൾ തിരിച്ച് പിടിക്കാൻ കര വഴിയുള്ള സൈനിക നീക്കം വേണ്ടി വരുമെങ്കിലും വ്യോമാക്രമണം അവരുടെ മുന്നേറ്റങ്ങൾക്ക് തീർച്ചയായും കടിഞ്ഞാണിടും.

പ്രബലമായ ഒരു സ്റ്റേറ്റിന്റെ പിന്തുണ ഇല്ലാതെയാണു ഇവർ ഇത്രയും വളർന്നത് എന്ന് വിശ്വസിക്കാൻ പ്രയാസമാണു. സിറിയയിലെ കലക്ക വെള്ളത്തിൽ മീൻ പിടിക്കാൻ അസദിനെതിരെയുള്ള വിമത സേനയ്ക്ക് സുന്നി രാഷ്ട്രങ്ങളും അമേരിക്കൻ ഇന്റലിജൻസും നൽകിയ ആയുധങ്ങളിൽ ഒരു പങ്ക് ഇവരുടെ കൈയ്യിൽ എത്തി എന്നത് തർക്കമില്ലാത്ത കാര്യമാണു. എന്നാൽ ഈ വക കേസുകളിൽ പൊതുവെ കാണാറുള്ള പോലെ ഒരു വിഭാഗം അബൂബക്കർ ബാഗ്ദാദിയുടെ പേരിൽ സ്വന്തം അജണ്ട നടപ്പാക്കി എന്ന രീതിയിൽ ആണു ഇപ്പോൾ കാര്യങ്ങൾ ചർച്ച ചെയ്യപ്പെടുന്നത്. അല്പം കാര്യങ്ങൾ കൈവിട്ട് പോയിട്ടുണ്ട് എങ്കിലും ഈ പ്രശ്നത്തിൽ ഉൾപ്പെട്ട അമേരിക്കയും ഇറാനും അടക്കമെല്ലാവർക്കും അനുകൂലമായ ഒരു രീതിയിൽ കാര്യങ്ങൾ തിരിയാം എന്ന പ്രതീക്ഷയിൽ ആണു ഇത് വരെ ആരും സൈനികമായി ഇടപെടാത്തത്. സൗദിയോടുള്ള വെല്ലുവിളി തങ്ങൾക്ക് അനുകൂലമായി ഇറാൻ കാണുമ്പോൾ അസ്ദിനെതിരെയുള്ള ഐ എസ് ഐ എസ് നീക്കം തങ്ങൾക്കനുകൂലമായി അമേരിക്കയും സൗദിയും കാണുന്നു.

ഇതിൽ ആരൊക്കെ എന്താണു എന്നറിയണമെങ്കിൽ ഐ എസ് ഐ എസിനെതിരെ ഉള്ള സൈനിക നടപടി ഏത് കോണിൽ നിന്ന് ആദ്യം വരുന്നു എന്ന് നോക്കേണ്ടിയിരിക്കുന്നു. ഇറാൻ സുഖോയ് വിമാനങ്ങളും പണ്ട് സദ്ദം ഇറാനിൽ ഒളിപ്പിച്ചതും കൂറുമാറി വന്നതുമായ ഇറാക്കി വിമാനങ്ങൾ തിരിച്ച് നൽകാൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട് എങ്കിലും ഇതിൽ പ്രശ്നം അടിയന്തിരമായി നേരിടാൻ ഒരു അർജൻസി കാണുന്നില്ല. അമേരിക്കയും പ്രസ്താവനകൾ ഇറക്കുന്നുണ്ടെങ്കിലും അറെബ്യൻ ഗൾഫിലെ ഒരു എയർക്രാഫ്റ്റ് കാരിയറിൽ നിന്നുള്ള വ്യൂമസേനയെ വിന്യസിച്ചാൽ ഒതുക്കാവുന്ന പ്രശ്നത്തിൽ പോലും ഇടപെടുന്നില്ല. എല്ലാവരും കാത്തിരുന്ന് കാണാൻ ഉള്ള തീരുമാനത്തിൽ ആണു. അടുത്ത നീക്കം ഉണ്ടാവുന്നത് വരെ സൈഡിൽ ഇരുന്ന് കാണുന്നവർക്കും കാത്തിരിക്കുക മാത്രമേ വഴിയുള്ളൂ.

Tuesday, December 31, 2013

ഡേർട്ടി ബോംബും ഇന്ത്യൻ ന്യൂക്ലിയർ ഡോക്ട്രിനും ചില ആശങ്കകളും

ഇന്ത്യൻ മുജാഹിദ്ദീൻ സൂറത്തിൽ പാകിസ്താനിൽ നിന്ന് കടത്തിക്കൊണ്ട് വന്ന ന്യൂക്ലിയർ ബോംബ് പൊട്ടിക്കാൻ പദ്ധതി ഇട്ടിരുന്നു എന്നാണു ലേറ്റസ്റ്റ് ന്യൂസ്. അല്പം അതിശയോക്തി കലർന്നതെന്ന് കരുതാവുന്ന ഈ വാർത്ത കുറച്ച് കാലമായി നിലനിൽക്കുന്ന തീവ്രവാദികൾ നടത്തുന്ന ന്യൂക്ലിയർ ആക്രമണം എന്ന ത്രെറ്റിനെ പറ്റി കൂടുതൽ ചിന്തിക്കാൻ അവസരമൊരുക്കുന്നു. അമേരിക്ക അടക്കമുള്ള പാശ്ചാത്യരാജ്യങ്ങൾ വളരെ സീരിയസ് ആയി എടുക്കുന്ന ഒരു ഭീഷണി ആണു ഇത്. സോവിയറ്റ് യൂണിയൻ തകർന്നപ്പോൾ കുന്നു കൂട്ടിയിരുന്ന സോവിയറ്റ് ന്യൂക്ലിയർ ആയുധങ്ങളിൽ ഒരു ചെറിയ ശതമാനം വിഘടിച്ച് പോയ മുൻ സോവിയറ്റ് സ്റ്റേറ്റുകളുടെ കൈയ്യിൽ പെട്ടു. പൂർണ നിയന്ത്രണമുള്ള ഒരു സർക്കാരിന്റേയും പട്ടാളത്തിന്റെയും അഭാവത്തിൽ ആദ്യകാലത്തെ സാമൂഹികമായ കൺഫ്യൂഷനിടയിൽ ഇവയിൽ ചിലത് അവിടങ്ങളിലെ മാഫിയ-തീവ്രവാദ സംഘങ്ങളുടെ കൈയ്യിൽ വരുകയും അവ പണം നൽകാൻ തയ്യാറുള്ള ആർക്കും വാങ്ങാവുന്ന രീതിയിൽ അന്താരാഷ്ട്ര ബ്ലാക്ക് മാർക്കറ്റിൽ എത്തുകയും ചെയ്തു എന്നാണു ഒരു തിയറി. നെസ്റ്റ് (Nuclear Emergency Support Team) പോലുള്ള ന്യൂക്ലിയർ എമർജൻസി ടീമുകൾ നിർമ്മിക്കപ്പെട്ടതും ഈ ത്രെറ്റിന്റെ അടിസ്ഥാനത്തിൽ ആണു.

ഇതാണു തീവ്രവാദികളുടെ കൈയ്യിൽ ന്യൂക്ലിയർ ആയുധങ്ങൾ എന്ന ചിന്തയുടെ തുടക്കം എങ്കിലും പിന്നീട് പഴയ സോവിയറ്റ് രാജ്യങ്ങളിൽ നിന്ന് മാറി ഈ ഭീഷണിയുടെ സ്രോതസ്സ് പാകിസ്താൻ, നോർത്ത് കൊറിയ തുടങ്ങിയ irresponsible nuclear states എന്ന് കരുതപ്പെടുന്നവരിലെക്ക് മാറി ഈ അടുത്ത കാലത്ത്. പ്രത്യേകിച്ച് പാകിസ്താനിൽ. പട്ടാളവും സിവിലിയൻ സർക്കാരും തമ്മിൽ നിലനിൽക്കുന്ന കമ്മ്യൂണിക്കേഷൻ ഗ്യാപ്പും അൽക്വയ്ദ-താലിബാൻ ആശയാനുകൂലികൾ ആയ പട്ടാളത്തിലെ ഉന്നതരും പാശ്ചാത്യർക്കെതിരായ തീവ്രവാദി ആക്രമണങ്ങൾക്ക് സെക്യൂരിറ്റി എസ്റ്റാബ്ലിഷ്മെന്റിന്റെ ഉള്ളിൽ നിന്ന് തന്നെ സഹായങ്ങൾ നൽകപ്പെടുന്ന സാഹചര്യവും നിലനിൽക്കുന്ന അവസരത്തിൽ ന്യൂക്ലിയർ ആയുധങ്ങളുടെ സുരക്ഷയും അവ തീവ്രവാദികളുടെ കൈയ്യിൽ വരാനുള്ള സാഹചര്യവും വിശദമായി ചർച്ച ചെയ്യപ്പെട്ട ഒന്നാണു. ഒരു അവസരത്തിൽ അമേരിക്ക പാകിസ്താൻ ആണവായുധങ്ങളുടെ സുരക്ഷ നേരിട്ട് സ്വന്തം കൈയ്യാൽ ഉറപ്പാക്കാൻ തുനിഞ്ഞതായും വാർത്തകൾ ഉണ്ടായിരുന്നു. പാകിസ്താൻ ശക്തമായി ഇതിനെതിരെ രംഗത്ത് വരികയും 6 മാസത്തിൽ ഒരിക്കൽ എന്ന പോലെ ഇടയ്ക്കിടെ ആണവായുദ്ധങ്ങളുടെ സുരക്ഷയെ പറ്റി സ്റ്റേറ്റ്മെന്റ്സ് ഇറക്കാറും ഉണ്ട്.

എല്ലാ ന്യൂക്ലിയർ ഡിവൈസുകൾക്കും അതിലെ റേഡിയോആക്ടീവ് വസ്തു ശുദ്ധീകരിച്ച പ്ലാന്റിന്റെ ഒരു സിഗ്നേച്ചർ ഉണ്ടായിരിക്കും. ഈ സിഗ്നേച്ചർ ശേഖരിച്ച് വെച്ചിട്ടുള്ളവർക്ക് സ്ഫോടനം നടന്നാൽ അത് ഏത് രാജ്യത്തെ ഡിവൈസ് ആണു എന്ന തിരിച്ചറിയാനും തിരിച്ചടിക്കാനും കഴിയും പൊതുവെ. പക്ഷെ ഇപ്പോൾ സാധാരണ അണുപരീക്ഷണങ്ങൾ എല്ലാം ഭൂമിക്കടിയിലും മറ്റുമായി രഹസ്യമായി ചെയ്യുന്നത് കൊണ്ട് പരീക്ഷണത്തിനൊടുവിൽ അന്തരീക്ഷത്തിൽ കലരുന്ന വേസ്റ്റിന്റെ അളവ്  വളരെ കുറവും അത് കൊണ്ട് തന്നെ അവയുടെ സാമ്പിൾ ശേഖരിച്ച് സിഗ്നേച്ചർ  മനസ്സിലാക്കൽ അത്ര എളുപ്പവുമല്ല. മാത്രവുമല്ല പൂര്ണമായും ഒരു ന്യുക്ലിയർ ബോംബ് അല്ലാതെ റേഡിയോആക്ടീവ് വസ്തുക്കൾ സാധാരണ ബോംബിൽ മിക്സ് ചെയ്ത് ഡേർട്ടി ബോംബ് എന്നറിയപ്പെടുന്ന പ്രഹരശേഷി അല്പം കുറഞ്ഞാലും ഭീകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന ബോംബുകൾ തീവ്രവാദികളുടെ കൈപ്പിടിയിൽ ഒതുങ്ങുന്ന ഒരു ആയുധമാണ്. ഇവയെ തടുക്കൽ എളുപ്പമല്ല.

ഇവിടെ പാകിസ്താന്റെ ആയുധങ്ങൾ സുരക്ഷിതമാണോ അല്ലയോ എന്ന കാര്യമല്ല ചർച്ച ചെയ്യുന്നത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം പ്രധാനമായും പാകിസ്താനിൽ നിന്നാണു ഭീഷണി. തീവ്രവാദികളും പാകിസ്താൻ പട്ടാളവും ഇന്ത്യയുടെ കാര്യത്തിൽ അമേരിക്കക്കെതിരെ എന്നതിനേക്കാൾ ഒത്തൊരുമയോടെ ആണു പ്രവർത്തിക്കാറു അതിനാൽ തീവ്രവാദികളുടെ കൈയ്യിൽ ഇന്ത്യയിൽ ഉപയോഗിക്കാൻ ആയുധങ്ങൾ ലീക്ക് ചെയ്ത് കിട്ടാനുള്ള റിസ്ക് അമേരിക്കയ്ക്ക് ഉള്ളതിനെക്കാൾ പതിന്മടങ്ങ് കൂടുതൽ ആണു. ആണവായുധങ്ങൾ കടത്തിക്കൊണ്ട് വരുന്നതും വന്നാൽ തന്നെ ഇന്ത്യയിൽ വെച്ച് സ്ഫോടനം നടക്കും മുന്നെ കണ്ട് പിടിക്കാനുമുള്ള കഴിവ് ഇന്ത്യയ്ക്ക് ഇല്ല എന്ന് സമ്മതിക്കേണ്ടി വരും. അങ്ങനെ വരുമ്പോൾ പരോക്ഷമായി ഈ ഒരു ആക്രമണം നടത്തുന്നതിൽ നിന്ന് അക്രമികളെ പിന്തിരിപ്പിയ്ക്കാനുള്ള കഴിവ് ഇന്ത്യയുടെ ന്യൂക്ലിയർ ഡിറ്ററൻസ് പോളിസിക്കും പ്രഖ്യാപിത നിലപാടുകൾക്കും ഉണ്ടാവണം. അതാണു ഇവിടെ പരിശോധിക്കാൻ ശ്രമിക്കുന്നത്.

ഇന്ത്യ ആണവായുധം പരീക്ഷിച്ച് ഉടനെ തന്നെ തുടര് പരീക്ഷണങ്ങൾക്ക്  മേൽ  സ്വയം മോരട്ടോരിയം പ്രഖ്യാപിക്കുകയും ഒരു ന്യൂക്ലിയർ പോളിസി പുറത്തിറക്കുകയും ചെയ്തു. ഇന്ത്യ ആണവായുധം ഉപയോഗിക്കാൻ ഉദ്ദേശിക്കുന്ന രീതിയെ പറ്റി മറ്റുള്ളവരെ അറിയിക്കാനാണ് പ്രധാനമായും പോളിസി പ്രഖ്യാപനം കൊണ്ട് ഉദ്ദേശിക്കുന്നത്. ഇത് വഴി ആശങ്കകൾ അകറ്റാനും ആശയക്കുഴപ്പം മൂലമുള്ള  അപകടങ്ങളും യുദ്ധങ്ങളും ഒഴിവാക്കാനും ആണു ശ്രമം. ഇന്ത്യയുടെ പോളിസി പ്രധാനമായും രണ്ട് നിലപാടുകളെ ചുറ്റിപ്പറ്റി ആണു ഇറക്കിയത്.  ആദ്യം ഇന്ത്യ ആരുടെ മേലും ആണവായുധം പ്രയോഗിക്കില്ല (No First use) എന്നതും ആണവായുധം ഇല്ലാത്ത രാജ്യങ്ങൾക്ക് മേൽ   ഇന്ത്യ ആണവായുധം പ്രയോഗിക്കില്ല എന്നതും.ഇന്ത്യക്കെതിരെ ഉള്ള ആണവായുദ്ധ പ്രയോഗത്തെ നിരുൽസാഹപ്പെടുത്തുന്ന തരത്തിൽ minimum deterrence ആയി ആണു ഇത് രൂപവൽക്കരിച്ചത്. ഈ പോളിസി ഇന്ത്യ ഒരു ഡോക്യുമെന്റിലാക്കുകയോ ഫോര്മാലായി പ്രഖ്യാപിക്കുകയോ ചെയ്തിട്ടില്ല സമയാസമയങ്ങളിൽ പല പ്രഖ്യാപനങ്ങളിൽ നിന്ന് മനസ്സിലാകിയെടുക്കാവുന്ന രീതിയിലാണു.

 എന്നാൽ ഈ നിലപാടിനു വേണ്ടത്ര ക്ലാരിറ്റി ഇല്ലാത്തത് കൊണ്ടോ ഇന്ത്യയുടെ പ്രതികരണം മനസ്സിലാക്കുന്നതിൽ പരാജയപ്പെട്ടത് കൊണ്ടോ ആണു പാകിസ്താൻ 1999 ൽ കാർഗിലിൽ അതിക്രമിച്ച് കയറിയത്. ന്യൂക്ലിയർ യുദ്ധമായി മാറിയേക്കാവുന്ന സാഹചര്യത്തിൽ ഒരു  ഇന്ത്യൻ സൈനിക പ്രതികരണം ഉണ്ടാവില്ല എന്നാ കണക്ക് കൂട്ടൽ ആണു പാകിസ്താൻ പട്ടാളം നടത്തിയത്. നിയന്ത്രണരേഖ ലംഘിക്കാതെ തന്നെ ഇന്ത്യ അതിക്രമിച്ച് കയറിയവരെ  തുരത്തി എങ്കിലും ഇന്ത്യൻ പ്രതികരണം ന്യൂക്ലിയർ യുദ്ധത്തിന്റെ നിഴലിൽ വളരെ ഒതുങ്ങിയതും ശ്രദ്ധയോട് കൂടിയതുമായിരുന്നു. തുടർന്ന് ഇന്ത്യയുടെ പ്രതികരണം അളന്ന പാകിസ്താൻ സ്റ്റേറ്റ് പ്രത്യക്ഷമായി തന്നെ പങ്ക് കൊണ്ട 2001 പാര്ലമെന്റ് ആക്രമണം മുതൽ 2008 മുംബൈ ആക്രമണം അടക്കം എല്ലാം ഈ ന്യൂക്ലിയർ അംബ്രല്ലയ്ക്കുള്ളിൽ പാകിസ്ഥാനെതിരെ പ്രതികരണം ഉണ്ടാവില്ല എന്ന ഉറപ്പ് വരുത്തിയവ ആയിരുന്നു.

2001 ൽ പാര്ലമെന്റ് ആക്രമണത്തിനു ശേഷം ഓപ്പറേഷൻ പരാക്രം എന്ന സൈനിക സന്നാഹം ഒരുക്കിയ നടപടി പാകിസ്ഥാന്റെ ന്യൂക്ലിയർ ത്രെറ്റിനു മുന്നിൽ  പരാജയം ആയ ശേഷം ഫ്ര്സ്ട്രേറ്റഡ് ആയ  ഇന്ത്യ 2003ൽ ന്യൂക്ലിയർ പോളിസിയിൽ ചെറിയ ചില മാറ്റങ്ങൾ വരുത്തി. തിരുത്തിയ പോളിസി പ്രകാരം ഇന്ത്യക്കെതിരെ ഉള്ള 'മേജർ' ആക്രമണങ്ങൾക്ക് എതിരായി  ഇന്ത്യ massive ആയി ന്യൂക്ലിയർ ആയുധങ്ങൾ പ്രയോഗിക്കും. കൂടാതെ ലോകത്തെവിടെയും ഉള്ള ഇന്ത്യൻ സേനയ്ക്കെതിരെ കെമിക്കൽ & ബയോളജിക്കൽ ആയുധങ്ങൾ ഉപയോഗിച്ചാൽ ഇന്ത്യ ആണവായുധം പ്രയോഗിക്കും. ഇതോട് കൂടി ഇന്ത്യൻ പോളിസി minimum deterrenceൽ നിന്ന് assured retaliation എന്നതിലേക്ക് മാറി. ഈ ചെറിയ മാറ്റങ്ങളിലൂടെ ഇന്ത്യ ഇതിനു മുന്നേ പ്രഖ്യാപിച്ച പോളിസിയുടെ കാതൽ  തന്നെ മാറുകയാണ് ചെയ്തത്. ഇത് പൂർണമായും ചിന്തിച്ച് വ്യക്തതയോടെ വരുത്തിയ മാറ്റങ്ങളാണോ എന്ന ഉറപ്പില്ല.

ആദ്യം പ്രയോഗിക്കില്ല എന്ന പ്രഖ്യാപനത്തിന് ചേര്ന്നതല്ല മേജര് അറ്റാക്കിനെതിരെ ആണവായുധം ഉപയോഗിക്കും എന്ന പുതിയ പ്രഖ്യാപനം. കെമിക്കൽ അല്ലെങ്കിൽ ബയോളജിക്കൽ ആക്രമണം ഒരു ആണവായുധമില്ലാത്ത രാജ്യം നടത്തിയാലും ഇന്ത്യ തിരിച്ചടിക്കും എന്ന സൂചനയാണു രണ്ടാമത്തെ പോയിന്റിൽ ഉള്ളത്.  ഇന്ത്യ വ്യക്തമായ ഒരു പോളിസി ഡോക്യുമെന്റ് പുറത്തിറക്കാത്ത സാഹചര്യത്തിൽ ഇവയെല്ലാം അവ്യക്തമായ സൂചനകളാണു നല്കുന്നത്. പാകിസ്ഥാനിൽ നിന്നുള്ള ഒരു ന്യൂക്ലിയർ ഡിവൈസ് ഉപയോഗിച്ച്  ഇന്ത്യയിൽ തീവ്രവാദികൾ സ്ഫോടനം നടത്തിയാൽ എന്തായിരിക്കും ഇന്ത്യൻ പ്രതികരണം എന്ന് ഈ സാഹചര്യത്തിൽ  ചിന്തിക്കണം.

മേജര് അറ്റാക്ക് എന്ന ഗണത്തിൽ പെടുന്നത് കൊണ്ട് ഇന്ത്യ പാകിസ്ഥാനെതിരെ ന്യൂക്ലിയർ ആക്രമണം നടത്തുമോ? 2008 ലെ മുംബൈ ആക്രമണം ഈ കാറ്റഗറി ആയിരുന്നോ? നടത്തില്ല എങ്കിൽ എന്താണു ന്യൂക്ലിയർ ഡോക്ട്രിൻ കൊണ്ട് ഉദ്ദേശിക്കുന്നത്? ക്രെഡിബിൾ ആയ കാര്യങ്ങൾ അല്ല ന്യൂക്ലിയർ പോളിസിയിൽ എങ്കിൽ ആരും അത് സീരിയസ് ആയി എടുക്കും എന്ന കരുതുക വയ്യ. ഇത് നടപ്പിലാക്കാനുള്ള പൊളിറ്റിക്കൽ വിൽ ഒരു ചോദ്യചിഹ്നവുമാണു. തീവ്രവാദികളും മറ്റ്‌ രാജ്യങ്ങളും ഇത് ടെസ്റ്റ്‌ ചെയ്ത് നോക്കാൻ നിര്ബന്ധിതരാവും. കാർഗിൽ നല്ല ഒരു ഉദാഹരണമാണ്. ന്യൂക്ലിയർ ഡോക്ട്രിനിൽ പറഞ്ഞ കാര്യങ്ങൾ രാഷ്ട്രീയമായ നേതൃത്വം ഫങ്ങഷണൽ അല്ലാത്ത ഒരു സാഹചര്യത്തിൽ ന്യൂക്ലിയർ കമാന്റിന്റെ ചുമതലയുള്ള പ്രതിരോധസേന നിർവഹിക്കണം. ആ സാഹചര്യത്തിൽ  ഒന്നോ രണ്ടോ ആളുകൾ  ഇത് വായിച്ചെടുക്കുന്നത് എങ്ങനെ എന്നതിനനുസരിച്ചിരിക്കും ഒരു ന്യൂക്ലിയർ ലോഞ്ച്.

ഒരു ആക്രമണം ഉണ്ടായാലുള്ള പ്രതികരണം ആലോചിക്കുന്നതിനു പകരം ഇത്തരം ഒരു ആക്രമണം തടയാൻ കഴിയുന്ന ഒരു പോളിസി ഉണ്ടാവുക ആണു വേണ്ടത്. ഏതെങ്കിലും രാജ്യത്ത് നിന്ന് വന്ന ന്യൂക്ലിയർ  ഡിവൈസ് ഉപയോഗിച്ച് ഒരു ആക്രമണം ഉണ്ടായാൽ അതിന്റെ പൂര്ണ്ണ  ഉത്തരവാദിത്തം ആ രാജ്യത്തിനു ആണു എന്ന്  വ്യക്തമാക്കണം. അത് ഇന്ത്യ എങ്ങനെ കണക്കാക്കുമെന്നും  അതിനോട് എങ്ങനെ  പ്രതികരിക്കും എന്നും  വ്യക്തമാക്കിയാൽ അത് ക്രെഡിബിൾ ആണെന്ന് വരികയും വേണം. ഇതൊന്നും വ്യക്തമാക്കാതെ ഉള്ള ഒരു ന്യൂക്ലിയർ പോളിസി ഗുണത്തെക്കാളേറെ റിസ്ക്‌ വര്ദ്ധിപ്പിച്ച് ദോഷമാണ് ഇന്ത്യക്ക് ചെയ്യുന്നത്.

Wednesday, November 20, 2013

ഐ എൻ എസ് വിക്രമാദിത്യയും പഴയ സ്കൂട്ടറിലെ പെയിന്റടിയും

ഐ എൻ എസ് വിക്രമാദിത്യ റഷ്യ പൊളിക്കാൻ ഇട്ട അഡ്മിറൽ ഗോർഷ്കോവ് എന്ന ഏതോ ഒരു തല്ലിപ്പൊളി കപ്പൽ ഇന്ത്യ പെയിന്റ് മാറ്റി അടിച്ച് എടുത്ത് കൊണ്ടുവന്നിരിക്കുക ആണെന്നും പഴയ ബജാജ് സ്കൂട്ടർ ഒക്കെ ഓടിച്ച പരിചയത്തിന്റെ ഒക്കെ പുറത്ത് ഇത് തള്ളി സ്റ്റാർട്ടാക്കേണ്ട ഗതികേട് വന്നാലോ എന്നൊക്കെ ആശങ്കപ്പെടുകയും ചെയ്യുന്ന ചില പോസ്റ്റുകൾ കാണാൻ ഇടയായി. ഇത് വിക്രമാദിത്യയെ പറ്റി വേണ്ടത്ര അറിയാതെ ഉള്ള കമന്റുകളാണു.

അഡ്മിറൽ ഗോർഷ്കോവ് എന്ന കപ്പൽ യു എസ് എസ് ആർ നേവി 1987ല് നിർമ്മിച്ച് പുറത്തിറക്കിയപ്പോഴേക്ക് അത് കൊണ്ട് നടക്കാനുള്ള സാമ്പത്തിക ശേഷി ആ രാജ്യത്തിനു ഇല്ലാതായിക്കഴിഞ്ഞിരുന്നു. അത് കാരണം പൂർണ്ണമായി ഉപയോഗിക്കാൻ സാമ്പത്തികപരാധീനത കാരണം കഴിയാതെ 1996ല് ഡീകമ്മീഷൻ ചെയ്യുക ആയിരുന്നു. അതായത് യൂസ്ഫുൾ ലൈഫ് കഴിഞ്ഞ ഉപയോഗശൂന്യമായ ഒരു സാധനം അല്ല റഷ്യക്കാരുടെ കൈയ്യിലിരിക്കുമ്പോൾ തന്നെ എന്നർത്ഥം. റഷ്യൻ നേവൽ സിദ്ധാന്തപ്രകാരം ഒരു വിമാനവാഹിനിക്കപ്പൽ ആയി അല്ല ഗോർഷ്കോവ് വിഭാവനം ചെയ്യപ്പെട്ടതും നിർമ്മിക്കപ്പെട്ടതും. വിമാനങ്ങളുടെ അകമ്പടിയുള്ള ഒരു മിസൈൽ ക്രൂയിസർ ബോട്ട് ആയിരുന്നു റഷ്യൻ നേവിയിൽ ഗോർഷ്കോവ്. (1990കളിൽ സോവിയറ്റ് യൂണിയൻ തകർച്ചയും തുടർന്ന് ഷ്യ എന്ന ചെറു രാജ്യമായി മാറുകയും ചെയ്യുന്നതിനിടയിൽ അനിശ്ചിതത്വത്തിൽ വീണു പോയ ഒരു പഴയ ലോകശക്തിയുടെ ആയുധനിർമ്മാണ ശേഷി ചുളു വിലയ്ക്ക് ഉപയോഗപ്പെടുത്തുക ആണു ഇന്ത്യൻ പ്രതിരോധമന്ത്രാലയം ചെയ്തത്. റ്റി 70 ടാകുകൾ തൊട്ട് സുഖോയ് വിമാനങ്ങളും ബ്രഹ്മോസ് മിസൈൽ വരെയും ഇന്ത്യ ഈ വഴിക്ക് സ്വന്തമാക്കിയതാണു. പണത്തിനു ഞെരുങ്ങിയ റഷ്യയ്ക്ക് അവരുടെ ആയുധനിർമ്മാനശേഷി നശിക്കാതെ ഫാക്ടറികളും ഗവേഷണവും നിലനിർത്തുന്നതിനു ഈ ഡീലുകൾ വളരെ സഹായകമാവുകയും ചെയ്തു.)

ഐ എൻ എസ് വിരാട് എന്ന് നിലവിലെ വിമാനവാഹിനിയുടെ ഡീക്കമ്മീഷനിങ്ങ് അടുത്ത് വരുന്നതിനും ഇന്ത്യ സ്വന്തമായി നിർമ്മിക്കുന്ന വിമാനവാഹിനികൾ പുറത്തിറങ്ങുന്നതിനുമിടയിൽ കുറച്ച് വർഷങ്ങളുടെ ഗ്യാപ്പ് രൂപപ്പെടുന്നത് മുങ്കൂട്ടി കണ്ട ഇന്ത്യ അഡ്മിറൽ ഗോർഷ്കോവ് എന്ന കൂറ്റൻ കപ്പലിൽ ഒരു വിമാനവാഹിനിയെ കണ്ടു. മിസൈൽ ക്രൂയിസർ ബോട്ടിനെ വിമാനവാഹിനിയായി അഴിച്ചു പണിയാനാണു ഇന്ത്യയും റഷ്യയും തമ്മിൽ കരാർ ഒപ്പിട്ടത്. ഇത് ചെറിയ ഒരു പണി ആയിരുനില്ല. മിസൈൽ ക്രൂയിസർ റോളിന്റെ ഭാഗമായി മുന്നിലെ ഡെക്കിൽ ഉണ്ടായിരുന്ന പീരങ്കികൾ, കപ്പൽ വേധ ഗണ്ണുകൾ, എയർ ഡിഫൻസ് ഗണ്ണുകൾ എന്നിവ നീക്കം ചെയ്തു.ഇതിന്റെ സ്ഥാനത്ത് സ്കീ ജമ്പ് മോഡലിൽ നീളം കൂട്ടിയ പുതിയ റൺ വേ ഡിസൈൻ ചെയ്ത് സ്ഥാപിക്കാൻ ഇന്ത്യ ആവശ്യപ്പെട്ടു. ഡെക്കിന്റെ വീതി പല ഭാഗങ്ങളിൽ കൂട്ടി. കപ്പലിന്റെ പിൻഭാഗത്തെ വിമാനങ്ങൾ കൊണ്ട് വരുന്ന എലവേറ്റര് ശക്തിപ്പെടുത്തി പുനർനിർമ്മിച്ചു പഴയതിനു പകരം സ്ഥാപിച്ചു. ലാന്റ് ചെയ്യുന്ന വിമാനങ്ങളെ പിടിച്ച് നിർത്തുന്ന റൺ വേയിലെ അറസ്റ്റർ കേബിൾ സിസ്റ്റം സ്കി ജമ്പ് സിസ്റ്റത്തിനായി പുതിയ ഡിസൈനിലേക്ക് മാറ്റി സ്ഥാപിച്ചു (ഒരു പാട് കാശ് ഇതിനു പൊട്ടി).

കപ്പലിന്റെ കാതലായ ഭാഗങ്ങൾ മുഴുവൻ മാറ്റിപ്പണിയേണ്ടിയും വന്നിട്ടുണ്ട്. ഉദാഹരണത്തിനു എഞ്ചിൻ ബോയിലറുകൾ ഡീസലിൽ ഓടാൻ പാകാത്തിനു മുഴുവനായി റീപ്ലേസ് ചെയ്തു.കമ്മ്യൂണിക്കേഷൻ എക്യുപ്മെന്റ് പഴയവ ഒഴിവാക്കി പകരം ലേറ്റസ്റ്റ് വെച്ചു. കപ്പലിൽ മുഴുവനായി ചുറ്റിപ്പിണഞ്ഞു കിടക്കുന്ന കിലോമീറ്ററുകൾ നീളമുള്ള വയറിങ്ങ് മുഴുവൻ റീപ്ലേസ് ചെയ്തു. ആദ്യം സൈൻ ചെയ്ത കരാറിൽ പറഞ്ഞ് കാശിനു ഇത് മുഴുവൻ ചെയ്താൽ മുതലാവില്ല എന്ന് പറഞ്ഞ് റഷ്യ ഒരു പാട് കാശ് പിന്നെയും വാങ്ങുകയും മേല്പറഞ്ഞ റീഡിസൈനിങ്ങ് പറഞ്ഞ സമയത്ത് പലപ്പോഴും പൂർത്ത്യാക്കാൻ കഴിയാത്തതിനാൽ ഡെലിവറി നീണ്ട് പോവുകയും ചെയ്തു.

ഒരു ഘട്ടത്തിൽ നിർമ്മാണം മുക്കാലും പൂർത്തിയായ ഘട്ടത്തിൽ ഈ കപ്പൽ ഇനി ഇന്ത്യ കൂടുതൽ കാശ് തന്നില്ലെങ്കിൽ റഷ്യൻ നേവി തന്നെ ഉപയോഗിക്കാം എന്നൊരു സജഷൻ അവരുടെ നേവിയിൽ നിന്ന് വരികയും അത് വെച്ച് റഷ്യ കൂടുതൽ കാശിനു വിലപേശുകയും ഉണ്ടായതായി കേട്ടിട്ടുണ്ട്. അതായത് ഷ്യൻ നേവിയുടെ നിലവാരത്തിൽ ഉള്ള മോഡേൺ കപ്പലായിക്കഴിഞ്ഞിരുന്നു അപ്പോഴേക്ക് വിക്രമാദിത്യ. ഒരു വിമാനവാഹിനിക്കപ്പൽ എന്ന നിലയിൽ പല പോരായ്മകളും ഇപ്പോഴും വിക്രമാദിത്യയ്ക്ക് ഉണ്ട്. എന്നാൽ അത് തുരുമ്പ് പിടിച്ച ഒരു കപ്പൽ പെയിന്റ് അടിച്ച് എടുത്തതിന്റെ പ്രശ്നങ്ങൾ അല്ല എന്ന് മാത്രം പറയാം ചുരുക്കത്തിൽ.ഷ്യൻ നേവിയുടെ നിലവാരത്തിൽ ഉള്ള മോഡേൺ കപ്പലായിക്കഴിഞ്ഞിരുന്നു അപ്പോഴേക്ക് വിക്രമാദിത്യ. ഒരു വിമാനവാഹിനിക്കപ്പൽ എന്ന നിലയിൽ പല പോരായ്മകളും ഇപ്പോഴും വിക്രമാദിത്യയ്ക്ക് ഉണ്ട്. എന്നാൽ അത് തുരുമ്പ് പിടിച്ച ഒരു കപ്പൽ പെയിന്റ് അടിച്ച് എടുത്തതിന്റെ പ്രശ്നങ്ങൾ അല്ല എന്ന് മാത്രം പറയാം ചുരുക്കത്തിൽ.

Saturday, May 7, 2011

അമേരിക്കയും പാകിസ്താനും ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ തീവ്രവാദവും- Part 2

പാകിസ്താനിൽ നിന്നുള്ള നിരന്തരമായ ന്യൂക്ലിയർ ബ്ലാക്ക്മെയിലിങ്ങിന്റെ മറവിലെ തീവ്രവാദവും പാശ്ചാത്യ രാജ്യങ്ങളിൽ നിന്നുള്ള പൊളിറ്റിക്കൽ സമ്മർദ്ദവും മൂലം ഒരു പോയിന്റിൽ ഇന്ത്യ കശ്മീർ വിട്ട് കൊടുക്കാൻ നിർബന്ധിതമാവും എന്നും തുടർന്നങ്ങോട്ട് പാകിസ്താൻ എന്ന സഖ്യ കക്ഷിയുടെ സഹായത്തോടെ മേഖലയെ നിയന്ത്രിക്കാം എന്നും ആവണം അമേരിക്ക കണക്ക് കൂട്ടിയിരുന്നത്. എന്നിരുന്നാലും 1990കളിലെ Asian Great Gameൽ അമേരിക്കയെ സംബന്ധിച്ചിടത്തോളം ഇന്ത്യ പ്രാധാന്യം ഒട്ടും അർഹിക്കാത്ത ഒരു docile രാജ്യം മാത്രമായിരുന്നു. അവരുടെ ശ്രദ്ധ കാര്യമായി ചൈന, ഇറാൻ, റഷ്യ എന്നിവരിലായിരുന്നു. പാകിസ്താനെ എന്ത് വില കൊടുത്തും പിന്തുണയ്ക്കുക എന്നതിലൂടെ ഇന്ത്യയിലെ തീവ്രവാദത്തിൽ പരോക്ഷ പങ്കാളിത്തമാണു അമേരിക്കയ്ക്ക് ഉണ്ടായിരുന്നത്.

90കളൂടെ ആദ്യ പകുതി ഇന്ത്യക്ക് കറുത്ത ദിനങ്ങൾ ആയിരുന്നു. ജമ്മു & കശ്മീരിൽ ആയിരക്കണക്കിനു തീവ്രവാദികൾ നുഴഞ്ഞു കയറി ആക്രമിച്ചു. Gulbuddin Hekmatyarഉടെ അഫ്ഘാൻ ക്യാമ്പുകളിൽ നിന്ന് ട്രെയിനിങ് ലഭിച്ച് ഐഎസ്ഐയുടെ മേൽനോട്ടത്തിൽ ആയിരുന്നു നുഴഞ്ഞ കയറ്റം. ലക്ഷക്കണക്കിനു കശ്മീരി പണ്ഡിറ്റുകൾ താഴ്വരയിൽ നിന്ന് തുരത്തിയോടിക്കപ്പെട്ടു. Hazratbal പള്ളിയിൽ കയറിയ ദോസ്ത് ഗുല്ലിനേയും മറ്റ് തീവ്രവാദികളേയും ഒഴിപ്പിക്കുന്നതിൽ ഇന്ത്യൻ ആർമി പരാജയപ്പെട്ടു. Harkat-ul-Ansarന്റെ ഒമർ ഷെയ്ക്ക് ഉൾപ്പെടെ ഉള്ള ബ്രിട്ടീഷ്-പാക് തീവ്രവാദികൾ കശ്മീർ ഇഷ്യു അന്താരാഷ്ട്രവൽക്കരിക്കുന്നതിന്റെ ഭാഗമായി കശ്മീരിൽ വരുന്ന വിദേശ വിനോദ സഞ്ചാരികളെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തി. അതേ സമയം Laskar-e-Taiba പാകിസ്താനിലെ പഞ്ചാബിൽ നിന്ന് കശ്മീർ ജിഹാദിനായിനായി ആയിരങ്ങളെ റിക്രൂട്ട് ചെയ്യുകയും പ്രവർത്തനം ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ദാവൂദ് ഇബ്രാഹിം നെറ്റ് വർക്കുമായി ചേർന്ന് പ്രവർത്തിക്കാൻ ആരംഭിക്കുകയും ചെയ്തു. മാസങ്ങളോളം അമർച്ച ചെയ്യാനാവാതെ നിന്ന് കത്തിയ ജിഹാദിന്റെ തീയിൽ കശ്മീർ ഇന്ത്യയുടെ കൈ വിട്ട് പോകും എന്ന് തന്നെ തോന്നിച്ചു.

1996 ഒരു നിർണായക വർഷമായിരുന്നു. അഫ്ഘാനിസ്താനിൽ താലിബാൻ ഐ എസ് ഐയുടെ മേൽനോട്ടത്തിൽ അധികാരം പിടിച്ചെടുത്തിരിക്കുന്നു. ഇന്ത്യയുടെ സ്ഥിതി മോശമാണു. നരസിംഹ റാവുവിനു ശേഷം വന്ന സർക്കാരുകൾ തുടർച്ചയായി നിലം പൊത്തി. സാമ്പത്തിക പരിഷ്കരണം മന്ദഗതിയിൽ ആണു. കശ്മീരിലെ തീവ്രവാദം അതിന്റെ ഉച്ചസ്ഥായിൽ എത്തിയിരിക്കുന്നു. അഫ്ഘാനിസ്താനിൽ കൂടി പാകിസ്താനു അനുകൂലമായ ഭരണം വന്നത്തോടെ കശ്മീരിലെ സ്ഥിതി വരുന്ന വർഷങ്ങളിൽ മുമ്പെങ്ങുമില്ലാത്ത വിധം വഷളാവാനുള്ള സാധ്യതകൾ കാണുന്നു. ഈ നിർണായക ഘട്ടത്തിലാണു താലിബാൻ സുഡാനിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഒസാമ ബിൻ ലാദനെ അഫ്ഘാനിസ്താനിലേക്ക് ക്ഷണിക്കുന്നത്. സുഡാൻ ഒസാമയെ പുറത്താക്കാൻ ശ്രമിക്കുന്ന സമയമായിരുന്നു ഇത്.

ബിൻ ലാദന്റെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്കുള്ള മാറ്റം സൗദിക്കും അമേരിക്കയ്ക്കും പാകിസ്താനും ഒരേ പോലെ സ്വീകാര്യമായ തീരുമാനമായിരുന്നു ആ സമയത്ത്. അമേരിക്കയെ സംബന്ധിച്ചിടത്തോളം ബിൻ ലാദൻ തന്റെ പണവും സംഘടനയും പാശ്ചാത്യർക്ക് എതിരെ ഉപയോഗിക്കുന്നതിലും നല്ലത് ഇന്ത്യൻ കശ്മീരിൽ ഉപയോഗിക്കുന്നതായിരുന്നു. അൽ ഖയിദയുടെ ശ്രദ്ധ കശ്മീരിലെ ജിഹാദിലേക്ക് തിരിയുകയും അമേരിക്ക, ഇസ്രയേൽ, മറ്റ് സഖ്യകക്ഷികൾ എന്നിവർക്ക് നേരെയുള്ള ഭീഷണി ഒഴിയുകയും ചെയ്യാനുള്ള സാധ്യത അവർ കണക്ക് കൂട്ടി. സൗദി അറേബ്യക്കും ഒരു തലവേദന ഒഴിഞ്ഞ ആശ്വാസം. പാകിസ്താനാകട്ടെ അൽ ഖയിദയുടെ ആളും അർത്ഥവും കശ്മീരിലെ ജിഹാദിലേക്ക് വരുന്നത് മുൻ കൂട്ടി കണ്ട് ഈ നീക്കം സ്വാഗതം ചെയ്തു.

മനോഹരമായ ഈ പദ്ധതിയിൽ ഒരു പിഴവ് സംഭവിച്ചത് ലാദന്റെ പാശ്ചാത്യരാജ്യങ്ങൾക്കെതിരെ ഉള്ള പാൻ ഇസ്ലാമിക് ജിഹാദിനോടുള്ള സമർപ്പണവും കഠിനാധ്വാനവും കുറച്ച് കണ്ടതിലാണു. ലാദനെ സംബന്ധിച്ചിടത്തോളം കശ്മീർ ഒരു വിഷയമായിരുന്നില്ല. അറബ് രാജ്യങ്ങളിലെ പ്രശ്നങ്ങളും പലസ്തീൻ വിമോചനവുമെല്ലാം മുന്നിൽ കണ്ടുള്ള പദ്ധതികൾ ഉള്ള ലാദനെ കശ്മീരിൽ തളച്ചിടാൻ ആർക്കും കഴിയുമായിരുന്നില്ല. അമേരിക്കയും ഇസ്രയേലുമായിരുന്നു ലാദന്റെ ലക്ഷ്യം. ബിൻ ലാദന്റെ വരവോട് കൂടി പാകിസ്താൻ വ്യക്തമായ പ്ലാനോടെ മുന്നോട്ട് കൊണ്ട് പോയിരുന്ന കശ്മീരിലെ ജിഹാദ് പതുക്കെ പതുക്കെ വരുന്ന വർഷങ്ങളിൽ കൈവിട്ട് പോകാൻ തുടങ്ങുകയായിരുന്നു.

Friday, May 6, 2011

അമേരിക്കയും പാകിസ്താനും ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ തീവ്രവാദവും- Part 1

1990കളുടെ തുടക്കത്തിൽ അമേരിക്ക കത്തി നിൽക്കുന്ന സമയമായിരുന്നു. സോവിയറ്റ് യൂണിയനെ കോൾഡ് വാറിൽ തോൽപ്പിച്ച സമയം. അഫ്ഘാനിസ്താനിൽ മുജാഹിദീൻ പോരാളികളെ ഇറക്കിയ വകയിൽ പാകിസ്താൻ വളരെ പ്രധാനപ്പെട്ട അമേരിക്കൻ സഖ്യകക്ഷി ആയി മാറിയ സമയം. അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിൽ Brzezinski/Scowcroftയുടെ ഫോറിൻ പോളിസി സ്കൂൾ ഓഫ് തോട്ടും സി ഐ ഏയിൽ Milt Bearden, Michael Scheuer തുടങ്ങിയവരും വെന്നിക്കൊടി പാറിച്ച കാലം. അമേരിക്കയ്ക്ക് വേണ്ടി ഭാവിയിൽ ഏഷ്യൻ മേഖലയിലെ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ പോകുന്ന Madeline Allbright, Robin Raphel തുടങ്ങിയ രാഷ്ട്രീയത്തിലെ പ്രമുഖർ വളർന്ന് വരുന്ന സമയം കൂടിയാണിത്. മുകളിൽ പറഞ്ഞവരെല്ലാം കാര്യങ്ങൾ തീരുമാനിക്കുകയും നടപ്പിലാക്കുകയും ചെയ്ത് വന്നിരുന്ന ആ സമയത്ത് ഇവരെല്ലാം യോജിച്ചിരുന്ന ഒരു കാര്യമാണു സൗത്ത്/സെൻട്രൽ ഏഷ്യയിൽ അമേരിക്കയുടെ ഏറ്റവും പ്രധാനപ്പെട്ട സഖ്യകക്ഷി പാകിസ്താൻ ആയിരിക്കണം എന്നുള്ള കാര്യം.

അഫ്ഘാനിസ്താനിൽ നിന്ന് സോവിയറ്റ് പിന്മാറ്റത്തിനു ശേഷം വന്ന രാഷ്ട്രീയ അനിശ്ചിതത്വം പാകിസ്താൻ അവരുടെ പ്രോക്സികളെ വെച്ച് അധികാരം പിടിക്കുന്ന രീതിയിൽ ആക്കിത്തീർത്തത് അമേർക്കയുടെ കൂടി സഹായത്തോടെ ആണു. പാകിസ്താൻ എന്ന സഖ്യകക്ഷി അഫ്ഘാൻ മേഖല നിയന്ത്രിക്കുന്നത് അമേരിക്കൻ പോളിസിയുടെ ഭാഗമായിട്ടായിരുന്നു. പടിഞ്ഞാറൻ ചൈന, സെൻട്രൽ ഏഷ്യയിലെ പഴയ സോവിയറ്റ് രാജ്യങ്ങൾ എന്നിവയെ ലക്ഷ്യം വെച്ചായിരുന്നു ഈ നീക്കം. ചൈന സോവിയറ്റ് യൂണിയനെ പോലെ ആയിത്തീരുക ആണെങ്കിൽ അവർക്കെതിരെ മുജാഹിദ്ദീൻ മൂവ്മെന്റ് പോലെ ഒരു നീക്കം കൂടി മുൻകൂട്ടി കണ്ടിട്ടുണ്ടാവാം. കൂടാതെ പാകിസ്താനു നൽകുന്ന പിന്തുണ അറബ് മേഖലയിൽ അമേരിക്കയുടെ ഇമേജ് വർധിപ്പിക്കാനും ഇറാനെതിരെ ഉള്ള നീക്കങ്ങൾക്കും സഹായിച്ചിരിക്കാം. ചുരുക്കിപ്പറഞ്ഞാൽ ഏഷ്യൻ മേഖലയിൽ അമേരിക്കയുടെ സ്വാധീനം വർധിപ്പിക്കാനും എതിരാളികൾക്ക് വെല്ലുവിളി ഉയർത്താനും ഉള്ള ഒരു ലോഞ്ചിങ് പാഡ് ആയി പാകിസ്താൻ മാറി 1990കളുടെ തുടക്കത്തിൽ.

പാകിസ്താനികൾക്ക് അവരുടേതായ അജണ്ടകളും ഉണ്ടായിരുന്നു. ജമ്മു&കശ്മീർ ഇന്ത്യയിൽ നിന്ന് അടർത്തിയെടുക്കുന്നതിനായി അമേരിക്കൻ പിന്തുണയോടെയുള്ള പലവിധ ശ്രമങ്ങൾ ആരംഭിക്കുന്നത് അങ്ങനെയാണു. സൈനികമായ ശ്രമങ്ങൾ Mirza Aslam Begഉം Hamid Gulഉം പോലെയുള്ള ഐഎസ്ഐ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അഫ്ഘാൻ യുദ്ധത്തിൽ പങ്കെടുത്ത പരിചയമുള്ള പോരാളികളേയും സിഐഏ നൽകിയ പാഠങ്ങളും ഉപയോഗിച്ച് ഇന്ത്യക്കെതിരെ 'war of a thousand cuts' തുടങ്ങുകയായിരുന്നു. രാഷ്ട്രീയമായ ഇടപെടലുകൽ Robin Raphelനെ പോലുള്ള അമേരിക്കൻ നേതാക്കൾ നേരിട്ട് 'ജനാധിപത്യപരമായി' വിഘടനവാദം ഉന്നയിക്കാൻ കശ്മീരിൽ ഹുറിയത്ത് കോൺഫറൻസ് സ്ഥാപിക്കാൻ ഇടപെടുന്നത് വരെയൊക്കെ എത്തി.

അമേരിക്കയെ സംബന്ധിച്ചിടത്തോളം ആ സമയത്ത് ഇന്ത്യ ഒരു പഴയ സോവിയറ്റ് സഖ്യകക്ഷി എന്ന നിലയിൽ സഹതാപമോ പരസ്പര വിശ്വാസമോ അർഹിക്കാത്ത രാജ്യമായിരുന്നു. ഇന്ദിരാഗാന്ധിയുടെ ശക്തമായ നേതൃത്വം ഇന്ത്യക്ക് നഷ്ടപ്പെട്ടിട്ട് വർഷങ്ങൾ കഴിഞ്ഞിരുന്നു. 1989ൽ വി പി സിങ് സർക്കാർ മുതൽ സ്ഥിരമായ ഒരു ഭരണവും സാമ്പത്തികമായി വളർച്ചയും ഇന്ത്യക്ക് ഇല്ലായിരുന്നു. ഇതിനൊക്കെ പുറകെ 1991ൽ ഐഎംഎഫിന്റെ സാമ്പത്തിക സഹായം തേടേണ്ടി വന്നു ഇന്ത്യയ്ക്ക്. ഈ സമയത്താണു കശ്മീർ വിട്ട് കൊടുക്കാൻ വേണ്ടി ഇന്ത്യയ്ക്ക് മേൽ നാലു പാട് നിന്നും സമ്മർദ്ദം വരുന്നത്. പാകിസ്താൻ സ്പോൺസർ ചെയ്യുന്ന തീവ്രവാദത്തിനെ പറ്റിയുള്ള ഇന്ത്യയുടെ വാദം ചെവിക്കൊള്ളാൻ ആരും ഉണ്ടായില്ല. പകരം കശ്മീരിൽ ഇന്ത്യ നടത്തുന്ന 'മനുഷ്യാവകാശ ലംഘനം' എന്ന പേരിൽ പൂർവാധികം ശക്തിയോടെ ഇന്ത്യ വിമർശിക്കപ്പെട്ടു.

1993ലെ ബോംബെ ബ്ലാസ്റ്റിൽ ഐഎസ്ഐയുടെ പങ്കിനുള്ള തെളിവായി ഇന്ത്യ അമേരിക്കൻ എഫ് ബി ഐയ്ക്ക് കൈമാറിയ Pakistan ORF Ammunition ദുരൂഹ സാഹചര്യത്തിൽ അവരുടെ കൈയ്യിൽ നിന്ന് കാണാതാവുന്നതുൾപ്പെടെ നിരവധി പ്രത്യക്ഷവും പരോക്ഷവുമായ സഹായങ്ങൾ അമേരിക്ക പാകിസ്താനു നൽകി ഈ കാലയളവിൽ. ഇന്ത്യ സ്വന്തമായി എന്തെങ്കിലും നീക്കം പ്ലാൻ ചെയ്താൽ ഐഎംഎഫിന്റെ ചരടുകൾ മുറുക്കി നിലക്ക് നിർത്താനും അവർ ശ്രദ്ധിച്ചു. നരസിംഹറാവു എന്ന പ്രധാനമന്ത്രി ആ സമയത്ത് ഇല്ലായിരുന്നെങ്കിൽ കശ്മീർ ഇന്ത്യയ്ക്ക് ഒരു പക്ഷെ നഷ്ടപ്പെട്ടിരിക്കാം എന്ന് എനിക്ക് തോന്നുന്നു.

Pressler Amendment (which prohibited US arms sales to Pakistan on account of its nuclear weapons program) വഴി പാകിസ്താന്റെ ന്യൂക്ലിയർ പ്രോഗ്രന്മിനെ എതിർത്തു എന്ന് അമേരിക്ക അവകാശപ്പെടുന്നുണ്ടെങ്കിലും 90കളുടെ തുടക്കത്തിൽ തന്നെ ചൈന നിർമ്മിക്കുകയും പരീക്ഷിക്കുകയും ചെയ്ത ആണവായുധങ്ങൾ പാകിസ്താന്റെ കൈവശം ഉണ്ട് എന്ന കാര്യം അവർക്കറിയാമായിരുന്നു. തുടർന്ന് വന്ന ഉപരോധം പാകിസ്താനിൽ തീവ്രവാദത്തിനുള്ള ഫൺറ്റിങ്ങിൽ കാര്യമായ കുറവൊന്നും വരുത്തിയില്ല. അഫ്ഘാനിസ്താനിൽ ഉല്പാദിപ്പിക്കുന്ന ഓപ്പിയം വ്യാപാരം, ഏ ക്യു ഖാൻ നടത്തിയ ആണവ രഹസ്യങ്ങൾ ലിബിയയിലേക്കും ഉത്തര കൊറിയയിലേക്കും ഉള്ള കൈമാറ്റം എന്നിവയിൽ നിന്നിന്ന്നൊക്കെ പണം വന്നു. കശ്മീരിൽ നടത്തുന്ന തീവ്രവാദം ആണവായുധത്തിന്റെ കുടക്കീഴിലായതോടെ ഇന്ത്യയിൽ നിന്ന് conventional ആയ ഒരു സൈനിക തിരിച്ചടിയുടെ ഭയം ഇല്ലാതെ പ്രവർത്തിക്കാൻ സാധിച്ചു പാകിസ്താനു. അമേരിക്കയുടെ ലക്ഷ്യങ്ങൾ നേടാൻ സഹായം നൽകുന്നിടത്തോളം കാലം പാകിസ്താൻ എന്ത് തന്നെ ചെയ്താലും അതിനെതിരെ കണ്ണടയ്ക്കുന്ന നിലപാടാണു അമേരിക്ക സ്വീകരിച്ചത്.


Friday, April 1, 2011

ഇന്ത്യ-പാക് ചർച്ചകൾ: ആരെയാണു വിഢിയാക്കുന്നത്?

നമ്മൾ ഓർത്ത് വെക്കുന്ന കാര്യങ്ങൾ ആണു നമ്മൾ ആരാണു എന്നുള്ളത് തീരുമാനിക്കുന്നത്. അങ്ങനെ നോക്കിയാൽ മറവിയിൽ തള്ളുന്ന കാര്യങ്ങൾ നോക്കിയും നമ്മൾ ആരാണു എന്ന് തീരുമാനിക്കാം. 2010 ജുലൈ മാസത്തിൽ ഇന്ത്യ-പാകിസ്താൻ ഉഭയകക്ഷി ചർച്ച പരാജയപ്പെട്ടു. ഇതിനു ഇന്ത്യയെ കുറ്റപ്പെടുത്തിയ പാകിസ്താൻ വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷി കാരണമായി പറഞ്ഞത് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് എം കൃഷ്ണ ചർച്ചക്കിടയിൽ ഇടയ്ക്കിടെ ഡൽഹിയുമായി ഫോണിൽ ബന്ധപ്പെട്ട് കൊണ്ടിരുന്നു എന്നാണു. ഇത് ഓർമ്മയുണ്ട്. എന്നാൽ വാജ്പേയി സർക്കാരും നവാസ് ഷെറീഫും തമ്മിൽ ലാഹോർ സമാധാന ചർച്ച നടക്കുമ്പോൽ പാക് ആർമി ജെനറൽ പർവേസ് മുഷറഫ് കാർഗിലിൽ നുഴഞ്ഞ് കയറ്റം നടത്തുക ആയിരുന്നു. അന്ന് ഇവർ തമ്മിൽ ബീജിങ്ങിൽ നിന്ന് വിളിച്ച ഫോൺ കോളുകളിൽ നിന്ന് തെളിഞ്ഞ കാര്യം. അത് നമ്മൾ മറന്നു.

ഉഭയകകഷി ചർച്ചകൾ പുനസ്ഥാപിക്കാൻ എന്ത് വില കൊടുത്തും നെട്ടോട്ടമോടുന്നവർ ഒരു നിമിഷം നിന്ന് ആലോചിക്കേണ്ട ഒരു കാര്യമുണ്ട്. ഇത്ര നാളും മുട്ടിനു മുട്ടിനു നടത്തിയ ചർച്ചകൾ കൊണ്ട് ഇന്ന വരെ വല്ലതും നേടിയിട്ടണ്ടോ? അതിവേഗം തകർച്ചയിലേക്ക് കൂപ്പ് കുത്തിക്കൊണ്ടിരിക്കുന്ന ഒരു രാജ്യമാണു പാകിസ്താൻ. മതമൗലികവാദികളായ മുല്ലമാർക്കും പാക് ആർമിക്കും സൽമാൻ തസീറിനെ പോലെ ഒന്ന് ഉറക്കെ ശബ്ദിച്ചാൽ വെടിയേറ്റ് വീഴുന്ന ലിബറൽ രാഷ്ട്രീയക്കാർക്കും ഇടയിൽ ആഭ്യന്തരമായി ദിശയില്ലാതെ ഉലയുന്ന ഒരു രാജ്യമാണു പാകിസ്താൻ. ഇതിൽ ആരോടാണു ഇന്ത്യ ചർച്ച നടത്തേണ്ടത്? സ്വന്തമായി ചർച്ച നടത്തി ഒരു തീരുമാനം എടുക്കാൻ രാഷ്ട്രീയമായി കെൽപ്പുള്ള ഏത് വിഭാഗം ആണു പാകിസ്താനിൽ ഉള്ളത്?

ഇന്ത്യയോട് സ്വന്തമായി തുടങ്ങിവെച്ച യുദ്ധങ്ങളിൽ തുടർച്ചയായി ഏറ്റ് വാങ്ങിയ പരാജയങ്ങൾക്ക് പ്രതികാര ദാഹവുമായി നടക്കുകയാണു പാക് ആർമി. 1971ൽ ജെനറൽ നിയാസി കീഴടങ്ങുന്ന ചിത്രം ഇന്ത്യ മ്യൂസിയത്തിൽ വെച്ചു എങ്കിലും യഹിയ ഖാൻ, സിയ ഉല് ഹഖ്, മുഷറഫ് തുടങ്ങിയവർ മുതൽ ഇന്ത്യയുടെ കാബൂൾ എംബസിക്ക് നേരെയും, 26/11 മുംബൈയിലും, കശ്മീരിലും ഇപ്പോഴും അക്രമം അഴിച്ച് വിടുന്ന ജെനറൽ കയാനിയിൽ വരെ എത്തിനിൽക്കുന്ന അവരുടെ നിലപാടുകൾക്ക് ഇന്നും മാറ്റം വന്നിട്ടില്ല. പാകിസ്താനിൽ ഇൽസ്ലാമിക് ഖിലാഫത്ത് സ്ഥാപിക്കാൻ ലക്ഷ്യം ഉള്ള മതമൗലിക-തീവ്രവാദ സംഘടനകളൂം എന്ത് വില കൊടുത്തും അധികാരത്തിൽ തുടർന്ന് ജീവനും സ്വത്തും സംരക്ഷിക്കാൻ ശ്രമിക്കുന്ന പാക് രാഷ്ട്രീയക്കാരും പാക് ആർമിയും യോജിക്കുന്നത് ഇന്ത്യയുമായുള്ള പകയുടെ കാര്യത്തിൽ മാത്രമാണു. ഒരു കണക്കിനു നോക്കിയാൽ പാകിസ്താൻ എന്ന രാജ്യത്തിന്റെ കെട്ടുറപ്പ് തന്നെ ഇന്ത്യ വിരുദ്ധവികാരത്തിന്റെ പുറത്താണു. സ്വന്തം നിലനിൽപ്പ് മറന്ന് ഇവർ ആരെങ്കിലും ഇന്ത്യയോട് നിലപാടിൽ അയവ് വരുത്തിയാൽ മറ്റ് രണ്ട് വിഭാഗങ്ങൾ ഇവരെ തകർക്കും. പുലിപ്പുറത്ത് ഇരിക്കുന്നവർ ആരും തന്നെ സ്വന്തം ജീവൻ കളഞ്ഞ് ഇന്ത്യയോട് സൗഹൃദം പുലർത്തും എന്ന് കരുതാൻ വയ്യ.

പിന്നെ എന്തിനു പാകിസ്താൻ ചർച്ചയ്ക്ക് തയ്യാറാവുന്നു? തീവ്രവാദം ഒരു സ്റ്റേറ്റ് പോളിസി ആയി ഉപയോഗിക്കുന്ന രാജ്യമാണു പാകിസ്താൻ. ഓരോ തീവ്രവാദി ആക്രമണവും ഓരോ സൈക്കിൾ ആണു. ആക്രമണം- നിഷേധിക്കൽ-വിലപേശൽ-ആക്രമണം. ഇന്ത്യയുമായുള്ള ചർച്ച അന്താരാഷ്ട്ര സമ്മർദ്ദം കുറക്കന്നും സാധാരണ സ്വന്തം നിലക്ക് എന്ത് വില കൊടുത്തും ചർച്ചക്ക് തയ്യാറാവുന്ന ഇന്ത്യയെ തീവരവാദി ആക്രമണം ആരോപിക്കുന്നതിൽ നിന്ന് ബാക് ഫുട്ടിൽ ആക്കാനും നടപടികൾ എടുക്കാതെ സമയം തള്ളിനീക്കാനും ആണു പാകിസ്താൻ ഉപയോഗിക്കാറു. മതമൗലികവാദ-പട്ടാള സംഘത്തിന്റെ ചരട് വലി ഇല്ലാതെ സ്വന്തം നിലയ്ക്ക് ഒരു തീരുമാനം എടുക്കാൻ കഴിവുള്ള ഒരു സർക്കാരും ഇന്നേ വരെ പാകിസ്താനിൽ വന്നിട്ടില്ല. സർക്കാർ മുറ പോലെ നടത്തേണ്ട ഒരു ചടങ്ങായാണു പല പാക് സർക്കാരുകളും ഇന്ത്യയുമായുള്ള ചർച്ചയെ സമീപിക്കാറു.

അപ്പോൾ ഇന്ത്യ എന്ത് കൊണ്ട് വീണ്ടൂം ചർച്ചയ്ക്ക് പോകുന്നു? മേൽപ്പറഞ്ഞ കാര്യങ്ങൾ ഒരു സാധാരണക്കാരനേക്കാൾ നന്നായി അറിയുന്നവരാണു ഇന്ത്യൻ ബ്യൂറോക്രസിയും അത് വഴി മാറി മാറി വരുന്ന സർക്കാരുകളും. ഇന്ത്യയിൽ പാകിസ്താൻ വിരുദ്ധവികാരം നിലനിർത്തേണ്ട ആവശ്യം രാഷ്ട്രീയമായി ഇല്ല എന്ന് മാത്രമല്ല പാകിസ്താനുമായി സമാധാനം കൊണ്ട് വരാൻ കഴിയുന്നത് രാഷ്ട്രീയമായി നേട്ടം ഉണ്ടാക്കുന്ന കാര്യവുമാണു. കക്ഷി ഭേദമെന്യേ ഇന്ത്യൻ സർക്കാരുകൾ നിരന്തരമായി ശ്രമിക്കുന്ന ഒരു കാര്യമാണു പാകിസ്താനുമായി നല്ല ബന്ധം നിലനിർത്തുക എന്നുള്ളത്.

പക്ഷെ മുംബൈ ആക്രമണം പോലെ ഉള്ള പ്രതികരണം ഒഴിവാക്കാൻ പറ്റാത്ത സാഹര്യങ്ങളിൽ പോലും ഏറ്റവും ആദ്യം കിട്ടുന്ന അവസരത്തിൽ ഉപാധികൾ ഇല്ലാതെ ചർച്ച നടത്താൻ ഇന്ത്യൻ സർക്കാരിനെ പ്രേരിപ്പിക്കുന്നത് എന്താവാം? ചർച്ചകൾ പ്രഷർ കുക്കറിന്റെ സേഫ്റ്റി വാൾവ് പോലെയാണു ഇന്ത്യ-പാക് ബന്ധത്തിൽ. ഇന്ത്യയിലെ ഓരോ പാക് തീവ്രവാദി ആക്രമണത്തിനു ശേഷവും സൈനികമായി അല്ലാതെ ഇന്ത്യയ്ക്ക് പ്രതികരിക്കാൻ ഉള്ള മാർഗം ആയാണു ചർച്ച നിർത്തിവെക്കുക എന്ന നടപടിയെ ഇന്ത്യൻ സർക്കാരുകൾ ഉപയോഗിക്കുന്നത്. ഇന്ത്യയിലെ ജനങ്ങൾക്ക് മുന്നിൽ പ്രത്യക്ഷത്തിൽ എടുത്ത് കാട്ടാവുന്ന ഒരു നടപടിയാണു ഇത്. പക്ഷെ ഇത് ആദ്യ പടി മാത്രമേ ആവുന്നുള്ളൂ. ചർച്ചകൾ നിർത്തി വെക്കുന്നത് പ്രശ്നപരിഹാരം അല്ല. കാരണം പാകിസ്താനു ചർച്ച നടന്നാലും ഇല്ലെങ്കിലും ഒന്നുമില്ല എന്ന് ഉറപ്പാണല്ലൊ. ചർച്ച നിർത്തിവെക്കുന്നത് കൊണ്ട് പാകിസ്താന്റെ മേൽ സമ്മർദ്ദം ചെലുത്തി മേലാൽ ആക്രമണങ്ങൾ ഉണ്ടാവാതിരിക്കാനുള്ള നടപടികൾ എടുപ്പിക്കാൻ കഴിയണം. ഇല്ലെങ്കിൽ സൈനികമായി പ്രത്യക്ഷമായോ പരോക്ഷമായോ ഉള്ള നടപടികളിലേക്ക് കടക്കണം അടുത്ത പടിയായി. അല്ലാതെ അത് മാത്രമായി ഒരു സക്രിയ നടപടി ആയി കാണാൻ കഴിയില്ല.

ഇവിടെയാണു ചർച്ച പുനരാരംഭിക്കൽ കടന്ന് വരുന്നത്. സൈനികമായ ഒരു നീക്കം അല്ലാതെ കാര്യം നടക്കുന്നില്ല എന്ന് വരുമ്പോൾ ഇന്ത്യൻ സർക്കാർ എത്രയും വേഗം ചർച്ച പുനസ്ഥാപിക്കാൻ തിടുക്കം കാണിക്കും. കാരണം ഒഴിവാക്കാൻ കഴിയാത്ത അടുത്ത തീവ്രവാദി ആക്രമണം വരുമ്പോൾ വിഛേദിക്കാൻ ഈ ചർച്ചകൾ കൂടി ഇല്ലെങ്കിൽ എന്തെങ്കിലും meaningful ആയ നടപടി എടുക്കാൻ സർക്കാർ നിർബന്ധിതമാവും. ഇന്ത്യൻ ജനതയുടെ വികാരം സ്വന്തം ദേഹത്ത് തട്ടാതിരിക്കാനുള്ള ഒരു സേഫ്റ്റി വാൾവ് മാത്രമാണു പാകിസ്താനുമായുള്ള ചർച്ചകൾ എന്ന് വരുന്നു.

ഇനിയെങ്കിലും സ്വന്തം ജനതയെ വിഢികളാക്കുന്ന ഈ ചർച്ച നിർത്തിവെക്കൽ കളി ഇന്ത്യൻ സർക്കാരുകൾ ഒഴിവാക്കേണ്ടതുണ്ട്. അതിനുള്ള പൊളിറ്റിക്കൽ വിൽ ഉള്ള ഒരു സർക്കാർ ഇന്ത്യയിൽ അധികാരത്തിൽ വരേണ്ടതുണ്ട്. ഇല്ലെങ്കിൽ ഇനിയും ചർച്ചകൾ തുടങ്ങിയും മുടങ്ങിയും ഇരിക്കും. ഇന്ത്യയിലെ പൗരന്മാർ തീവ്രവാദത്തിന്റെ നിഴലിൽ കഴിയേണ്ടിയും വരും.

Sunday, March 27, 2011

26/11 മുംബൈ ആക്രമണവും മന്മോഹൻ സിങ്ങിന്റെ ക്രിക്കറ്റും

26/11 മുംബൈ തീവ്രവാദി ആക്രമണത്തിനു ശേഷം തെളിവ് കൊടുപ്പും പോർവിളിയും ചർച്ച സ്തംഭിപ്പിക്കലും ഒക്കെ പതിവ് പടി നടന്നു. തെളിവ് തന്നാൽ നടപടി എടുക്കാം എന്നും പറഞ്ഞ് പാകിസ്താൻ അമേരിക്കയെ കാണിക്കാൻ ഒരു കേസും എടുത്ത്. ലഷ്കർ തലവൻ ലഖ്വിയെ കേസ് എടുത്ത് രണ്ട് മാസം കഴിഞ്ഞ് പിന്വലിച്ച് അവർ വിട്ടയക്കുകയും ചെയ്തു. ഇടയ്ക്കിടെ തെളിവ് ചോദിച്ചും വാദം കേൾക്കൽ അനിശ്ചിതമായി മാറ്റി വെച്ചും ഒക്കെ കൊഞ്ഞനം കുത്തുന്നുമുണ്ട്.

പാകിസ്താനുമായുള്ള ചർച്ച സ്തംഭിച്ചതിലാണു മന്മോഹൻ സിങ്ങിനു ഏറെ ദണ്ണം ഉണ്ടായത്. 2009 ജൂലൈ 16നു തന്നെ ഈജിപ്റ്റിലെ ഷർമ അൽ ഷൈക്കിൽ പോയി പാക് പ്രധാനമന്ത്രിയുമായി ചർച്ച നടത്തി. എന്ന് മാത്രമല്ല ബലോച്ചിസ്താനിലെ ഇന്ത്യ ഇടപെടലിനെ പറ്റി എന്ത് വേണമെങ്കിൽ ചർച്ച ചെയ്യാം എന്ന് പറഞ്ഞ് സെൽഫ് ഗോളും അടിച്ചു. ഇപ്പോൾ 2011ൽ രണ്ട് ദിവസം കഴിഞ്ഞ് ക്രിക്കറ്റ് കളി കാണാൻ വരുന്ന ഗീലാനി ആദ്യം സംസാരിക്കാൻ പോകുന്നത് ബലോച്ചിസ്താനിലെ ഇന്ത്യ ഇടപെടലിനെ പറ്റി ആണു.

തീവ്രവാദികൾക്കെതിരെ നടപടി എടുക്കാതെ ചർച്ച ഇല്ല എന്ന നിലപാടിൽ നിന്ന് (ഉഭയകക്ഷി ചർച്ച ചെയ്യാതിരിക്കൽ ആണല്ലോ ഏറ്റവും വലിയ ആയുധം ഇന്ത്യയുടെ) ഒരു നടപടിയും എടുക്കാതെ തന്നെ 2008 നവമ്പറിൽ നിന്ന് 2011 മാർച്ച് ആയപ്പോഴേക്ക് പാകിസ്താനെ ചർച്ചയ്ക്കും വിനോദത്തിനും കളി കണ്ട് കുളിച്ച് പാർക്കാനും ക്ഷണിക്കുന്നത് വരെയെത്തി ഇന്ത്യയുടെ തീവ്രവാദ വിരുദ്ധ പോരാട്ടം.

ഇന്ത്യയിൽ വന്ന് ഇന്ത്യൻ പൗരന്മാരെ ആക്രമിച്ച് വധിച്ചാൽ അതിനു അക്രമി ഒരു വിലയും നൽകേണ്ടി വരുന്നില്ല എന്ന് മാത്രമല്ല അതൊരു successful bargaining chipഉമായി മാറുന്നു. Low cost asymmetrical warfare നടത്തുന്ന ഒരു എതിരാളിക്ക് ഇതിൽ കൂടുതൽ എന്താണു നേടാൻ ഉള്ളത്? താങ്കൾ സമാധാനത്തിന്റെ വെള്ളരിപ്രാവിനെ പറത്തി നൊബേൽ സമ്മാനം നേടിക്കോളൂ ശ്രീ. മന്മോഹൻ, സന്തോഷമേയുള്ളൂ. പക്ഷെ അത് ചോദിക്കാനും പറയാനും ആരുമില്ലാതെ സ്വന്തം രാജ്യത്ത് അവനവന്റെ വീട്ടുമുറ്റത്ത് വെച്ച് പട്ടിയെ കൊല്ലുന്നത് പോലെ കൊന്ന ഈ പാവങ്ങളുടെ ചിതയിൽ ചവിട്ടിക്കൊണ്ടാവും എന്ന് മറക്കരുത്. ലിസ്റ്റ് ഇവിടെ ഉണ്ട്.http://spreadsheets.google.com/ccc?key=pm5JUMiAmrGqxdE6HKulIYQ&hl=en#gid=4

മനസ്സാക്ഷിയുള്ള ഒരു ഇന്ത്യക്കാരന്റെ മനസ്സിലും നിങ്ങൾക്ക് ഒരിക്കലും മാപ്പില്ല. ക്രിക്കറ്റ് കളി എന്തായാലും ആസ്വദിച്ച് കാണുക. അതെങ്കിലും നടക്കട്ടെ.

Friday, January 14, 2011

ബി.ടി വിളകള്‍ - Angels or Demons?

അൻപതു വർഷങ്ങൾക്കുള്ളിൽ ജനസംഖ്യാ വർദ്ധന മൂലമുണ്ടാവുന്ന കൊടിയ ദാരിദ്ര്യത്തിന്റെ ഭയപ്പെടുത്തുന്ന കണക്കുകൾക്ക് മോചനമെന്ന മട്ടിൽ അവതരിപ്പിക്കപ്പെടുന്ന ജനിതക വിത്തുകളും അവയുടെ ഗുണവും ദോഷവും ഇപ്പോൾ വീണ്ടും സജീവ ചർച്ചാ വിഷയമാവുകയകയാണ്.

ബി.ടി വിളകളിൽ, BT genes ഉപയോഗിച്ച് കീടനാശിനികൾ ഉപയോഗിക്കാതെ ചെടികളിലെ കീടങ്ങളെ മാത്രം നശിപ്പിക്കുന്നത് വഴി രാസപ്രയോഗം ഗണ്യമായി കുറയ്ക്കും എന്നും മറ്റ് ജീവികൾക്കോ ഭക്ഷിക്കുന്നവർക്കോ പാർശ്വഫലങ്ങളൊന്നും ഉണ്ടാവാത്തതു മൂലം ഭക്ഷ്യോല്പാദനം ഗണ്യമായി വർദ്ധിപ്പിക്കാം എന്നുമാണ് ഇതിന്റെ വക്താക്കളുടെ വാദം. എന്നാൽ വേണ്ടത്ര പഠനങ്ങളോ പരീക്ഷണങ്ങളോ നടത്താതെയാണ് ബിടി വിളകൾ ഉപയോഗം ആരംഭിച്ചത്‌ എന്നും ഇവയുടെ ഗുരുതുരമയാ പാർശ്വഫലങ്ങളും ബിടിയെ അതിജീവിക്കുവാൻ കഴിയുന്ന കീടങ്ങൾ രൂപപ്പെട്ട് വരുന്നുണ്ട് എന്നതും ബഹുരാഷ്ട്രകുത്തകകൾ വിത്തുകളിലും വിലകളിലും നിയന്ത്രണം ഏർപ്പെടുത്തി വിപണിയെ, അതു വഴി കാർഷികസമ്പത്തിനെ കയ്യടക്കാൻ ശ്രമിക്കുകയാണെന്നും എതിരാളികൾ വാദിക്കുന്നു.ശാസ്ത്രത്തിന്റേയും അതീജീവനത്തിന്റേയും നടുവിൽ കൃത്യമായ ഒരു ഉത്തരം കിട്ടാത്തവണ്ണം സമൂഹം കുഴയുകയാണ്.

ജനതികസാങ്കേതിക വിദ്യ പുതിയതല്ല. ബാക്റ്റീരിയകളിലും മരുന്നാവശ്യങ്ങൾക്കു വേണ്ടിയും ചിലയിനം ചെടികളിലും ബാക്റ്റീരിയകളിലും ജീൻ മോഡിഫിക്കേഷൻ വരുത്തുകയും ജീനുകളെ കടത്തിവിട്ടും പ്രത്യേകതരം പദാർത്ഥങ്ങളും മരുന്നുകളും ഉണ്ടാക്കാറുണ്ട്. എന്നാൽ കീടങ്ങളുടെ ജീൻ വേർതിരിച്ച് ഭക്ഷ്യയോഗ്യമായ ചെടികളിലേക്ക് ജീനുകളെ കടത്തിവിടുന്നതും മരുന്നാവശ്യങ്ങൾക്കും തമ്മിലുള്ള പ്രധാന വ്യത്യാസമെന്താണ്? മരുന്നാവശ്യങ്ങൾക്കുള്ളത് മനുഷ്യനുപയോഗിച്ച് എന്തെങ്കിലും സംഭവിച്ചാൽ അവയെ കൃത്യമായി തരം തിരിക്കുകയും പിൻ‌‌പോയിന്റ് ചെയ്ത് അവയുടെ ദൂഷ്യഫലങ്ങളും മറ്റും കണ്ടുപിടിക്കാൻ എളുപ്പമാണ് എന്നതാണ്. എന്നാൽ മനുഷ്യന്റെ സാധാരണ ഭക്ഷണത്തിൽ ഇവയെ കടത്തിവിടുമ്പോൾ അത് ഇവ അവയുടെ ഡി.എൻ.എയുടെ ഏതെല്ലാം ഘടകങ്ങളിൽ മാറ്റം വരുത്തുന്നു എന്നും അവയുടെ ഏതൊക്കെ കോമ്പൌണ്ടുകളിൽ സന്നിവേശിക്കുന്നുവെന്നും ശാസ്ത്രത്തിനു അറിയില്ല. മാത്രമല്ല് നാളെ എത്ര പേർ വഴുതനങ്ങയോ പച്ചമുളകോ കഴിച്ചിട്ടാണ് ഒരു പ്രത്യേകതരം അസുഖമോ അലർജിയോ വന്നതെന്ന് എങ്ങിനെ കണ്ടു പിടിക്കും? ഒരു മരുന്നു ഉപയോഗിച്ച് അലർജിയോ മറ്റോ വരുന്നത് കണ്ടു പിടിക്കാൻ സഹായിക്കുന്ന ഘടകങ്ങളൊന്നും ഭക്ഷണത്തിന്റെ കാര്യത്തിൽ ഇപ്പോഴും സാധ്യമല്ല. അല്ലെങ്കിൽ ആ നിലയിലേക്ക് റിസേർച്ച് വ്യാപിപ്പിക്കാനോ അങ്ങിനെയൊന്നിൽ നിന്നു തുടങ്ങാനോ സാധിച്ചിട്ടില്ല. ജനതിക ഭക്ഷണങ്ങളുടെ പ്രധാന പോരായ്മകളൊന്നാണിത്.

അതു കൂടാതെ എല്ലാ രാജ്യങ്ങളും ജനതികഭക്ഷണത്തിന്റെ ദൂഷ്യഫലങ്ങളും തുടർന്നുള്ള റെഗുലേറ്ററി നിരീക്ഷണങ്ങളും നിയമങ്ങളും അമേരിക്കൻ മോഡലിലോ അല്ലെങ്കിൽ അമേരിക്കയുടെ സഹായത്തോടെയോ ആണ് നടപ്പിലാക്കുന്നത്. അമേരിക്കയിലാകട്ടെ ഇവയെല്ലാം മോൺസാന്റോ പോലെയുള്ള കുത്തക കമ്പനികൾ ലോബിയിങ്ങും മറ്റും വഴി നിയമങ്ങളെ കാറ്റിൽ പറത്തുകയും തിരുത്തുകയുമാണ് ചെയ്യുന്നത്. മോൺസാന്റോ എന്ന അമേരിക്കൻ ബഹുരാഷ്ട്രക്കമ്പനിയെ പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യം ഇല്ല. ലോകത്തെ 90% ജനിതകമാറ്റം വരുത്തിയ വിത്തുകളും വാണിജ്യാടിസ്ഥാനത്തിൽ ഉല്പാദിപ്പിച്ച് വിപണനം ചെയ്യുന്നത് അവരാണു. ജനിതകമാറ്റം സോയ, പരുത്തി, ചോളം തുടങ്ങിയ ചെടികൾ മുതൽ പന്നി മുതലായ മൃഗങ്ങളിൽ വരെ എത്തി നിൽക്കുന്നു. ജീനുകൾ കൂട്ടിച്ചേർക്കുകയോ എടുത്ത് മാറ്റുകയോ ചെയ്യുന്നത് വഴിയാണു ജനിതകമാറ്റം വരുത്തി നിശ്ചിത സ്വഭാവം രൂപികരിക്കുന്നത്. ഇത്തരത്തിൽ ഉല്പ്പാദിപ്പിക്കുന്ന ചെടികളും മൃഗങ്ങളും അവ നിർമ്മിക്കുന്ന കമ്പനികളുടെ Intellectual Property ആയി മാറും. ജനിതകമാറ്റത്തിലൂടെ നിർമ്മിക്കുന്ന വിത്തുകൾക്ക് കമ്പനി പേറ്റന്റ് എടുക്കുകയും കർഷകർ കമ്പനിയിൽ നിന്ന് വിത്തുകൾ വിലകൊടുത്ത് വാങ്ങിയുമാണു കൃഷി ചെയ്യുക. മോൺസാന്റോ ഇറക്കിയ Terminator 'അന്തകവിത്തുകൾ' വിവാദമായിരുന്നു. ഈ വിത്തുകളിൽ നിന്ന് അടുത്ത കൃഷിക്കുള്ള വിത്തുകൾ ഉല്പാദിപ്പിക്കാൻ കഴിയില്ല. ഒറ്റ തവണ വിതച്ചാൽ കൊയ്യുന്നത് വരെ മാത്രം ആയുസ്സുള്ള വിത്തുകൾ ഓരോ പ്രാവശ്യവും വിളവിറക്കാൻ കർഷകർ കമ്പനിയിൽ നിന്ന് വിത്തുകൾ വില കൊടുത്ത് വാങ്ങേണ്ടി വരും. കാലക്രമേണ കൃഷിയുടെ നിയന്ത്രണം വിത്തുല്പാദകരുടെ കൈയ്യിൽ വന്നു ചേരാൻ ഇടയാക്കുമെന്ന് ആരോപിയ്ക്കപ്പെട്ട ഇവയ്ക്കെതിരെ ഇന്ത്യയിലും പ്രതിഷേധം ഉയർന്നിരുന്നു. മഫാരാഷ്ട്ര സീഡ്സ് എന്ന മോൺസാന്റോയുടെ ഇന്ത്യൻ കമ്പനി നിയമവിരുദ്ധമായി ജനിതകമാറ്റം വരുത്തിയ വിളകൾ പരീക്ഷണാടിസ്ഥാനത്തിൽ കൃഷി ചെയ്തതും വാർത്തയായിരുന്നു. അമേരിക്കയിൽ തന്നെ പ്രതിഷേധങ്ങളേയും ജനിതകമാറ്റം വഴി ഉല്പ്പാദിപ്പിച്ച ഉല്പന്നങ്ങൾക്ക് പ്രത്യേക ലേബലിങ്ങ് അടക്കമുള്ള കർശന നിയന്ത്രണങ്ങളേയും നേരിടേൺറ്റി വന്നപ്പോൾ ഇന്ത്യയെ പോലെയുള്ള മൂന്നാം ലോകരാജ്യങ്ങളെ ഗിനിപ്പന്നികളാക്കിക്കൊണ്ട് വിപണി വികസിപ്പിയ്ക്കാനുള്ള മോൺസാന്റോയുടെ തന്ത്രം വ്യക്തമാണു.

ചിലയിടങ്ങളിൽ നേരിയ ഉല്പാദം മികവ് രേഖപ്പെടുത്തിയതു ഒഴിച്ചാൽ ഇതുവരെ നടത്തിയിരിക്കുന്ന പഠനങ്ങളിലെല്ലാം ജനതിക വിത്തുകൾ കൊണ്ട് കമ്പനികൾ കൊട്ടിഘോഷിക്കുന്ന തരത്തിൽ ഉല്പാദനം കൂട്ടാൻ സാധിക്കുന്നില്ല എന്നു കണ്ടെത്തിയിരിക്കുന്നതും ഇതിനോടൊപ്പം ചേർത്തു വായിക്കണം. ഓരോ വർഷത്തേയും ഉല്പാദനങ്ങളിൽ തമ്മിലും ഗണ്യമായ എറ്റക്കുറച്ചിലികളും കാണുന്നു. ഉല്പാദനം കൂട്ടും എന്ന സ്ലോഗനിൽ അതുകൊണ്ട് എന്തെങ്കിലും തരത്തിലുള്ള വിശ്വാസ്യതയില്ല. കീടനാശിനി പ്രയോഗം കുറക്കാമെന്നത് കൊണ്ടും ചില വിത്തുകൾക്ക് ഭൂമി കിളക്കണ്ട എന്നിങ്ങ്നെയുള്ളതുകൊണ്ടും കർഷകനു അധ്വാനം കുറയുന്നു എന്നാണ് പൊതുവേയുള്ള നിഷ്പക്ഷ അഭിപ്രായം. എന്നാൽ ഇതിനെ അതിജീവിക്കുന്ന പുതിയ കീടങ്ങളെ തുരത്താൻ അതിലും കൂടിയ മാരക കീടനാശിനികളും മറ്റും ഉപയോഗിക്കേണ്ടതായും വരുന്നു.

കിസാൻസഭയും ഇടതുപക്ഷവും പരിസ്ഥിതി വാദികളും ജനതിക വിളികൾക്കെതിരെ ഇന്ത്യയിൽ ശബ്ദം ഉയർത്തിയിരുന്നു. അതിന്റെ ചിലവ വായിച്ചു നോക്കാം.

ജനിതകവഴുതന വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്ന കാര്യം വിശദമായ ചര്‍ച്ചയ്ക്കുശേഷമേ തീരുമാനിക്കൂവെന്ന് കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും ജനിതക വിളകളുടെ കൃഷി രാജ്യത്ത് വ്യാപകമാകുന്നു. വഴുതനയ്ക്കു പുറമെ മത്തന്‍, വെണ്ട, പടവലം, പയര്‍, കുമ്പളം, ചുരങ്ങ, പച്ചമുളക് എന്നിവയുടെ ജനിതക വിത്തിനങ്ങളാണ് അനധികൃതമായി വന്‍തോതില്‍ കൃഷിചെയ്യുന്നത്. സാധാരണ വിത്തിനങ്ങള്‍ക്കൊപ്പവും ജനിതകവിത്തുകള്‍ മാത്രമായും കൃഷിചെയ്യുന്നുണ്ട്. ജനിതകവിളകളുടെ പൂമ്പൊടി മറ്റു വിളകളില്‍ വീണാല്‍ അവയുടെ കായ്കള്‍ ചുരുണ്ടുപോകുന്നെന്ന് കര്‍ഷകര്‍ സാക്ഷ്യപ്പെടുത്തുന്നു. മഹാരാഷ്ട്രയില്‍ മിക്ക മേഖലയിലും വന്‍കിട കോര്‍പറേറ്റ് കമ്പനികളുടെ കീടനാശിനികളും വിറ്റഴിക്കുന്നുണ്ട്. കൂടുതല്‍ വിളവിന് മരുന്ന് തളിക്കണമെന്ന് കര്‍ഷകരെ വിശ്വസിപ്പിച്ചാണിത്. കേരള-തമിഴ്നാട് അതിര്‍ത്തിയില്‍ തക്കാളിക്കൃഷി ചെയ്തിരുന്ന സ്ഥലങ്ങളില്‍ പത്ത് നാടന്‍ ഇനങ്ങള്‍ വ്യത്യസ്ത മണവും നിറവും രുചിയുമായി നിലനിന്നിരുന്നു. ഇന്ന് അവയുടെ സ്ഥാനത്ത് മണമില്ലാത്ത ഒറ്റയിനം തക്കാളിമാത്രമായി. ജനിതക പയര്‍കൃഷിയാണ് വലിയ നാശമുണ്ടാകുന്നത്. മണ്ണില്‍ നൈട്രജന്‍ നല്‍കുന്ന പരമ്പരാഗത പയര്‍കൃഷിയുടെ സ്ഥാനത്ത് മണ്ണിനെ നാശമാക്കുന്ന ജനിതക പയര്‍കൃഷി വര്‍ധിക്കുകയാണ്.

http://jagrathablog.blogspot.com/2009/10/blog-post_2438.html



എന്നാൽ മാസങ്ങൾക്ക് ശേഷം ഇതേ നിലപാടുകളിൽ അയവ് വരുന്നത് ആശങ്കാജനകമായ വസ്തുതയാണെന്ന് നിസ്സംശയം പറയാം

ജനിതകമാറ്റം വരുത്തിയ വിത്തിനങ്ങളുടെ കാര്യത്തിൽ സി.പി.ഐ.എമ്മിന്റെ പുതിയ നയം വ്യക്തമാക്കിക്കൊണ്ട് എസ്. രാമചന്ദ്രൻ പിള്ള കേരളപഠനകോൺഗ്രസ്സിൽ പ്രസംഗിച്ചത് ഈ അവസരത്തിലാണ് ശ്രദ്ധേയമാവുന്നത്. ബിടി ശാസ്ത്രം ഉപയോഗിക്കുന്നതില്‍ എതിര്‍പ്പില്ല എന്നുള്ള വാദമാണ് എസ്.ആർ.പി മുന്നോട്ട് വെക്കുന്നത്.

മനുഷ്യനും മൃഗങ്ങള്‍ക്കും സസ്യങ്ങള്‍ക്കും ദോഷമുണ്ടാക്കില്ലെന്ന്് പരീക്ഷണങ്ങളിലൂടെ ഉറപ്പാക്കിയശേഷം ജനിതകമാറ്റം വരുത്തിയ വിത്തിനങ്ങള്‍ ഉപയോഗിക്കണം. ഈ വിത്തിനങ്ങളെ തീര്‍ത്തും എതിര്‍ക്കുന്നത് അന്ധവിശ്വാസമാണ്. ജനിതകവിത്തിനെ പാടെ എതിര്‍ക്കുന്നത് അശാസ്ത്രീയം: എസ് ആര്‍ പി -
പ്രത്യക്ഷമായി പരീക്ഷണങ്ങൾ വേണമെന്നു പറയുന്നുണ്ടെങ്കിലും ഇതുവരെയുള്ള നിലപാടുകളെ തീർത്തും അവഗണിച്ചുകൊണ്ട് പുതിയ നിലപാടിലേക്ക് രാഷ്റ്റ്രീയ പാർട്ടികൾ ചുവടു വെക്കുന്നതു എന്തുകൊണ്ടാവാം? വേണ്ടത്ര പരീക്ഷണങ്ങളില്ലാതെയല്ലല്ലോ പുതിയ ഒരു ശാസ്ത്രം ഉപയോഗിക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ പരീക്ഷണങ്ങൾ വേണമെന്നു പറയുന്നത് പുതിയതായി എന്തെങ്കിലും നിലപാടുകളല്ല. എത്ര തരം ഏതൊക്കെ തരത്തിലുള്ള പരീക്ഷണങ്ങൾ വേണമെന്ന് പറയുന്നുണ്ടോ?

വിദര്‍ഭയില്‍ പരാജയപ്പെട്ട പരീക്ഷണം ആര്‍ക്കുവേണ്ടി എന്തിനുവേണ്ടി ആവര്‍ത്തിക്കണമെന്നാണ് കിസാന്‍സഭയും വിദര്‍ഭ ജന്‍ ആന്ദോളന്‍ സമിതി അടക്കമുള്ള കര്‍ഷകസംഘടനകളും ഉയര്‍ത്തുന്ന പ്രധാനചോദ്യം. ലാലിയക്ക് കാരണമാവുന്ന കീടത്തിനെതിരെ പ്രയോഗിച്ച കീടനാശിനിയെ അതിജീവിക്കാന്‍ കീടങ്ങള്‍ക്ക് കഴിഞ്ഞതോടെ എന്‍ഡോസള്‍ഫാന്‍ പോലുള്ള കൂടുതല്‍ ശക്തിയേറിയ കീടനാശിനികള്‍ പിന്നീട് പ്രയോഗിക്കേണ്ടിവന്നു.

സര്‍പ്പസദൃശമായ ഇത്തരം ദുരനുഭവങ്ങള്‍ നമുക്ക് മുന്നില്‍ പത്തിവിടര്‍ത്തി നില്‍ക്കുമ്പോഴാണ് മറ്റൊരു പരീക്ഷണത്തിനായി നമ്മുടെ വയലുകള്‍ മലര്‍ക്കെ തുറന്നിട്ടുകൊടുക്കുന്നത്. ബിടി വിത്തുകള്‍ക്കൊപ്പം വയലുകളില്‍ നിറഞ്ഞുവളരുന്ന പുതിയ ഇനം കളകളെ എങ്ങനെ നശിപ്പിക്കണമെന്നത് വിദര്‍ഭയെ
സംബന്ധിച്ചിടത്തോളം പുതിയ വെല്ലുവിളിയാണ്. പരമ്പരാഗതമായി ഉപയോഗിച്ച നാടന്‍ വിത്തുകളിലേക്കും ജൈവവളങ്ങളിലേക്കും ഒരിക്കലും തിരിച്ചുപോകാന്‍ കഴിയാത്തവിധം മണ്ണും പരിസ്ഥിതിയും മാറിക്കഴിഞ്ഞു. തോടുകളിലെ വെള്ളത്തില്‍ കീടനാശിനിയുടെ അളവ് വര്‍ധിച്ചതോടെ മത്സ്യങ്ങളും
ചത്തൊടുങ്ങുകയാണ്. വയലുകളില്‍ മുമ്പ് ആരവം തീര്‍ത്തിരുന്ന തത്തകളും കുരുവികളും കാക്കകളും മറ്റ് പക്ഷികളുമൊക്കെ ഈ പ്രദേശമുപേക്ഷിച്ചുപോയിട്ട് വര്‍ഷങ്ങളായി. പരുത്തിച്ചെടികളിലെ പരീക്ഷണം മനുഷ്യശരീരത്തെ പരോക്ഷമായി മാത്രമേ ആക്രമിക്കൂ. എന്നാല്‍, ബിടി പച്ചക്കറികളുടെയും ബിടി
പഴങ്ങളുടെയും പ്രഹരശേഷി പ്രവചനാതീതമാവും. കോര്‍പറേറ്റുകളുടെ ഈ ജൈവായുധ പ്രയോഗം കോടിക്കണക്കിന് ജനങ്ങളെ മാറാരോഗികളാക്കാനും കര്‍ഷകരെയും കാര്‍ഷികസംസ്കാരത്തെയും ഉന്മൂലനം ചെയ്യാനുമാണെന്നതിന് വിദര്‍ഭതന്നെ തെളിവ്.
http://workersforum.blogspot.com/2009/10/blog-post_27.html

ജനതികവിളകൾ വിപുലമായ ശാസ്ത്രസാങ്കേതിക മേഖലയാണ്. അവ ഇന്ത്യയിലും സർക്കാർ അടിസ്ഥാനത്തിലും മറ്റും പരീക്ഷിച്ചു തുടങ്ങണമെന്നാണ് എസ്.ആർ.പിയുടെ വാദം. എന്നാൽ അതേ സമയം സർക്കാർ അടിസ്ഥാനത്തിൽ തുടങ്ങിയതുകൊണ്ട് മാത്രം ഇതിനൊരു പരിഹാരമാവുമോ? അതാതു സർക്കാരുകൾ അപ്പോഴത്തെ ഭരണക്രമങ്ങൾക്കനുസരിച്ച് പല തെറ്റായ ധാരണകളും ജനങ്ങളിലേക്ക് എത്തിക്കാറുണ്ട് എന്നതിന്റെ ഒന്നാം ദൃഷ്ടന്തമാണ് ലെസങ്കോയിസം എന്നറിയപ്പെടുന്നത്. സ്റ്റാലിന്റെ ഭരണകാലത്ത് കാർഷിക മേഖലയിൽ നടത്തിയ ശാസ്ത്ര സത്യങ്ങളെ ഇഷ്ടാനുസരണം വളച്ചൊടിക്കപ്പെടുകയാണ് ചെയ്തത്. http://en.wikipedia.org/wiki/Lysenkoism

ഇന്ത്യയിൽ ബിടി വിളകൾ ഇറക്കാന്‍ ആലോചനകൾ ആരംഭിച്ച കാലം മുതൽക്ക് തന്നെ ഇടത്‌-വലത് പക്ഷഭേദമെന്യേ അവയോടുള്ള എതിര്‍പ്പ് രൂക്ഷമായിരുന്നു. മൊസാന്റോ കമ്പനിയുടെ ബിടി പരുത്തി പരീക്ഷിച്ച ഗുജറാത്തില ചിലയിടങ്ങളില്‍ Pink Bollworm എന്ന കീടം ബിടിയെ അതിജീവിക്കാനുള്ള കഴിവ്‌ കൈവരിച്ചു. ലോകത്ത്‌ ആദ്യമായി മോണ്‍സാന്റോ ബിടിക്ക്‌ തിരിച്ചടി സംഭവിച്ച്ചതായി കമ്പനി സ്ഥിരീകരിച്ചത്‌ ഈ സംഭവത്തോടെയാണ്. ഇതു കൂടാതെ പ്രധാന കീടങ്ങളുടെ ശല്യം കുറയുന്നു എങ്കിലും മറ്റ്‌ കീടങ്ങളുടെ ശല്യം വര്‍ദ്ധിച് വരുന്നതായി ഏഴു വര്‍ഷങ്ങള്‍ തുടര്‍ച്ചയായി കൃഷി ചെയ്ത ചൈനയിലും ഇന്ത്യയിലെ ചില പ്രദേശങ്ങളിലും കണ്ടെത്തി.

2009ല്‍ കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയതിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ജനറ്റിക് എഞ്ചിനീയറിംഗ് അപ്രൂവല്‍ കമ്മിറ്റി (GEAC) വാണിജ്യാടിസ്ഥാനത്തില്‍ ബിടി വഴുതനങ്ങ ഉല്പാദിപ്പിക്കാന്‍ അനുമതി നല്‍കിയതോടെ കാര്യങ്ങള്‍ പുതിയ വഴിത്തിരിവിലെത്തി. മോന്സാന്ടോ-മഹികോ എന്ന കമ്പനി രണ്ട് വര്‍ഷമെങ്കിലും എലികളില്‍ നടത്തേണ്ട പഠനം മൂന്ന്‍ മാസം കൊണ്ട് തീര്‍ക്കുകയും നിര്‍ണ്ണായകമായ പല മാനദണ്ഡങ്ങളും കാറ്റിറില്‍ പറത്തുകയും ചെയ്ത നല്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയാണ് GEAC അപ്രൂവല്‍ നല്‍കിയത്‌ എന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഭാരതത്തിന്റെ ജൈവവൈവിധ്യത്ത്തിനും ഭക്ഷ്യസുരക്ഷയ്ക്കും കാര്യമായ ഭീഷണി ഉയര്‍ത്തുന്ന അനിയന്ത്രിതവും ആധികാരിക പഠനങ്ങള്‍ക്ക് വിധേയമാക്കാതതതുമായ നിലവിലെ രീതിയില്‍ ഉള്ള ബി ടി വിളകളുടെ വാണിജ്യവല്‍ക്കരണത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരേണ്ടതുണ്ട്.

അമേരിക്കൻ നയങ്ങൾക്ക് പൊതുവെ എതിരഭിപ്രായം ഉയരാത്ത യൂറോപ്യൻ യൂണിയനിൽ പോലും ജനിതകമാറ്റം വഴിയുള്ള ഉല്പ്പന്നങ്ങൾക്ക് കടുത്ത എതിർപ്പിനേയും കർക്കശമായ നിയന്ത്രണങ്ങളേയും നേരിടേണ്ടി വരുന്നു.മോൺസാന്റോയ്ക്ക് വേണ്ടി അമേരിക്കൻ സർക്കാരിന്റെ ലോബിയിങ്ങ് പരസ്യമായ രഹസ്യമാണു. ഫ്രാൻസിൽ മോൺസാന്റോയുടെ ജനിതകമാറ്റം വരുത്തിയ ചോളം നിരോധിക്കാനുള്ള നീക്കം നടക്കുന്നതിനിടയിൽ ഫ്രൻസിലെ യു എസ് എംബസി 'യൂറോപ്യൻ യൂണിയനു വേദനാജനകമായ ഒരു തിരിച്ചടി നൽകണം' എന്ന് ഡിപ്ലോമാറ്റിക് കേബിൾ അയച്ചത് വിക്കിലീക്സ് ഈയിടെ പുറത്ത് വിട്ടിരുന്നു. ഈ അവസരത്തിൽ ഇന്ത്യൻ സർക്കാരിന്റെ എടുത്ത് ചാടിയുള്ള അപ്രൂവലുകളും വ്യക്തമായ പഠനങ്ങൾ നടത്താതെയുള്ള പരീക്ഷണങ്ങളും പരിശോധിയ്ക്കപ്പെടേണ്ടതുണ്ട്.. ജനിതക വ്യതികരണം വരുത്തിയ വിളകളുടെ പ്രചാരണത്തിനും അവയെ എതിര്‍ക്കുന്ന യൂറോപ്യന്‍ രാജ്യങ്ങളെ ഒറ്റപ്പെടുത്താനുമായി അമേരിക്ക വ്യാപാരയുദ്ധത്തിനു തന്നെ പദ്ധതിയിട്ടതായി വിക്കിലീക്‌സ് രേഖകള്‍ വെളിപ്പെടുത്തുന്നു. ജി.എം. വിളകളോടുള്ള എതിര്‍പ്പുനീക്കാന്‍ അമേരിക്ക ലോകവ്യാപകമായി നടത്തിയ സമ്മര്‍ദതന്ത്രങ്ങളുടെ വിവരങ്ങളും രേഖകളിലുണ്ട്. - മാതൃഭൂമി

ഇന്ത്യലിന്നു ലഭിക്കുന്ന ധാന്യങ്ങളും പച്ചക്കറളും എവിടുന്നു വരുന്നു എന്നോ എത്രയധികം കീടനാശിനികൾ ഉപയോഗിച്ചിട്ടുണ്ട് എന്നോ അതു വാങ്ങിക്കാൻ വരുന്ന ഒരു സാധാരണക്കാരൻ എങ്ങിനെ അറിയും? ഭക്ഷ്യപയോഗ്യമായ മിക്കതിനും ഇന്ത്യയിൽ ഫുഡ് ലേബലുകളില്ല എന്ന സത്യമാണ് ഇവിടെ പല്ലിളിക്കുന്നത്. സർക്കാർ വക വിത്തുല്പാദനം നടന്നാലും ഇതു ജനതികഭക്ഷണമാണെന്ന് നമ്മെ ബോധിപ്പിക്കാനുള്ള കടമ സർക്കാരിനും കമ്പനികൾക്കും ഉണ്ട്. അതു അറിഞ്ഞ് വാങ്ങിക്കുന്നന്ന്വർ സ്വന്തം ഇഷ്ടപ്രകാരം ഒരു തീരുമാനത്തിലെത്തണം. എന്നാൽ അമേരികയിൽ പോലും ഈ ലേബലിങ്ങ് പൂർണ്ണമായി സമ്മതിക്കുന്നില്ല എന്നത് നടുക്കുന്ന ഒരു വസ്തുതയാണ്. മാത്രമല്ല മറ്റു രാജ്യങ്ങളിലും ഈ ലേബലിങ്ങ് പാടില്ല എന്നും മറ്റും അമേരിക്ക നിർബന്ധമാക്കുന്നത് എന്തുകൊണ്ട്? മേഡ് ഇൻ ഇന്ത്യ, മേഡ് ഇൻ ചൈന എന്നെല്ലാം ഒരു ചെരുപ്പ് വാങ്ങിച്ചാൽ പോലും ലേബലിൽ വരുന്നതു എന്തുകൊണ്ട് ഏറ്റവും പ്രധാനമായ ഭക്ഷണത്തിലുൾപ്പെടുത്താൻ വിസ്സമതിക്കുന്നു? ലിബേർട്ടി ലിങ്ക് വിവാദത്തിൽ കന്നുകാലികൾക്ക് വേണ്ടി ഉല്പാദിപ്പിച്ച് അരി മനുഷ്യരുടെ ഉപയോഗത്തിനുള്ളതിലായി കൂട്ടികുഴക്കപ്പെട്ടു എന്നും ഓർക്കേണ്ട വസ്തുതയാണ്.

കുറച്ച് വർഷങ്ങൾ മുൻപ് വരെ വിത്തുകൾ കൊമ്മോഡിറ്റിയായി കണ്ടുവന്നിരുന്നില്ല. എന്തിനേയും വാണിജ്യവൽക്കരിക്കാനുള്ള ക്യാപറ്റിലിസറ്റ് മാനിഫെസ്റ്റോയിൽ വിത്തുകളും കടന്നു കൂടിയത് അമേരിക്കയിലെ 1980‘കളിലെ ഡയമണ്ട് വി.എസ് ചക്രബർത്തി കേസിലെ സുപ്രീം കോടതി വിധിയോടെയാണ്. പിന്നീടങ്ങോട്ട് വിത്തുകളിൽ നടന്ന മാറ്റങ്ങൾ അഭൂതപൂർവ്വമാണ്. അതിന്റെ തുടർച്ചയായാണ് ജനതിക വിത്തുകളുടെ ഉല്പാദനം.

ഇന്ത്യയിന്നു ജനിത്കവിത്തുകൾക്ക് വേട്ണിയുള്ള ക്യാമ്പേയിന്റെ പ്രധാന ടാർഗെറ്റ് ആയി മാറിയിരിക്കുന്നു (Lopez Villar et al.,2007). പ്രത്യേകിച്ച് വിദർഭ പോലെയിടങ്ങളിൽ ബി.റ്റി കോട്ടൺ കൃഷി സ്റ്റാമ്പിടിന്റെ രൂപത്തിലാണ് അവിടെ പ്രായോഗികമാക്കിയിരിക്കുന്നത്.(Stone,2007), അതു മൂലം കർഷകർ കടക്കണിയിൽ പെട്ട് കൂട്ട ആത്മഹത്യ ചെയ്യുന്ന കാഴ്ചയാണ് കണ്ടതു (Stone, 2002; Chaudhary, 2007).

പരീക്ഷണാടിസ്ഥാനത്തിലും മറ്റും വേണ്ടത്ര മുന്‍കരുതലുകള്‍ ഇല്ലാതെ ബിടി സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത് ഒരു കാരണവശാലും അനുവദിക്കാന്‍ കഴിയില്ല. ഇതല്ല നിലപാട് എങ്കില്‍ പ്രഖ്യാപിത നിലപാടുകളില്‍ നിന്നു സിപിഎം മാറുന്നു എന്ന വേണം കരുതാന്‍. മറിച്ച് ബിടി സാങ്കേതികവിദ്യ വികസിപ്പിക്കുന്നതില്‍ സിപിഎമ്മിന് എതിര്‍പ്പില്ല എന്നാണെങ്കില്‍ ഒരു ചലനവും ഉണ്ടാക്കാന്‍ കഴിയാത്ത ഇത്തരം ഒരു പ്രസ്താവന പബ്ലിക്കായി പറയുന്നത് കൊണ്ട് ബിടിക്കെതിരെ ശബ്ദിക്കുന്ന പക്ഷത്തിനെ ദുര്‍ബലപ്പെടുത്താനെ ഉപകരിക്കൂ.

സർക്കാർ സംരംഭങ്ങളിലൂടെ ജനിതകമാറ്റത്തിനെ ഇന്ത്യയിൽ തന്നെ പ്രോൽസാഹിപ്പിയ്ക്കാം എന്നുള്ള നിലപാട് പ്രത്യക്ഷത്തിൽ നല്ലത് എന്ന് തോന്നും. വളരെയേറെ ഗവേഷണവും നിക്ഷേപവും ആവശ്യമായ ഒന്നാണു ജി എം ശാസ്ത്രശാഖ. നിലവിൽ എസ്റ്റാബ്ലിഷ്ഡ് ആയ കമ്പനികളെ പാടെ മാറ്റി നിർത്തി ഒന്നിൽ നിന്ന് ഗവേഷണവും പരീക്ഷണവും തുടങ്ങാൻ ഒരു സർക്കാറിനും കഴിയും എന്ന് തോന്നുന്നില്ല. ഇനി സർക്കാർ പങ്കാളിത്തത്തോടെ എന്നാണു ഉദ്ദേശിക്കുന്നതെങ്കിൽ എൻഡോസൾഫാൻ പോലെയുള്ള സമകാലിക സംഭവങ്ങളുടെ വെളിച്ചത്തിൽ നേരിട്ട് സ്വകാര്യകമ്പനികൾക്ക് പ്രവർത്തനാനുമതി നൽകുന്നതിൽ നിന്ന് ഒട്ട് വ്യത്യസ്തമാവും ഫലം എന്ന് കരുതാൻ വയ്യ. സർക്കാർ പങ്കാളിത്തത്തോടെയുള്ള പരിപാടികളെ നിയന്ത്രിക്കുക എന്നത് പലപ്പോഴും സ്വകാര്യ നിക്ഷേപകരെ നിയന്ത്രിക്കുന്നതിനേക്കാൾ ബുദ്ധിമുട്ടായാണു ഇന്ത്യൻ സാഹചര്യങ്ങളിൽ കണ്ട് വരുന്നത്.


ജനിതകഭക്ഷണത്തെക്കുറിച്ച് ജേർണൽ ഓഫ് മെഡിസിനൽ ഫുഡിൽ ഡേവിഡ് ഷുബേർട്ട് (കാലിഫോർണിയയിലെ സോക്ക് ഇൻസ്റ്റിറ്റ്യൂട്റ്റി, സെല്ലുലാർ ന്യൂറോബയോളജി ലാബിന്റെ തലവൻ) 2008ലെ ലേഖനത്തിൽ എഴുതിയത് ഇപ്രകാരമാണ് : ഭക്ഷ്യസുരക്ഷ്യെക്കുറിച്ചുള്ള പഠനങ്ങളിൽ പരമ്പരാഗതമായ വിളകളും ജനതിക വിളകളും തമ്മിലുള്ള ഒരു താരതമ്യ പഠനങ്ങൾ ഇതുവരേയും ഉണ്ടായിട്ടില്ല്ല. അതുകൊണ്ട് തന്നെ ജനതിക വിളകൾ ‘അസുഖങ്ങൾ വരുത്തില്ല’ എന്നു അടച്ച് പറയുന്നതിനോട് യോജിക്കാനാവുന്നില്ല എന്നു മാത്രമല്ല അതു തെറ്റിദ്ധാരണാജനകവും യുക്തിസഹമല്ലാത്തതുമാണ്. ശരിയായ എപിഡെമോളജിക്കൽ പഠനങ്ങളില്ലാതെ ഇതിന്റെ ദൂഷ്യഫലങ്ങൾ പൂർണ്ണമായും കണ്ടുപിടിക്കാൻ സാധിക്കില്ല. ഇതുവരേയും അങ്ങിനെയുള്ള പഠനങ്ങൾ നടന്നിട്ടുമില്ല.

ജനിതക വിത്തുകൾ പട്ടിണി മാറ്റണമെങ്കിൽ അവയുടെ ഉല്പാദനക്ഷമതയോടൊപ്പം അവ സാധുക്കൾക്ക് എത്തണം. ഭക്ഷ്യധാന്യങ്ങളുടെ കുറവ് മൂലമല്ല മറിച്ച് അത് രാഷ്റ്റ്രീയമായും നയനന്ത്രപരമായുമുള്ള ഊരാക്കുടുക്കുകളിൽ പെട്ട് എത്തപെടേണ്ട സ്ഥലങ്ങളിൽ എത്താത്തു മൂലമാണ് ഇന്നും ഭൂരിഭാഗം രാജ്യങ്ങളിലും പട്ടിണി കൊടുമ്പരി കൊള്ളുന്നത് എന്ന് നമുക്ക് അറിയാതെ പോവുന്നത് എങ്ങിനെ?

Friday, October 29, 2010

കശ്മീർ: സത്യവും മിഥ്യയും

ലേഹ് വെള്ളപ്പൊക്കത്തെ പറ്റി CNNൽ വന്ന വാർത്തയാണിത്: Death toll from Kashmir flooding rises to 112
തിരുത്ത്: ലേഹ് കശ്മീരിൽ അല്ല. കശ്മീരിൽ വെള്ളപ്പൊക്കമില്ല.
വൈഷ്ണോദേവി തീർത്ഥാടന സംഘം പറയുന്നു. "ഞങ്ങൾ കശ്മീരിൽ പോയിരുന്നു. അവിടം തികച്ചും ശാന്തമാണു.
തിരുത്ത്: വൈഷ്ണോദേവി ജമ്മുവിലാണു. ജമ്മുവിൽ ജിഹാദില്ല.
ടെക്സസ് യൂണിവേഴ്സിറ്റിയുടെ വെബ്സൈറ്റിലെ ഈ ലേഖനം 1999 war in Kargil, Kashmir നെ പറ്റിയാണു.
തിരുത്ത്: കാർഗിൽ കശ്മീരിൽ അല്ല. അത് ലഥാക്കിലാണു.

ഇന്ത്യയുടെ മറ്റ് ഭാഗത്തു നിന്നുള്ളവർക്ക് കശ്മീരിനേയും കശ്മീരികളേയും പറ്റി ശരിയായ ധാരണ ഇല്ല എന്നുള്ളത് കശ്മീരികളുടെ ഒരു സ്ഥിരം പരാതിയാണു. ഒരു കണക്കിനു അത് ശരിയുമാണു. J&K സംസ്ഥാനം എന്നുള്ളതിനു പൊതുവെ കശ്മീർ എന്ന് പറയാറുണ്ട്. പലരും അങ്ങനെ തന്നെ ധരിച്ചിട്ടുമുണ്ട്. ഇത് തെറ്റായ ഒരു വസ്തുതയാണു കാരണം കശ്മീർ ആ സംസ്ഥാനത്തിന്റെ വളരെ ചെറിയ ഒരു ഭാഗം മാത്രമാണു. കൃത്യമായി പറഞ്ഞാൽ 6.98%. 'കശ്മീർ മുതൽ കന്യാകുമാരി വരെ നീണ്ട് കിടക്കുന്ന ഇന്ത്യ' എന്ന പ്രയോഗവും വസ്തുതാപരമായി തെറ്റാണു. കാരണം ഇന്ത്യയുടെ വടക്കെ അറ്റം കശ്മീരല്ല ലഡാക്ക് ആണു. ഇനി ഔദ്യോഗികമായ ഭൂപടം അനുസരിച്ചാണെങ്കിൽ പാക് അധീന കശ്മീരിലെ ഗിൽജിറ്റും അക്സായ് ചിന്നുമാണു ഇന്ത്യയുടെ വടക്കെ അറ്റം. പക്ഷെ ഈ പ്രദേശങ്ങളൊന്നും തന്നെ കശ്മീരിന്റെ ഭാഗം അല്ല. കശ്മീർ എന്ന് പറയുന്നത് ഇന്ത്യയുടെ വടക്ക് ഭാഗത്തിന്റെ തെക്കേ അറ്റത്താണു.

അത് കൊണ്ട് തന്നെ ഭൂമിശാസ്ത്രപരമായി ഇന്ത്യയോട് വളരെ ചേർന്ന് കിടക്കുന്ന ഭാഗമാണു. പാകിസ്താന്റെ കൈവശമുള്ള പാക് അധീന കശ്മീർ എന്നറിയപ്പെടുന്ന ഭാഗം പോലും കശ്മീരിനോട് ചേർന്നല്ല കിടക്കുന്നത്. കശ്മീരിൽ ഇപ്പോൾ നിലനിൽക്കുന്ന സംഘർഷത്തിന്റെ വെളിച്ചത്തിൽ ഇതിനെ പറ്റി കൂടുതൽ വിശദമായി പറയേണ്ടതുണ്ട്.

കശ്മീരിന്റെ യഥാർത്ഥത്തിൽ ഉള്ള അതിർത്തിയും വലിപ്പവും അവ്യക്തമായി നിലനിർത്തുന്നതിനു ഈ പ്രശ്നത്തിൽ പങ്കുള്ള ചില തല്പരകക്ഷികൾ എന്നും ശ്രമിച്ച് വന്നിട്ടുള്ളതാണു. മിക്ക ആളുകളോടും ഭൂപടത്തിൽ കശ്മീർ കാണിച്ച് തരാൻ പറഞ്ഞാൽ ഇന്ത്യയുടെ 'തല' പോലെയുള്ള ഭാഗം ചൂണ്ടിക്കാണിക്കും. എന്നാൽ സത്യത്തിൽ കശ്മീർ എന്താണെന്നും എവിടെയാണു എന്നും താഴെ ഉള്ള ചിത്രം ശ്രദ്ധിച്ചാൽ മനസ്സിലാവും.












മുകളിൽ കാണിച്ചിരിക്കുന്ന ഇന്ത്യയുടെ ഔദ്യോഗിക ഭൂപടത്തിൽ മുഴുവൻ ജമ്മു & കശ്മീർ കാണിച്ചിരിക്കുന്നു. അതിൽ കശ്മീരിന്റെ ഏകദേശ അതിർത്തി ചുവന്ന നിറത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത് ശ്രദ്ധിയ്ക്കുക. നിഷ്പക്ഷമായ ഒരു കാഴ്ച്ചപ്പാടിൽ നിന്ന് നോക്കുകയാണെങ്കിൽ താഴെകൊടുത്തിരിക്കുന്ന വിക്കിപീഡിയയിൽ നിന്നുള്ള ചിത്രത്തിൽ കശ്മീർ താഴ്വര കാണിച്ചിരിക്കുന്നത് കാണുക.








ഇനി കശ്മീരും ജമ്മു & കശ്മീരും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് നോക്കാം. കശ്മീർ തർക്കം നിലനിൽക്കുന്ന പ്രദേശമാണു എന്നാൽ ജമ്മു & കശ്മീർ അങ്ങനെയല്ല എന്നുള്ളത് തന്നെയാണു പ്രധാന വ്യത്യാസം.കശ്മീർ മുസ്ലിം ഭൂരിപക്ഷം ഉള്ള പ്രദേശമാണു എന്നാൽ സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിൽ അങ്ങനെയല്ല. കശ്മീർ വിഘടനവാദം ഉന്നയിക്കുമ്പോൾ സംസ്ഥാനത്തിന്റെ ബാക്കി ഭാഗങ്ങൾ ഇന്ത്യയോടൊപ്പം നിൽക്കാൻ ആഗ്രഹിക്കുന്നു. കശ്മീരാകട്ടെ സംസ്ഥാനത്തിന്റെ ചെറിയ ഒരു ഭാഗം മാത്രവുമാണു. കണക്കുകൾ നോക്കാം.

Area of Kashmir: 15,520.3 sq km (Wikipedia)

Area of J&K under Indian Control: ~101,400 sq km (Forest Survey Website)

Total Area of Undivided J&K: 222,236 sq km (Wikipedia)

അപ്പോൾ കശ്മീർ എന്ന പ്രദേശം അവിഭക്ത സംസ്ഥാനത്തിന്റെ 7 ശതമാനവും ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള പ്രദേശത്തിന്റെ ഏകദേശം 15 ശതമാനവും ആണു എന്ന് കാണാം.

BBCയിൽ നിന്നുള്ള ചിത്രം താഴെ.












കശ്മീരിന്റെ നിർവചനം എന്താണു? കശ്മീരി ഭാഷയിൽ താഴ്വരയ്ക്ക് പുറത്ത് നിന്ന് വരുന്ന എല്ലാറ്റിനേയും 'നെബാർ' എന്നാണു വിളിക്കുന്നത്. വിദേശി/പുറത്ത് നിന്ന് വന്നത് എന്ന അർത്ഥത്തിൽ. സംസ്ഥാനത്തിന്റെ ജമ്മു, ലഥാക്ക്, കശ്മീർ എന്നീ ഭാഗങ്ങളിൽ ഒന്ന് മാത്രമാണു കശ്മീർ. അനന്ത്നാഗ്, ബാരമുള്ള, ശ്രീനഗർ എന്നീ ജില്ലകൾ കൂടിച്ചേർന്ന ഭാഗം. (ശ്രീനഗറിനെ ഈ അടുത്ത കാലത്ത് 10 ചെറു ജില്ലകളായി തിരിച്ചിട്ടുണ്ട്). ഇവിടെ കശ്മീരികൾ എന്ന ജനവിഭാഗം താമസിക്കുകയും കശ്മീരി ഭാഷ സംസാരിക്കുകയും ചെയ്യുന്ന ഈ ചെറു പ്രദേശമാണു 63 വർഷങ്ങളായി സംസ്ഥാനരാഷ്ട്റീയത്തിൽ മേധാവിത്തം പുലർത്തുന്നത്.

എന്ത് കൊണ്ടാണു കശ്മീരും ജമ്മു & കശ്മീരും തമ്മിലുള്ള ഈ വ്യത്യാസം അവ്യക്തമാക്കപ്പെടുന്നതും ഈ വേർതിരിവ് എടുത്ത് കാണിക്കേണ്ടത് പ്രാധാന്യമർഹിക്കുന്ന സംഗതിയാവുന്നതും? ഈ ചെറിയ മുസ്ലിം ഭൂരിപക്ഷ പ്രദേശം മുഴുവൻ സംസ്ഥാനത്തെയും സ്തംഭിപ്പിക്കുകയും ഇന്ത്യ എന്ന രാജ്യത്തിനു തന്നെ തലവേദന സൃഷ്ടിക്കുകയും ചെയ്യുന്നു. സംസ്ഥാനത്തിന്റെ 7% വരുന്ന ഈ മുസ്ലിം ഭൂരിപക്ഷ പ്രദേശം മതേതര ഇന്ത്യയുടെ ഭാഗമാവാൻ ആഗ്രഹിക്കുന്നില്ല. സംസ്ഥാനത്തിന്റെ തെക്ക് ഭാഗത്ത് കിടക്കുന്ന ജമ്മുവിൽ ഭൂരിപക്ഷം ജനങ്ങൾ അയൽ സംസ്ഥാനങ്ങളായ പഞ്ചാബിനോടും ഹിമാചൽ പ്രദേശിനോടും സാംസ്കാരികമായി സാമ്യം പുലർത്തുന്ന ഹിന്ദുക്കളും വടക്ക് ഭാഗത്തെ ലഥാക്കിൽ ടിബറ്റ് സംസ്കാരവുമായി സാമ്യം പുലർത്തുന്ന ബുദ്ധമതവിശ്വാസികളുമാണു. ഇരു കൂട്ടർക്കും ഇന്ത്യയുടെ ഭാഗമായിരിക്കുന്നതിൽ യാതൊരുവിധ പ്രശ്നങ്ങളുമില്ല. മുസ്ലിം ഭൂരിപക്ഷപ്രദേശമായ (97%) കശ്മീരിനു മാത്രമാണു ഇന്ത്യയുടെ ഭാഗമാവുന്നതിൽ എതിർപ്പ്. ഇവിടത്തെ ന്യൂനപക്ഷമായ മറ്റ് മതവിശ്വാസികളുടെ എണ്ണം നൂറ്റാണ്ടൂകളും പതിറ്റാണ്ടുകളും കടന്ന് പോയതിനൊപ്പം നടന്ന നിരവധി പലായനങ്ങൾക്കും മതപരിവർത്തനങ്ങൾക്കുമൊപ്പം കുറഞ്ഞ് വന്ന് കൊണ്ടിരുന്നു. ഈ ചെറിയ ഭൂപ്രദേശമാണു ഏഷ്യയിലെ തീപ്പൊരി കാത്തുകിടക്കുന്ന വെടിമരുന്നുപുര എന്ന് പേരു നേടിയ വെടിയൊച്ച നിലയ്ക്കാത്ത കശ്മീർ. ഭൂമിയിലെ സ്വർഗ്ഗം എന്ന് അറിയപ്പെട്ടിരുന്ന ഈ കശ്മീർ പിന്നീട് ഇസ്ലാമിക വിഘടനവാദത്തിന്റെ തീയിൽ നിന്ന് കത്തി. ജമ്മു & കശ്മീർ എന്ന സംസ്ഥാനത്തിലെ ജനങ്ങൾ അല്ല കശ്മീർ പ്രദേശത്തെ ജനങ്ങൾ ആണു 'ആസാദി'യ്ക്ക് വേണ്ടി മുറവിളി കൂട്ടുന്നത് എന്ന് എടുത്ത് പറയേണ്ട ഒരു സംഗതി ആവുന്നത് ഈ അവസരത്തിൽ ആണു. ഇന്ത്യ എന്ന രാജ്യത്തിലെ സംസ്കാരിക വൈവിധ്യവുമായി ചേർന്ന് നിൽക്കുന്നതാണു ജമ്മു & കശ്മീർ എന്ന സംസ്ഥാനത്തെ ജനങ്ങളുടെ വവിധ്യവും പക്ഷെ പച്ചക്കൊടി വീശി തെരുവിൽ കല്ലേറ് നടത്തുന്ന വിഘടനവാദികൾക്ക് ഇതേ വൈവിധ്യം കല്ലുകടിയാണു. അത് കൊണ്ട് തന്നെ അവർ ഒരിക്കലും അതിനെ അംഗീകരിക്കുകയുമില്ല.

ഭരണത്തിൽ മാറി മാറി വന്ന രാഷ്ട്രീയ പാർട്ടികൾക്ക് ഇങ്ങനെ ഏച്ച്കൂട്ടിയ രീതിയിൽ തന്നെ സംസ്ഥാനത്തിനെ നിലനിർത്തുകയല്ലാതെ മറ്റ് വഴികൾ ഉണ്ടായിരുന്നില്ല. ജമ്മുവിനും കശ്മീരിനും ലഥാക്കിനും പൊതുവായി എടുത്ത് കാണിക്കാൻ ഒന്നുമില്ലാത്തവിധം തമ്മിൽ അന്തരമുണ്ട്. ഓരോ പ്രദേശത്തിനും അവരുടേതായ ജനവിഭാഗങ്ങളും ഭൂപ്രകൃതിയും കാലാവസ്ഥയും ഭാഷയും സംസ്കാരവുമുണ്ട്. ചുറ്റുവട്ടത്തുള്ള മറ്റ് സംസ്ഥാനങ്ങൾക്കൊന്നും ഇത്രയും വൈവിധ്യം എടുത്ത് കാണിക്കാനില്ല. 1950കളിൽ ഭാഷയുടെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ സംസ്ഥാനങ്ങളെ വിഭജിച്ചപ്പോഴും 'സ്പെഷ്യൽ സ്റ്റാറ്റസ്' കാരണം ജമ്മു & കാശ്മീർ ഇതേ പടി നിലനിർത്തുകയാൺ ഉണ്ടായത്. ജമ്മുവും ലഥാക്കും ചേർന്ന് ഇന്ത്യയുടെ മറ്റ് ഭാഗങ്ങളും കശ്മീരുമായുള്ള ബന്ധം ഉറപ്പിയ്ക്കും എന്നുള്ള കണക്ക്കൂട്ടലും ഇതിനു പിന്നിൽ ഉണ്ടായിരുന്നു. ഈ രണ്ട് പ്രദേശങ്ങളെ കശ്മീരുമായി വേർപെടുത്തുന്നത് ഇന്ത്യയിൽ നിന്ന് കശ്മീർ കൂടുതൽ അകലാൻ ഇടയാക്കും എന്നും ഇന്ത്യ കരുതി.

എന്നാൽ പാകിസ്താൻ ജമ്മു & കശ്മീരിനെ ഒന്നായി കണക്കാക്കിയത് മറ്റൊരു ഉദ്ദേശത്തോടെയായിരുന്നു. മുഴുവൻ സംസ്ഥാനവും തങ്ങളുടേതാണു എന്ന് സ്ഥാപിയ്ക്കാനും എങ്ങാനും ഒരു ഒത്ത് തീർപ്പുണ്ടാവുകയാണെങ്കിൽ കശ്മീരിനു പകരം മറ്റ് പ്രദേശങ്ങൾ എന്ന വാദം ഉന്നയിക്കാനും വേണ്ടിയായിരുന്നു അത്. ഇത് കൊണ്ട് തന്നെയാവണം 'ആസാദോ' ജമ്മുവോ കശ്മീരോ അല്ലാതിരുന്നിട്ടും പാകിസ്താൻ കൈവശപ്പെടുത്തിയ പ്രദേശത്തിനെ ആസാദ് ജമ്മു & കശ്മീർ എന്ന് വിളിച്ചത്. പാക് അധിനിവേശ കശ്മീരിലെ പ്രധാന ഭാഷകൾ പഹാരി, മിർപുരി, ഗോജ്രി, ഹിന്ദ്കോ, പഞ്ചാബി, പഷ്തു എന്നിവയാണു (അവലംബം: വിക്കീപീഡിയ). ഇവയിലൊന്നു പോലും കശ്മീരി ഭാഷയുമായി സാമ്യം ഉള്ളവയല്ല. പാക് അധിനിവേശ കശ്മീരിലെ ജനങ്ങൾ ഇന്ത്യൻ കശ്മീരികളിൽ നിന്ന് വ്യത്യസ്തരായ ജനവിഭാഗങ്ങളാണു. അത് കൊണ്ട് തന്നെ LoC (Line of Control) കശ്മീരി കുടുംബങ്ങളെ വെട്ടിമുറിച്ചു എന്ന വാദം വസ്തുതകൾക്ക് നിരക്കാത്തതാവുന്നു.

പക്ഷെ വിഘടനവാദികൾ കശ്മീർ പ്രദേശത്തെ പ്രശ്നം ഉന്നയിക്കുമ്പോഴും എന്ത് കൊണ്ട് മുഴുവൻ ജമ്മു & കശ്മീറിനെ പറ്റി സംസാരിക്കുന്നു? ഇന്ത്യൻ ഭരണത്തിനെതിരായി കശ്മീരി മുസ്ലിമുകൾ നിരത്തുന്ന വാദങ്ങൾ അവർ പ്രത്യേക ജനവിഭാഗമാണെന്നും വ്യത്യസ്ത മതവിഭാഗക്കാരാണെന്നുമാണു. മിക്ക വിഘടനവാദികളും ഇന്ത്യക്കാരായി അറിയപ്പെടാൻ ആഗ്രഹിക്കുന്നില്ല. പക്ഷെ ജമ്മുവിലേയും ലഥാക്കിലേയും ജനങ്ങൾ ഇന്ത്യക്കാരായിരിക്കുവാൻ ആഗ്രഹിക്കുന്നു. കശ്മീരികൾ ജമ്മുവിലെ ഡോഗ്ര രാജാവിന്റെ ഭരണത്തിനു എതിരെ ഉള്ള സമരം ഇന്ത്യൻ ഭരണം വരുന്നതിനും വളരെ മുന്നെ തുടങ്ങിയതാണു. അപ്പോൾ എങ്ങനെയാണു ഡോഗ്ര രാജാവ് പിന്നീട് പിടിച്ചടക്കിയതോ ബ്രിട്ടീഷുകാരിൽ നിന്ന് വാങ്ങിച്ചതോ ആയ ബാക്കി പ്രദേശങ്ങൾക്ക് മേൽ കശ്മീരികൾക്ക് അവകാശം വരുന്നത്? ഡോഗ്ര രാജാവിന്റെ ഭരണത്തിനെതിരെ യുദ്ധം ചെയ്ത് കൊണ്ടിരുന്നവർ രാജാവിന്റെ അനന്തരാവകാശികൾ ആവുന്നതെങ്ങനെ എന്ന ചോദ്യത്തിനു കശ്മീരികൾ മറുപടി പറയേണ്ടതുണ്ട്. ഇനി ഡോഗ്രകൾ ബ്രിട്ടീഷുകാരിൽ നിന്ന് വാങ്ങിയ പ്രദേശങ്ങൾ കണക്കിലെടുത്താൽ തന്നെ അതിൽ ലഥാക്കും ഗിൽജിത്തും ബാൾട്ടിസ്താനും ഉൾപ്പെടുന്നില്ല. കശ്മീരികൾ തുടർന്നും ജമ്മു & കശ്മീർ എന്ന വാദം ഉന്നയിക്കുവാൻ കാരണങ്ങൾ രണ്ടാവാനേ തരമുള്ളൂ. പാകിസ്താൻ ആരും പോകാൻ ആഗ്രഹിക്കാത്ത ഒരു സ്ഥലമായി മാറിക്കഴിഞ്ഞിരിക്കുന്നതിനാൽ പാകിസ്താനുമായി ഇസ്ലാമികമായ കൂടിച്ചേരൽ എന്ന്തിനു പകരം മുഴുവൻ സംസ്ഥാനവും ഉൾപ്പെടുന്ന ഒരു 'സെക്കുലർ ആസാദി' എന്ന ലക്ഷ്യം. അല്ലെങ്കിൽ ഇന്ത്യയുമായി വിലപേശലിനു ഉപയോഗിക്കാൻ ഒരു വാദം.

കശ്മീർ സംസ്ഥാനത്തിന്റെ വളരെ ചെറിയ ഒരു ഭാഗമാണു എന്ന വസ്തുത മനസ്സിൽ വെച്ച് വേണം സ്വാതന്ത്ര്യം എന്ന ഐഡിയയെ സമീപിയ്ക്കാൻ. ജമ്മുവും ലഥാക്കും ഇന്ത്യയുടെ കൂടെ നിൽക്കാൻ ആഗ്രഹിക്കുന്നത് കൊണ്ട് അവർ സ്വതന്ത്ര കശ്മീരിന്റെ ഭാഗം ആകും എന്ന് കരുതാൻ വയ്യ. കശ്മീർ എന്ന 15000 ചതുരശ്ര കിലോമീറ്റർ പ്രദേശം ഒരു സ്വതന്ത്ര രാജ്യമാവുകയാണെങ്കിൽ അത് വത്തിക്കാൻ, ലക്സംബർഗ് എന്നീ രാജ്യങ്ങളേക്കാൾ അല്പം കൂടി വലുതാവും. മൂന്ന് ഭാഗങ്ങളിൽ ഇന്ത്യയും ഒരു ഭാഗത്ത് പാകിസ്താൻ കൈവശപ്പെടുത്തിയ പ്രദേശവും കൊണ്ട് ചുറ്റപ്പെട്ട് എത്ര നാൾ ഇസ്ലാമിക വിഘടനവാദം നൽകിയ 'സ്വാതന്ത്ര്യം' നിലനിൽക്കും, സ്വന്തമായി നിലനിൽക്കാൻ വേണ്ട വിഭവശേഷി ഉണ്ടോ എന്നൊക്കെ കശ്മീരികൾ ചിന്തിയ്ക്കേണ്ടതുണ്ട്. ഇന്ത്യയുമായി വേർപിരിഞ്ഞാൽ സ്വാഭാവികമായും പാകിസ്താനിൽ ലയിക്കുകയാണു അടുത്ത പടി. പാകിസ്താനിൽ 'ആർട്ടിക്കിൾ 370'യുടെ സംരക്ഷണം തുടർന്നും കിട്ടുമോ ഇല്ലെങ്കിൽ പാകിസ്താന്റെ മറ്റു ഭാഗങ്ങളുമായി താരതമ്യം ചെയ്താൽ തങ്ങളുടെ അവസ്ഥ എന്താവും എന്നും ചിന്തിക്കേണ്ടിയിരിക്കുന്നു. പാകിസ്താനെ പോലെ ഒരു failed stateഉമായി ലയിക്കൽ അല്ല ലക്ഷ്യം എങ്കിൽ കശ്മീരികൾ മാറി ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

കശ്മീരികളേക്കാൾ കൂടുതൽ ഇന്ത്യയിലെ മീഡിയയും പൊതുജനങ്ങളും മേൽ പറഞ്ഞ വസ്തുതകൾ മനസ്സിലാക്കേണ്ടതുണ്ട്. കഥയറിയാതെ ആട്ടം കാണുന്ന അവസ്ഥ തല്പരകക്ഷികൾ മുതലെടുപ്പ് നടത്തുന്നതിനു അവസരമൊരുക്കുകയേ ഉള്ളൂ. വസ്തുതകൾ അറിയാതെ സംസാരിക്കുന്നവരേയും വസ്തുതകൾ മറച്ച് പിടിച്ച് സംസാരിക്കുന്നവരേയും ഇന്ത്യയിലെ ജനങ്ങൾ തിരിച്ചറിയേണ്ടതുണ്ട്.

(വിവരങ്ങൾക്കും ചിത്രങ്ങൾക്കും കടപ്പാട്: Mr. Ashok Kaul (http://kaulonline.com/blog/)